കോവിഡില്‍ നട്ടം തിരിയുന്ന ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിട്ട് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും നികുതി കേന്ദ്രം മൂന്നു രൂപാ വീതം വര്‍ദ്ധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില താഴേക്കു കൂപ്പുകുത്തുമ്പോഴാണ് അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് നിഷേധിച്ചുകൊണ്ട് കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 2014–15ല്‍ ക്രൂഡോയില്‍ വിലയില്‍ കുറവുണ്ടായപ്പോള്‍ സ്വീകരിച്ച അതേ നടപടിയാണ് ഇക്കുറിയും സര്‍ക്കാര്‍ ആവര്‍ത്തിച്ചത്. കൊറോണ വൈറസ് ബാധയെ തുടർന്ന് പ്രവർത്തന മേഖലകളെല്ലാം സ്തംഭിച്ച് ജനം ദുരിതജീവിതം നയിക്കുന്നതിനിടയിൽ കേന്ദ്രസർക്കാർ നടപടി ഇരുട്ടടിയായി മാറിയിട്ടുണ്ട്. നികുതി വര്‍ദ്ധനയിലൂടെ 39,000 കോടി രൂപയുടെ അധിക വരുമാനം നേടുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അതേസമയം ക്രൂഡോയില്‍വില താഴ്ന്നിരിക്കുന്ന സാഹചര്യത്തില്‍ നിലവിലെ നിരക്കു വര്‍ദ്ധന പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വ്യത്യാസം വരുത്തില്ലെന്ന മുടന്തന്‍ ന്യായമാണ് ഈ ജനദ്രോഹ നടപടിയെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്.
പെട്രോളിനും ഡീസലിനും പ്രത്യേക എക്‌സൈസ് ഡ്യൂട്ടി രണ്ടു രൂപാ വീതം വര്‍ദ്ധിപ്പിക്കയാണെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ടാക്‌സ് ആന്റ് കസ്റ്റംസിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. ഇതോടെ നിലവില്‍ പെട്രോളിനു ചുമത്തിയിരുന്ന എക്‌സൈസ് തീരുവ എട്ടിൽ നിന്ന് 10 രൂപയായി ഉയര്‍ന്നു. ഡീസലിന്റേത് രണ്ടില്‍നിന്നും നാലായും. ഇതിനു പുറമെ പെട്രോളിനും ഡീസലിനും ചുമത്തിയിരുന്ന റോഡ് സെസ് ഒമ്പതില്‍നിന്നും ഒരു രൂപാ വര്‍ദ്ധിപ്പിച്ച് പത്തായി ഉയര്‍ത്തിയതോടെ ഫലത്തില്‍ പെട്രോളിനും ഡീസലിനും വില മൂന്നു രൂപാ വീതം വര്‍ദ്ധിച്ചു. മോഡി സര്‍ക്കാര്‍ ആദ്യം അധികാരത്തില്‍ എത്തുമ്പോള്‍ പെട്രോളിന്റെ എക്‌സൈസ് നികുതി 9.48 രൂപയും ഡീസലിന്റേത് 3.56 രൂപയുമായിരുന്നു. നികുതി വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ തീരുമാന പ്രകാരം പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി 22.98 രൂപയായും ഡീസലിന്റേത് 18.83 രൂപയായും ഉയര്‍ന്നു. എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 2008ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ക്രൂഡോയിലിന് ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയിലുള്ളത്.
നടപ്പു സാമ്പത്തിക വര്‍ഷം ക്രൂഡോയില്‍ വിലയിലെ കുറവുകളുടെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. തുച്ഛമായ വിലക്കുറവുകള്‍ മാത്രമാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. എന്നാല്‍ നിലവില്‍ ക്രൂഡോയില്‍ വിലയില്‍ വന്‍ തകര്‍ച്ച ഉണ്ടായപ്പോള്‍ അതിന്റെ ഗുണഫലം ജനങ്ങള്‍ക്ക് നല്‍കാതെ സര്‍ക്കാര്‍ അത് സ്വന്തം കീശയിലാക്കുകയാണ് ചെയ്തിരിക്കുന്നത്. നിലവിലെ വില വര്‍ദ്ധനയിലൂടെ നടപ്പു സാമ്പത്തിക വര്‍ഷം 2,000 കോടി രൂപയുടെ അധിക വരുമാനം സര്‍ക്കാരിനു ലഭിക്കും. അതേസമയം ആഗോള വിപണിയിലെ വിലത്തകര്‍ച്ച സര്‍ക്കാരിനു 39,000 കോടി രൂപയുടെ അധിക വരുമാനവും സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. 2014–15ല്‍ ഈ ഇനത്തില്‍ 99,000 കോടിയായിരുന്ന വരുമാനം 2016–17ല്‍ 2,42,000 കോടി രൂപയായി ഉയര്‍ന്നു. കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ പൊതുവെ ഉയര്‍ത്തുന്ന ന്യായീകരണം.
തിരുവനന്തപുരം: പെട്രോളിന്റേയും ഡീസലിന്റേയും വില കുത്തനെ വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.കോവിഡ് രോഗബാധ ഭീഷണിയിൽ രാജ്യമാകെ വിറങ്ങലിച്ചു നിൽക്കുമ്പോൾ ഇന്ധനവില വർധിപ്പിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. മോഡി സർക്കാർ അധികാരം ഏറ്റെടുത്തശേഷം ഇന്ധനവില ദിനംപ്രതി വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.മനുഷ്യത്വരഹിതമായ ഈ നടപടിക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നുവരണം. ഇന്ധനവില വർധനവ് പിൻവലിക്കണമെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
English Summary: petril price hike
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.