പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കില്ല: നിതിന്‍ ഗഡ്കരി

Web Desk
Posted on August 23, 2019, 9:05 pm

ന്യൂഡല്‍ഹി: ഇന്ധന വാഹനങ്ങള്‍ക്ക് ബദലായി ഇലക്ട്രിക് വാഹന വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.
ഏതുതരം വാഹനമാണ് വാങ്ങേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഉപഭോക്താവ് മാത്രമാണ്. സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് എതിരല്ലെന്നും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഗഡ്കരി വ്യക്തമാക്കി.
നിലവില്‍ വിപണിയില്‍ ചെറിയ കുഴപ്പങ്ങളുണ്ട്, വാഹന മേഖല നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ മോഡി സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും ഗഡ്കരി പറഞ്ഞു.
വാഹന വില്‍പ്പനയില്‍ സാമ്പത്തിക ഇളവ് നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ധനകാര്യ മന്ത്രാലയവുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. നിലവിലെ പ്രതിസന്ധി സാഹചര്യം നല്ല നാളുകളുകളിലേക്ക് സര്‍ക്കാര്‍ മാറ്റിയെടുക്കുമെന്നും ഗഡ്കരി ഉറപ്പുനല്‍കി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വാഹന മേഖലയ്ക്ക് വളരെ പ്രാധാന്യമുണ്ടെന്നും ഗഡ്കരി വ്യക്തമാക്കി.