വീണ്ടും പ്രണയാഭ്യർത്ഥന ചുട്ടുകൊല, പ്ലസ്‌ വൺ വിദ്യാർത്ഥിനിയെ കൊന്ന യുവാവും പൊള്ളലേറ്റ്‌ മരിച്ചു

Web Desk
Posted on October 10, 2019, 8:27 am

കൊച്ചി: കൊച്ചിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ യുവാവ് വീട്ടില്‍ കയറി തീ കൊളുത്തി കൊന്നു. പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്‌നു സമീപം പദ്മാലയത്തില്‍ ഷാലന്റെ മകള്‍ ദേവികയും പറവൂര്‍ സ്വദേശി മിഥുനുമാണ് മരിച്ചത്. ബുധനാഴ്ച്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊല ചെയ്യാനുള്ള കാരണമെന്നാണ് സൂചന.

പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവിനും ഗുരുതര പൊള്ളലേറ്റു. ബൈക്കിലെത്തിയ യുവാവ് വീട്ടുകാരെ വിളിച്ചുണര്‍ത്തി ദേവികയെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഈ സമയം പുറത്തെത്തിയ ദേവികയുടെ മേല്‍ മിഥുന്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടരുന്നതിനിടെ മിഥുനും പൊള്ളലേറ്റു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി മൂവരെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ദേവികയേയും മിഥുനെയും രക്ഷിക്കാനായില്ല.