Friday
20 Sep 2019

പെട്രോളിന് പകരം മുള ഇന്ധനം

By: Web Desk | Tuesday 3 April 2018 9:33 PM IST


ന്യൂഡല്‍ഹി: 2022ഓടെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ 10 ശതമാനത്തിന്‍റെ കുറവ് വരുത്താന്‍ ശ്രമിച്ചു വരവെ, ആ ഉദ്യമത്തിന് കരുത്തേകി രണ്ട് കമ്പനികള്‍ രംഗത്ത്. അസം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ കമ്പനിയായ നുമലീഗഡ് റിഫൈനറി ലിമിറ്റഡും ഫിന്‍ലാഡിലെ സാങ്കേതികവിദ്യാ കമ്പനിയായ ചെംപോളിസ് ഒയി എന്ന കമ്പനിയും ചേര്‍ന്ന് മുള ഇന്ധനം ഉല്‍പാദിപ്പിക്കാനാണ് ശ്രമം തുടങ്ങിയിരിക്കുന്നത്. ഇതിനായി 20 കോടി ഡോളറിന്‍റെ സംയുക്ത സംരംഭത്തില്‍ ഇരു കമ്പനികളും ഒപ്പുവച്ചിട്ടുണ്ട്. അസമില്‍ സുലഭമായി കാണുന്ന മുള സംസ്‌കരിച്ച് പ്രതിവര്‍ഷം 60 കോടി ലിറ്റര്‍ എഥനോള്‍ ഉല്‍പാദിപ്പിച്ചശേഷം അത് വാഹന ഇന്ധനവുമായി കൂട്ടിക്കലര്‍ത്തി പുതിയൊരു ഇന്ധനമായി രൂപപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അസം അടക്കമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയ ശേഷം അത് രാജ്യത്താകമാനം വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്. രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിലായി ആകെ ഉല്‍പാദിപ്പിക്കുന്ന മുളയുടെ മൂന്നില്‍ രണ്ടും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നായതിനാലാണ് ഇവിടെത്തന്നെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തഴച്ചുവളരുന്ന മുള ഒരു അനുഗൃഹമാണ്. എവിടെയും വളരുമെന്നതിനാല്‍ തന്നെ മുളയില്‍ നിന്ന് ജൈവ ഇന്ധനം ഉല്‍പാദിപ്പിക്കുന്നത് രാജ്യത്ത് വന്‍ അവസരങ്ങള്‍ തുറക്കുമെന്ന് നുമലീഗഡ് റിഫൈനറി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എസ് കെ ബറുവ പറഞ്ഞു.

സങ്കീര്‍ണതകളില്ലാത്തതും പദ്ധതിക്ക് അനുകൂല ഘടകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരുത്തിയുടെയും ഗോതമ്പിന്‍റെയും നെല്ലിന്റെയുമൊക്കെ കച്ചി, കരിമ്പിന്‍ ചണ്ടി എന്നിവയില്‍ നിന്നെല്ലാം എഥനോള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ ബയോമാസ് ലഭിക്കും. നഗരങ്ങളിലെ മാലിന്യത്തില്‍ നിന്നും എഥനോള്‍ ഉല്‍പാദിപ്പിക്കാം. ഒരു ടണ്‍ വൈക്കോലില്‍ നിന്ന് 400 ലിറ്റര്‍ എഥനോള്‍ നിര്‍മ്മിക്കാമെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇത് ഗുണകരമായ കാര്യത്തിന് ഉപയോഗിക്കുകയാണെങ്കില്‍ വിപ്ലവകരമായ നേട്ടങ്ങള്‍ സ്വന്തമാക്കാമെന്നും കമ്പനി പറയുന്നു.

Related News