ഇന്ധന വില വീണ്ടും ഉയര്‍ന്നു

Web Desk
Posted on April 23, 2018, 11:06 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില സര്‍വകാല റെക്കോഡിലെത്തി. തിരുവനന്തപുരത്ത് 78.47 ആയിരുന്നു ഇന്നലെ പെട്രോള്‍ വില. കൊച്ചിയില്‍ 77.12 ആണ്. 2013 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഡീസലിന് 71. 33 രൂപയുമായിരുന്നു. ഈ മാസം ഒന്നിന് ശേഷം പെട്രോള്‍ വില 50 പൈസയിലധികവും ഡീസല്‍ വില ഒരു രൂപയിലധികവും വര്‍ദ്ധിച്ചു.
കഴിഞ്ഞ മാസം ഡീസല്‍ വില രണ്ടര രൂപയും പെട്രോള്‍ വില രണ്ടു രൂപയ്ക്ക് മുകളിലും കൂടിയിരുന്നു. ഇതേ നിലയില്‍ തുടര്‍ന്നാല്‍ പെട്രോള്‍ വില 2013ലെ റെക്കോഡ് കടക്കുന്ന സ്ഥിതിയാണ്. അന്ന് കൊച്ചിയിലെ ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വിലയായ 78.47 രൂപയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്ധന വില സര്‍വകാല റെക്കോഡിലെത്തിയിട്ടും കേന്ദ്ര സര്‍ക്കാര്‍ മൗനം തുടരുകയാണ്.
എണ്ണകമ്പനികള്‍ പ്രതിദിനം വില നിശ്ചയിക്കുന്ന രീതി തുടങ്ങിയതോടെയാണ് എണ്ണവിലയില്‍ ക്രമാതീതമായ വര്‍ധനയുണ്ടായത്. ഓരോ ദിവസവും ചെറിയ പൈസയുടെ വര്‍ദ്ധനവാണ് എണ്ണ കമ്പനികള്‍ നടപ്പിലാക്കുന്നത്. ഇത് വഴി കോടിക്കണക്കിന് രൂപയുടെ ലാഭമാണ് കമ്പനികള്‍ നേടുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് എണ്ണവില ഉയരാന്‍ കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. എന്നാല്‍ രാജ്യാന്തര കമ്പോളത്തിലെ ക്രൂഡ് ഓയില്‍ വിലയ്ക്ക് ആനുപാതികമായല്ല ഇന്ത്യയിലെ പെട്രോള്‍ഡീസല്‍ വില. ക്രൂഡ് ഓയില്‍ വില കൂടുമ്പോള്‍ ഇന്ത്യയില്‍ ഇന്ധനവില വര്‍ധിക്കുമെങ്കിലും കുറയുമ്പോള്‍ ഇന്ധനവിലയില്‍ കാര്യമായ മാറ്റം വരാറില്ല. അതേസമയം ഇന്ധന വില വര്‍ദ്ധനവും അതുമൂലം സൃഷ്ടിക്കപ്പെടുന്ന വില വര്‍ദ്ധനവും മൂലം രാജ്യമെങ്ങും സാധാരണ ജനങ്ങള്‍ വലിയ ബുദ്ധിമുട്ടിലേക്കാണ് നീങ്ങുന്നത്. സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റുന്ന നിലയിലാണ് ഇപ്പോഴത്തെ സ്ഥിതി.
ഇന്ധനവില ദിവസവും മാറുന്ന രീതി കഴിഞ്ഞ വര്‍ഷം ജൂണ്‍ 16നാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. അന്ന് പെട്രോളിന് 68.53 രൂപയും ഡീസലിന് 58.70 രൂപയുമായിരുന്നു. പുതിയ രീതിപ്രകാരം വിലക്കുറവിന്റെ നേട്ടം അതത് ദിവസം ഉപഭോക്താക്കള്‍ക്ക് കിട്ടുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ വിരലിലെണ്ണാവുന്ന ദിനങ്ങളില്‍ മാത്രമാണ് ഇന്ധനവിലയില്‍ കുറവുണ്ടായത്.