Janayugom Online
petrol price

പെട്രോളിനും ഡീസലിനും റെക്കോർഡ് വില

Web Desk
Posted on April 22, 2018, 12:56 pm

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവില ഉയരങ്ങളിലേക്ക് കുതിക്കുന്നു. ഡീസല്‍ വിലയില്‍ ഇന്നലെ സര്‍വകാല റെക്കോര്‍ഡ് രേഖപ്പെടുത്തി. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഇന്ധനവിലകളാണ് ഇന്നലെ രേഖപ്പെടുത്തിയത്.
രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഉയരുന്നുവെന്ന കാരണം പറഞ്ഞാണ് എണ്ണക്കമ്പനികള്‍ ദിവസവും വില ഉയര്‍ത്തുന്നത്. ഇന്നലെ പെട്രോളിനും ഡീസലിനും 19 പൈസ വീതമാണ് ഉയര്‍ന്നത്. ഇതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 74.40 രൂപയ്ക്കാണ് പെട്രോള്‍ ലഭിച്ചത്. ഇത് നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ്. 65.65 രൂപയാണ് ഡീസലിന്റെ വില. ഇത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
വ്യാവസായിക തലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 82.25 രൂപയാണ്. കൊല്‍ക്കത്തയില്‍ 77.10 രൂപ. ഡീസലിന് മുംബൈയില്‍ 69.91 രൂപയും കൊല്‍ക്കത്തയില്‍ 68.35 രൂപയുമാണ് വില. ചെന്നൈയില്‍ പെട്രോളിന് 77.10 രൂപയും ഡീസലിന് 69.27 രൂപയുമാണ് വില.
തിരുവനന്തപുരത്ത് ലിറ്ററിന് 78 രൂപ 37 പൈസയ്ക്കാണ് പെട്രോള്‍ ലഭിച്ചത്. ഒരു ലിറ്റര്‍ ഡീസല്‍ ലഭിക്കാന്‍ 71 രൂപ 22 പൈസ നല്‍കണം. ശനിയാഴ്ച പെടോളിന് 13 പൈസയും ഡീസലിന് 15 പൈസയുമാണ് എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്.
രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 70 ഡോളര്‍ പിന്നിട്ടതാണ് ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി എണ്ണക്കമ്പനികള്‍ പറയുന്നത്. എന്നാല്‍ നാല് വര്‍ഷം മുന്‍പ് ക്രൂഡോയില്‍ വില 120 ഡോളറില്‍ നില്‍ക്കുമ്പോള്‍ ഒരു ലിറ്റര്‍ ഡീസലിന് 49 രൂപ മാത്രമായിരുന്നു വില. ഡീസല്‍ വില ദിനംപ്രതി കൂടുന്നത് സാധാരണക്കാരെയാണ് കടുത്ത പ്രതിസന്ധിയിലാക്കുന്നത്.
കഴിഞ്ഞ ജൂണ്‍ 16‑ന് പ്രതിദിന വിലമാറ്റം നിലവില്‍ വന്ന ശേഷമാണ് വില കുത്തനെ ഉയരാന്‍ തുടങ്ങിയത്. ജൂലൈ ആദ്യം കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 65 രൂപ 61 പൈസയായിരുന്നു നിരക്ക്. ഡീസലിന് 57 രൂപ 17 പൈസയുമാണ് വിലയുണ്ടായിരുന്നത്. എന്നാല്‍ പത്തുമാസം കൊണ്ട് 14 രൂപയുടെ വര്‍ദ്ധനവാണ് ഡീസല്‍ വിലയിലുണ്ടായിരിക്കുന്നത്.
ഇന്ധന വില ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ 2017 ഒക്‌ടോബറില്‍ എക്സൈസ് ഡ്യൂട്ടി രണ്ട് രൂപ കുറച്ചിരുന്നെങ്കിലും വിലയില്‍ കാര്യമായ മാറ്റമുണ്ടാക്കിയില്ല. 2014 മുതല്‍ ഒമ്പത് തവണയായി പെട്രോളിന് 11.77 രൂപയും ഡീസലിന് 13.47 രൂപയുമാണ് എക്‌സൈസ് ഡ്യൂട്ടി ഇനത്തില്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ഇതോടെ ഈയിനത്തില്‍ സര്‍ക്കാരിന്റെ നികുതി വരുമാനം 2014–15 വര്‍ഷത്തെ 99,000 കോടിയില്‍ നിന്നും 242,000 കോടിയായി 2016–17 സാമ്പത്തികവര്‍ഷം ഉയര്‍ന്നിരുന്നു.
ഇന്ധനവില ഉയരങ്ങളിലേക്ക് കുതിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നെങ്കിലും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിസമ്മതിക്കുകയായിരുന്നു.