Tuesday
19 Feb 2019

പെട്രോളിയം ഇന്ധനവില: ചൂഷണം തുടരും

By: Web Desk | Thursday 4 October 2018 10:01 PM IST

രാജ്യത്താകെ വളര്‍ന്നുവന്ന ജനരോഷത്തിന്റെയും പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാപകമാക്കിയ പ്രതിഷേധ സമരങ്ങളുടെയും പശ്ചാത്തലത്തില്‍ പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളുടെ മേലുള്ള എക്‌സൈസ് തീരുവ 1.5 രൂപ കണ്ട് കുറച്ചതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. എണ്ണവിതരണ കമ്പനികള്‍ ലിറ്ററിന് ഒരു രൂപ കുറവു ചെയ്യും. മൂല്യവര്‍ധിത നികുതിയില്‍ 2.5 രൂപ കുറവു വരുത്തി ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. കേരളാ ഗവണ്‍മെന്റ് മെയ് മാസം അവസാനം വാറ്റ് ഒരു രൂപ കണ്ട് കുറച്ചിരുന്നു. കര്‍ണാടക, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളും വാറ്റ് രണ്ട് രൂപ വരെ കുറവ് വരുത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് അനുസൃതമായി 2.5 രൂപ നിരക്കില്‍ വാറ്റ് കുറവുചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ സന്നദ്ധമായാല്‍ ഇന്ധനവിലയില്‍ അഞ്ച് രൂപയുടെ കുറവ് വരുമെന്നാണ് മോഡി സര്‍ക്കാര്‍ പറയുന്നത്. അത് ജനങ്ങള്‍ക്ക് എത്രത്തോളം ആശ്വാസകരമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കാരണം, അന്താരാഷ്ട്ര വിപണി വിലക്കനുസരിച്ച് എണ്ണവില പ്രതിദിനം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ യാതൊരു നിയന്ത്രണവും കൊണ്ടുവന്നിട്ടില്ല. മൂന്നാം തീയതി അര്‍ധരാത്രി മുതല്‍ പെട്രോളിന് 15 പൈസയുടേയും ഡീസലിന് 21 പൈസയുടേയും വര്‍ധന നിലവില്‍ വന്നിരുന്നു. വരുംദിവസങ്ങളിലും സമാനമായ രീതിയില്‍ വര്‍ധന തുടരും. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളുടെ പ്രയോജനം ജനങ്ങള്‍ക്ക് എത്ര ദിവസം ലഭിക്കുമെന്നത് കണ്ടറിയണം. ഇന്ധനവിലയിലെ കലുഷിതമായ അനിശ്ചിതത്വത്തിനും വിലവര്‍ധനവ് സൃഷ്ടിക്കുന്ന പ്രത്യാഘാതത്തിനും ശാശ്വത പരിഹാരം ഇന്നത്തെ നികുതിഘടനയില്‍ നിന്ന് ചരക്ക് സേവന നികുതിയിലേക്ക് മാറുക എന്നത് മാത്രമാണ്. ഇന്ധനങ്ങള്‍ക്ക് എക്‌സൈസ് തീരുവ എന്നത് പരോക്ഷ നികുതിയുടെ പേരില്‍ ജനങ്ങളുടെ മേലുള്ള പകല്‍ക്കൊള്ള തുടരാന്‍ മാത്രമെ സഹായകമാവൂ. അത് കോര്‍പ്പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ മാത്രമേ ഉതകൂ.

കേന്ദ്രസര്‍ക്കാരിന്റെ മൊത്തം നികുതി വരുമാനത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ മേലുള്ള എക്‌സൈസ് തീരുവയില്‍ കഴിഞ്ഞ എട്ടുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഇരട്ടി വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014-15ല്‍ 8.6 ശതമാനം മാത്രമായിരുന്നു മൊത്ത നികുതി വരുമാനത്തില്‍ എക്‌സൈസ് തീരുവയുടെ സംഭാവന. 2016-17ല്‍ അത് 16.1 ശതമാനമായി കുതിച്ചുയര്‍ന്നു. 2009-10 സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത നികുതി വരുമാനത്തിന്റെ 39.2 ശതമാനം കോര്‍പറേറ്റ് നികുതിയായിരുന്നു. അത് 2016-17ല്‍ 28.3 ശതമാനമായി കുറഞ്ഞു. 2014-15ല്‍ കോര്‍പ്പറേറ്റ് നികുതി 34.5 ശതമാനമായിരുന്നത് 6.2 ശതമാനം കുറക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്തത്. ആദായനികുതി വരുമാനത്തിലും ഗണ്യമായ യാതൊരു വര്‍ധനവും വരുത്തിയിട്ടില്ല. 2014-15ല്‍ മൊത്ത നികുതി വരുമാനത്തിന്റെ 20.8 ശതമാനമായിരുന്നത് 2016-17ല്‍ 20.4 ശതമാനമായി കുറയുകയാണുണ്ടായത്. കേന്ദ്രസര്‍ക്കാരിന്റെ ഈ മൂന്ന് മുഖ്യനികുതി സ്രോതസുകള്‍ സംബന്ധിച്ചുള്ള 2017-18 കാലയളവിലെ അന്തിമകണക്കുകള്‍ ഇനിയും ലഭ്യമല്ല. കോര്‍പ്പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും ആനുകൂല്യങ്ങളും ഇളവുകളും യഥേഷ്ടം അനുവദിച്ചു നല്‍കുന്ന മോഡി ഭരണകൂടം സാമാന്യജനങ്ങളെ ഞെക്കിപിഴിയുന്നതിന്റെ ചിത്രമാണ് മേല്‍പറഞ്ഞ കണക്കുകള്‍ വ്യക്തമാക്കുന്നത്. കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും കൂടുതല്‍ പ്രത്യക്ഷനികുതികള്‍ ഏര്‍പ്പെടുത്തി പരോക്ഷ നികുതി ഭാരത്തില്‍ നിന്ന് സാമാന്യജനങ്ങള്‍ക്ക് പരമാവധി മോചനം നല്‍കുക എന്നതാണ് ലോകമെങ്ങും പുരോഗമന സ്വഭാവമുള്ള ജനകീയ ഗവണ്‍മെന്റുകള്‍ പിന്തുടരുന്ന നികുതി സമ്പ്രദായം. അതിന് കടകവിരുദ്ധമായ ജനദ്രോഹ നികുതി സമ്പ്രദായമാണ് മോഡി സര്‍ക്കാര്‍ പിന്തുടരുന്നത്. 2009-10 കാലയളവില്‍ കേന്ദ്രസര്‍ക്കാരിന്റെ മൊത്ത നികുതിവരുമാനം 6,24,528 കോടി രൂപയായിരുന്നത് 2016-17ല്‍, 1,71,5822 കോടി രൂപയായി, ഏതാണ്ട് ഇരട്ടിയായി ഉയര്‍ന്നിരുന്നു. 2017-18ല്‍ അത് വീണ്ടും 1,94,0119 ആയതായി സിഎജി കണക്കാക്കുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച നാമമാത്ര വിലയിളവ് കേന്ദ്ര നികുതിവരുമാനത്തില്‍ 10,500 കോടിയുടെ കുറവുവരുത്തും. എന്നാല്‍ അത് കേന്ദ്രസര്‍ക്കാരിന്റെ ധനകമ്മി ലക്ഷ്യത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് ധനമന്ത്രി ജയ്റ്റ്‌ലി പറയുന്നു.

സാമാന്യ ജനജീവിതം ദുഷ്‌കരമാക്കുന്ന നികുതിനയത്തില്‍ നിന്ന് പിന്തിരിയുന്നതിന്റെ യാതൊരു സൂചനയും കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ കാണുന്നില്ല. ജനങ്ങളെ ഞെക്കി പിഴിയുന്ന നയം തന്നെ മോഡി സര്‍ക്കാര്‍ പിന്തുടരും. ദക്ഷിണേഷ്യയിലെ അയല്‍രാജ്യങ്ങളില്‍ ഒന്നിലുമില്ലാത്ത ഉയര്‍ന്ന ഇന്ധനവിലയാണ് ഇന്ത്യക്കാര്‍ നല്‍കേണ്ടിവരുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 19.48 രൂപ നിരക്കിലാണ് നാം എക്‌സൈസ് തീരുവ നല്‍കുന്നത്. ഡീസലിന് അത് 15.33 രൂപയാണ്. സംസ്ഥാന വാറ്റ് അടക്കം വിലയുടെ പകുതിയും പരോക്ഷ നികുതിയായാണ് ജനങ്ങള്‍ നല്‍കേണ്ടിവരുന്നത്. മോഡി ഭരണത്തില്‍ പെട്രോളിന്റെ പരോക്ഷ നികുതി 100 ശതമാനത്തിലധികമായി അധികരിച്ചു. ഡീസലിന്റേത് 70 ശതമാനം കടന്നിരിക്കുന്നു. നികുതി കൂട്ടാതെ അന്താരാഷ്ട്ര അസംസ്‌കൃത എണ്ണവില കണക്കാക്കിയാല്‍ അത് 40 രൂപയോളമേ വരൂ. പരോക്ഷ നികുതിയുടെ പേരില്‍ ജനങ്ങളുടെ മേലുള്ള ഈ ചൂഷണത്തിനും പീഡനത്തിനും ബദല്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) മാത്രമാണ്. മോഡി സര്‍ക്കാര്‍ സ്വന്തം തൊപ്പിയിലെ തൂവലായി പ്രകീര്‍ത്തിക്കുന്ന ജിഎസ്ടി പെട്രോളിയം ഇന്ധനങ്ങള്‍ക്കും ബാധകമാക്കാന്‍ ശക്തമായ ജനകീയ സമരങ്ങള്‍ വളര്‍ന്നുവരണം.