പെട്രോൾ വില ലിറ്ററിന് 86.91 രൂപ, ഡീസലിന് 75.96 രൂപ

Web Desk
Posted on September 06, 2018, 3:41 pm

മുംബൈ: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പെട്രോൾ ഡീസൽ വിലയിൽ വീണ്ടും വർദ്ധനവ്. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 86.91  രൂപയും ഡീസലിന് 75.96 രൂപയും. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 79. 51 രൂപയും ഡീസലിന് 71.55 രൂപയുമാണ്.  കൊൽക്കത്തയിലും റെക്കോർഡ് വില  വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഓയിൽ മാർക്കറ്റിങ് കമ്പനികൾ  ഡീസൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ചതിന്റെ പ്രധാന കാരണം  രൂപയുടെ മൂല്യമിടിവും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവുമാണ്. ഇന്ത്യ ക്രൂഡ് ഓയിലിന്റെ 80% ഇറക്കുമതി ചെയ്യുകയാണ്, രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഇതും പെട്രോളിയത്തിന്റെ വില വർദ്ധനവിന് ആക്കം കൂട്ടി.

അടിക്കടിയുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ഗുരുതരമായി തന്നെ ബാധിക്കും. പെട്രോളിയം പ്ലാനിംഗ് ആന്റ് അനാലിസിസ് സെല്ലിന്റെ കണക്കനുസരിച്ച് 2018 ഏപ്രിൽ‑ജൂലൈ കാലയളവിൽ ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി 3900 കോടി ഡോളർ കവിഞ്ഞു.