21 April 2024, Sunday

സംസ്ഥാനത്ത് 110 കടന്ന്‌ പെട്രോൾ ; ഡീസൽ വിലയും കൂട്ടി

Janayugom Webdesk
തിരുവനന്തപുരം
October 25, 2021 11:39 am

സംസ്ഥാനത്ത് പെട്രോള്‍വില 110 രൂപ കടന്നു കുതിക്കുന്നു. തിരുവനന്തപുരം പാറശാലയില്‍ ഒരുലിറ്റര്‍ പെട്രോളിന് 110.11 രൂപയായി. ഞായറാഴ്ച പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 109.84 രൂപയും ഡീസലിന് 103.51 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 107.77 രൂപയും ഡീസലിന് 101.57 രൂപയും കോഴിക്കോട്ട് പെട്രോളിന് 108.07 രൂപയും ഡീസലിന് 101.87 രൂപയുമായി ഉയര്‍ന്നു. ജൂണ്‍ 24നാണ് സംസ്ഥാനത്ത് പെട്രോള്‍വില 100 കടന്നത്. അന്താരാഷ്ട്രവിപണിയില്‍ 76.18 ഡോളര്‍ വിലയുണ്ടായിരുന്ന അസംസ്‌കൃത എണ്ണ ജൂലൈയില്‍ 68.62 ഡോളറിലേക്കും ആഗസ്തില്‍ 65.18 ഡോളറിലേക്കും താഴ്‌ന്നെങ്കിലും കേന്ദ്രം പെട്രോള്‍വില കുറച്ചില്ല. സെപ്തംബര്‍ 24 മുതല്‍ എണ്ണവില കൂടി എന്നപേരില്‍ വീണ്ടും ഇന്ധനവില തുടര്‍ച്ചയായി വര്‍ധിപ്പിക്കാനും തുടങ്ങി.

ഈമാസം 19 തവണ വില വര്‍ധിപ്പിച്ചു. പെട്രോളിന് 6.22 രൂപയും ഡീസലിന് 7.15 രൂപയുമാണ് കൂട്ടിയത്. രാജ്യം ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് നടുവിലൂടെ നീങ്ങുമ്പോഴും എണ്ണവില കുത്തനെ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. രണ്ടു മാസത്തിനിടെ എത്ര വട്ടമാണ് പെട്രോള്‍, ഡീസല്‍, പാചകവവാതക വിലകള്‍ വര്‍ദ്ധിപ്പിച്ചത്, ജനദ്രോഹപരമായ നടപടിയാണിത്. എണ്ണവിലക്കയറ്റവും തുടര്‍ന്നുണ്ടാകുന്ന സമ്പദ്വ്യവസ്ഥയുടെ തളര്‍ച്ചയും സാധാരണക്കാരന്റെ അടുക്കളയിലാണ് ആദ്യം പ്രതിഫലിക്കുക. കുട്ടികളിലെ പോഷകാഹാരക്കുറവ് വലിയ ചര്‍ച്ചയായതും മറക്കാനാകില്ല. വരുമാന ശോഷണത്തിനിടയിലെ ഇന്ധനവിലവര്‍ധന സാധാരണക്കാരുടെ കീശയില്‍ ചോര്‍ച്ചയുണ്ടാക്കും. അത് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കും. മഹാഭൂരിപക്ഷം വരുന്ന അസംഘടിത തൊഴിലാളികള്‍ ആശ്രയിക്കുന്ന ഇരുചക്ര വാഹനമേഖല പറഞ്ഞറിയിക്കാനാകാത്ത പ്രതിസന്ധിയിലാണ്.

പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്മാര്‍, സെയില്‍സ് ഏജന്റുമാര്‍ തുടങ്ങിയവരുടെ വരുമാനം ഗണ്യമായി തകര്‍ന്നു. മുച്ചക്ര വാഹനമാശ്രയിച്ച് ഉപജീവനം തേടുന്ന ഡ്രൈവര്‍മാരും അതിന്റെ ഇരകളാണ്. കാര്‍ഷിക മേഖലയില്‍ ഡീസല്‍ ട്രാക്ടര്‍ ഉള്‍പ്പെടെയുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കൃഷി എന്നതിനാല്‍ ആ വിഭാഗങ്ങള്‍ക്കും നിവര്‍ന്നുനില്‍ക്കാനാകുന്നില്ല. കേരളത്തിലും വില റെക്കോഡ് കടന്നിരിക്കുകയാണ്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുപിന്നാലെയാണ് ഇന്ധനവില വീണ്ടും ഉയര്‍ത്തിയത്. അഞ്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയതുമുതല്‍ ഇന്ധനവില നിശ്ചലമായിനിന്നു. ഫലപ്രഖ്യാപനം വന്നതോടെ പതിവു പല്ലവി വീണ്ടും തുടങ്ങി. പെട്രോള്‍— ഡീസല്‍ ഉല്‍പ്പന്നങ്ങളുടെ വില കൂടിയാല്‍ വിലക്കയറ്റത്തോത് വര്‍ധിക്കുമെന്നത് സാധാരണ സാമ്പത്തിക ശാസ്ത്രമാണ്. മൊത്തചില്ലറ വിലസൂചികയിലും അത് പ്രതിഫലിക്കും. കാരണം, വിലക്കയറ്റത്തോത് കണക്കാക്കുന്ന രീതിശാസ്ത്രത്തില്‍ ഇന്ധനങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവയുടെ വില വര്‍ധിച്ചാല്‍ ഉടന്‍ ഗതാഗതച്ചെലവ് കൂടും. മിക്ക സാധനങ്ങളുടെയും കടത്തുകൂലിയും അതുവഴി വിലയും ഉയരും.

ഭക്ഷ്യവസ്തുക്കള്‍, വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കെല്ലാം വില കൂടുന്ന ചിത്രമാണ് പൊതുവില്‍. കമ്പോളവിലയുടെ ചാഞ്ചാട്ടത്തിനനുസരിച്ച് എണ്ണക്കമ്പനികള്‍ക്ക് വില നിര്‍ണയിക്കാമെന്നു വന്നതുമുതല്‍ ഇന്ത്യന്‍ ജനത ദുരിതങ്ങളുടെ കാണാക്കയത്തിലാണ്. വിമാനയാത്രാ നിരക്കില്‍ അടിച്ചേല്‍പ്പിക്കുന്ന ഭീമ വര്‍ധന അമിതസ്വകാര്യവല്‍ക്കരണത്തിന്റെ ഫലംകൂടിയാണ്. പ്രകൃതിവാതക വിലയും കുത്തനെ കൂട്ടി. വൈദ്യുതി, വളം, സിഎന്‍ജി നിര്‍മാണത്തിന് ആവശ്യമായ പ്രകൃതിവാതക വില 62 ശതമാനമാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇതേത്തുടര്‍ന്ന് ഗാര്‍ഹികാവശ്യത്തിനുള്ള സിഎന്‍ജി വിലയും കൂടി.

ENGLISH SUMMARY; rise in prices of petrol and diesel reflect on dai­ly life
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.