Thursday
23 May 2019

പൊങ്കല്‍ പൊളിക്കാന്‍ തലയും തലൈവരും

By: Web Desk | Sunday 6 January 2019 5:00 PM IST


ഇത്തവണ പൊങ്കലിന് സിനിമാ പ്രേമികളെ കാത്തിരിക്കുന്നത് സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളാണ്. ‘വിശ്വാസ’ വുമായി അജിതും ‘പേട്ട’ യുമായി രജനിയും ഈ പത്തിന് തിയറ്ററുകളില്‍ എത്തും. ഇരു സിനിമകളുടെയും ട്രെയ്‌ലര്‍ ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു. സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്നതില്‍ നിന്ന് ഉപരിയായി ആരാധകര്‍ ഇരു ചിത്രങ്ങള്‍ക്കും പ്രതീക്ഷ നല്‍കുന്നതില്‍ മറ്റ് ചില കാരണങ്ങളുമുണ്ട്. മറ്റൊന്നുമല്ല സ്ക്രീനില്‍ സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ചവരാണ് ചിത്രങ്ങളുടെ അണിയറയില്‍ ഉള്ളത്.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണയവും മാസും കോര്‍ത്തിണക്കിയാണ് പേട്ട എത്തുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. സ്റ്റൈല്‍ മന്നന്‍ രജനി രണ്ട് ഗെറ്റപ്പുകളിലാണ് എത്തുന്നത്. ഇതിനുപുറമെ വിജയി സേതുപതി കൂടി ചിത്രത്തിലെത്തുന്നതോടെ ആരാധകര്‍  വലിയ പ്രതീക്ഷയിലാണ്.

ബോബി സിംഹ, ശശികുമാര്‍, സിമ്രാന്‍, തൃഷ, നവാസുദ്ദീന്‍ സിദ്ദിഖിയും പേട്ടയിലുണ്ട്. ഇതിനോടകം പുറത്തിറങ്ങിയ ട്രെയ്‌ലറിന് വലിയ പിന്തുണയും ലഭിച്ചു.  ഹിറ്റ് ചിത്രങ്ങളും വ്യത്യസ്ഥതയും കൊണ്ട് തമിഴകത്തെ ഞെട്ടിച്ച കാര്‍ത്തികിന്‍റെ സംവിധാനവും ആരാധകര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. പിസ, ഇരൈവി, ജിഗര്‍തണ്ട നിശബ്ദ ചിത്രമായ മെര്‍ക്കുറി എന്നിവ കൊണ്ട് പ്രേക്ഷകര്‍ക്ക് വിരുന്നൊരുക്കിയ കാര്‍ത്തികില്‍ നിന്ന് മറ്റൊരു സൂപ്പര്‍ ഹിറ്റിന് കൂടിയാണ് ആരാധകര്‍കാത്തിരിക്കുന്നത്. ഇതിനു പുറമെ  പ്രമുഖരായ പലരും പേട്ടയുടെ  അണിയറയില്‍ ഉണ്ട്. അനിരുദ്ദ് സംഗീതം നിര്‍വ്വഹിക്കുമ്പോള്‍ മലയാളിയായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ്. പീറ്റര്‍ ഹെയ്ന്‍ ആക്ഷനും നിര്‍വ്വഹിക്കുന്നു.

അതേസമയം പൊങ്കലിനെത്തുന്ന മറ്റൊരു ചിത്രമാണ് വിശ്വാസം. അജിത് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ആക്ഷന് പ്രാധാന്യം നല്‍കുന്നുവെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം വൻ ഹിറ്റാകുമെന്നാ പ്രതീക്ഷയിലാണ് ആരാധകര്‍.

അജിതും രണ്ട് ലുക്കിലാണ് ചിത്രത്തിലെത്തുന്നത്. അജിത് – ശിവ കൂട്ടുകെട്ടില്‍ പിറന്ന വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങള്‍ക്ക് ലഭിച്ച ജനപ്രീതിയും വിശ്വാസത്തിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. അജിത്തിന്‍റെ നായികയായി ചിത്രതിതലെത്തുന്നത് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ്.

 

Related News