തീ പടര്‍ത്തി പേട്ട

Web Desk
Posted on January 13, 2019, 10:30 am

ജനിയെ സൂപ്പര്‍സ്റ്റാറാക്കിയ ജെ മഹേന്ദ്രന്റെ ‘മുള്ളും മലരും’ എന്ന ചിത്രത്തിലെ നായകന്റെ പേര് തന്നെയാണ് ‘പേട്ട’യില്‍ രജനിക്ക് നല്‍കിയിട്ടുള്ളത്. ‘മുള്ളും മലരും’ അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും നടന്‍ എന്ന നിലയില്‍ തമിഴകത്ത് രജനിക്ക് അംഗീകാരം നേടിക്കൊടുക്കുകയും ചെയ്ത ചിത്രമാണ്. അതിന്റെ ഓര്‍മ്മയ്ക്കായി ആണ് ‘പേട്ട’യിലെ നായക കഥാപാത്രത്തിന് കാളി എന്ന പേര് നല്‍കിയിട്ടുള്ളത്. രജനിയുടെ മുന്‍ചിത്രങ്ങളെ അനുസ്മരിക്കുന്ന നിരവധി ദൃശ്യങ്ങള്‍ ‘പേട്ട’യിലുണ്ട്. ട്രെയിലറില്‍ നടന്‍ ഒരു ഗേറ്റ് തുറന്ന് കടന്നുവരുന്ന ദൃശ്യം ‘അപൂര്‍വരാഗ’ങ്ങളെ അനുസ്മരിക്കുന്നതാണ്. ഇതുപോലെ രജനിയുടെ മുന്‍ ചിത്രങ്ങളോട് സാമ്യമുള്ള നിരവധി കഥാസന്ദര്‍ഭങ്ങള്‍ ‘പേട്ട’യിലുണ്ട്.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ രജനിക്കൊപ്പം നായിക‑നായകന്‍മാരുടെ ഒരു നിര തന്നെയുണ്ട്. വിജയ് സേതുപതി, എം ശശികുമാര്‍, സിമ്രാന്‍, തൃഷ എന്നിവര്‍ക്കൊപ്പം ബോളിവുഡില്‍ നിന്ന് നവാസുദ്ദീന്‍ സിദ്ദിഖിയുമെത്തുന്നു. രജനിയുടെ 165-ാം ചിത്രമാണ് ‘പേട്ട’. 24 വര്‍ഷത്തിനുശേഷം ഒരു രജനി ചിത്രം പൊങ്കല്‍ റിലീസിനെത്തുന്നു എന്ന സവിശേഷതയുമുണ്ട്. രജനി ചിത്രത്തില്‍ മറ്റ് പ്രമുഖ നടന്മാര്‍ മുഖ്യവേഷങ്ങളിലെത്തുന്നതും ഇതാദ്യമായാണ്. കാര്‍ത്തിക്കിന്റെ അഞ്ചാമത്തെ ചിത്രമാണിത്. വിജയ് സേതുപതി നായകനായ ‘പിസ’യായിരുന്നു ആദ്യചിത്രം.

വിജയ്‌സേതുപതിക്കും ശശികുമാറിനുമൊപ്പം ഫഹദ് ഫാസിലും ‘പേട്ട’യിലുള്‍പ്പെടേണ്ടതായിരുന്നു. എന്നാല്‍ ‘വരത്തന്‍’ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്ക് കാരണം ഒഴിവാകുകയായിരുന്നു. ദീപിക പദുക്കോണിനെയും ചിത്രത്തിലേയ്ക്ക് പരിഗണിച്ചെങ്കിലും പിന്നീട് സിമ്രാന്‍ എത്തി. ഡാര്‍ജിലിംഗ്, ഡെറാഡൂണ്‍, ലക്‌നൗ, കാശി, വാരണാസി എന്നിവിടങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്തത്. ‘പേട്ട’യുടെ സംഗീതസംവിധാനം അനിരുദ്ധ് രവിചന്ദറാണ്. വില്ലന്‍ റോളുകളിലാണ് വിജയ് സേതുപതിയും നവാസുദ്ദീന്‍ സിദ്ദിഖിയും എത്തുന്നത്. രജനി ശബ്ദം നല്‍കിയ ‘മാസ് മരണമാസ്’ എന്ന ഗാനം ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.