കൊല മാസ്സ്.…..

Web Desk
Posted on January 17, 2019, 9:04 am
കെ കെ ജയേഷ്
ടിമുടി മാറിക്കൊണ്ടിരിക്കുന്ന തമിഴ്‌സിനിമാ ലോകത്തേക്ക് വേറിട്ട കാഴ്ചകളുമായെത്തി തന്റേതായ കൈയ്യൊപ്പ് ചാര്‍ത്തിയ സംവിധായകനാണ് കാര്‍ത്തിക് സുബ്ബരാജ്. ഒരു കാര്‍ത്തിക് ചിത്രം കാണാന്‍ പോകുമ്പോള്‍ ചില പ്രതീക്ഷകള്‍ പ്രേക്ഷകര്‍ക്കുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ പിസയും ജിഗര്‍തണ്ടയും ഇരൈവിയും മെര്‍ക്കുറിയുമെല്ലാമൊരുക്കിയ കാര്‍ത്തിക് പേട്ടയുമായെത്തിയപ്പോള്‍ ചില സൂചനകള്‍ ആദ്യമെ തരുന്നു. രജനികാന്തിന്റെ കട്ട ഫാന്‍ എന്ന നിലയില്‍ ഒരുക്കിയതാണ് ഈ ചിത്രം. പേട്ട രജനീകാന്ത് എന്ന സൂപ്പര്‍ സ്റ്റാറിനുള്ളതാണ്. അദ്ദേഹത്തിനുള്ള സമര്‍പ്പണം കൂടിയാണ് ഈ സിനിമയെന്ന് പറഞ്ഞുകൊണ്ടാണ് കാര്‍ത്തിക് കാളിയെന്ന പേട്ട വേലന്റെ കഥ ആരംഭിക്കുന്നത്. ഇവിടെ ഒരു പതിവ് കാര്‍ത്തിക് ചിത്രം പ്രതീക്ഷിക്കരുത്. മുന്‍ ചിത്രങ്ങളില്‍ കണ്ട കാര്‍ത്തിക്കിനെ പേട്ടയില്‍ തിരയാന്‍ ശ്രമിക്കുകയുമരുത്. ഇത് പൂര്‍ണ്ണമായും ഒരു തലൈവര്‍ ഷോയാണ്. കാലങ്ങള്‍ക്ക് ശേഷം പഴയ ഊര്‍ജ്ജത്തോടെ.. പഴയ സ്റ്റൈലില്‍ അദ്ദേഹം മടങ്ങിവരുന്ന ചിത്രമാണ്. ആവോളം തലൈവരെ കാണാം..കയ്യടിച്ച് ഇറങ്ങിപ്പോരാം .. അതിനുള്ള മാസ് ഐറ്റങ്ങളെല്ലാം കാര്‍ത്തിക് സുബ്ബരാജ് കൃത്യമായ അളവില്‍ ചേര്‍ത്തുവെച്ചിട്ടുമുണ്ട്.
മൂന്നു മണിക്കൂറോളം നീളുന്ന അടിപൊളി ഉത്സവമാണ് പേട്ട. ആട്ടവും പാട്ടും ഉഗ്രന്‍ വെടിക്കെട്ടുമെല്ലാമുള്ള കലക്കന്‍ രജനി ഷോ. പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന രജനിയെ പഴയ അതേ ഊര്‍ജ്ജത്തില്‍ കാര്‍ത്തിക് മുന്നിലെത്തിക്കുന്നു. ഹൈറേഞ്ചിലെ ഒരു കലാലയത്തിലേക്ക് ഹോസ്റ്റല്‍ വാര്‍ഡനായി കാളിയെത്തുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. ഭൂതകാലത്തിന്റെ എന്തൊക്കെയോ ഓര്‍മ്മകള്‍ നെഞ്ചില്‍ നിറച്ചയാളാണ് കാളിയെന്ന് ആ കണ്ണുകള്‍ നമ്മോട് പറയും. കണ്ണുകളിലെ അഗ്നി വരാനിരിക്കുന്ന കാളിയുടെ ഭൂതകാലത്തിന്റെ പൊള്ളുന്ന കാഴ്ചകള്‍ ഉറപ്പാക്കും.  അലക്‌സിന്റെ നേതൃത്വത്തിലുള്ള ഗ്യാങ്ങുകളെയും ഗുണ്ടാസംഘങ്ങളെയുമെല്ലാമൊതുക്കിയും കുറേ രജനി സ്റ്റൈലുമെല്ലമായി കാളി മുന്നോട്ടുപോകും. വഴിയില്‍ ഒരിടത്ത് നമ്മളറിയും കാളി പേട്ട വേലനാണെന്ന്. കഥ ഭൂതകാലത്തില്‍ കൂടുതല്‍ സംഭവ ബഹുലമാകും. അവിടെ മധുരയിലെ ഗ്യാംഗ് വാറും പ്രണയവും കുടിപ്പകയുമെല്ലാം നിറയും. ഫ്‌ളാഷ് ബാക്ക് തീരുമ്പോള്‍ പതിവ് പോലെ ജീവിതം തകര്‍ത്തെറിഞ്ഞ വില്ലന്‍മാരോടുള്ള പ്രതികാരമാണ്. അതിന് അവരെ തേടി അങ്ങ് ഉത്തര്‍പ്രദേശിലേക്കുള്ള യാത്രയാണ്. ജാതിയും മതവും പശുവുമെല്ലാം വിധി നിര്‍ണ്ണയിക്കുന്ന ഉത്തര്‍പ്രദേശില്‍ കാവിക്കൊടിയ്ക്ക് കീഴെ വളര്‍ന്നു പന്തലിച്ച മാഫിയാ നേതാവ് സിങ്കാരത്തെ തേടി  തേടി പേട്ടയെത്തുന്നു. കഥാന്ത്യത്തില്‍ സിങ്കാരത്തെ ഉള്‍പ്പെടെ തകര്‍ത്തെറിഞ്ഞ് പതിവ് വഴിയില്‍ അവസാനിക്കാന്‍ പോകുന്നു എന്ന് തോന്നിപ്പിച്ച  ചിത്രം, രജനീകാന്തിന്റെ ഒരുഗ്രന്‍ പൊട്ടിച്ചിരിയിലൂടെ.. ഒരു കാര്‍ത്തിക് ടച്ചിലാണ് അവസാനിക്കുന്നത്. തീര്‍ച്ചയായും കയ്യടിച്ച് ഇറങ്ങിപ്പോരാവുന്ന ഒരുവസാനം തന്നെയാണ് പേട്ടയുടേത്.
രണ്ടു ധ്രുവങ്ങളിലുള്ള നടനും സംവിധായകനുമാണ് രജനീകാന്തും കാര്‍ത്തിക് സുബ്ബരാജും. ആള്‍ക്കൂട്ടത്തെ ഇളക്കിമറയ്ക്കുന്ന താരമാണ് രജനി. ഒരു തടവൈ സൊന്നൈ നൂറു തടവൈ സൊന്ന മാതിരി, ആണ്ടവന്‍ സൊല്‍റാന്‍ അരുണാചലം സെയ്‌റാന്‍ തുടങ്ങിയ പഞ്ചു ഡയലോഗുകളുമായി രജനിയെത്തുമ്പോള്‍ തിയേറ്ററുകള്‍ ഇളകി മറഞ്ഞിരുന്നു. സിനിമയുടെ കഥയ്ക്കും അവതരണത്തിനുമെല്ലാമപ്പുറം രജനിയെന്ന താരമാണ് ചിത്രങ്ങളെ മുന്നോട്ട് നയിച്ചിരുന്നത്. അവിടെ വേറിട്ട കഥയോ അവതരണ ഭംഗിയോ തിരഞ്ഞുപോയിട്ട് കാര്യമില്ല. എന്നാല്‍ അടുത്ത കാലത്ത് രജനിയെ പ്രേക്ഷകര്‍ കണ്ടത് ഷങ്കറന്റെ ബ്രഹ്മാണ്ട യന്തിരന്‍ ഷോയിലും പാ രഞ്ജിത്തിന്റെ നിലപാട് തറകളിലുമെല്ലാമായിരുന്നു. എന്നാല്‍ യന്തിന്‍ പോലെ സാങ്കേതിക വിദ്യയുടെ പരകോടിയില്‍ നില്‍ക്കുന്ന ചിത്രമല്ല പേട്ട. പാ രഞ്ജിത്തിന്റെ കബാലി, കാല തുടങ്ങിയ ചിത്രങ്ങളിലേതുപോലെ രജനീകാന്തിനെ മുന്നില്‍ നിര്‍ത്തി പരീക്ഷണം നടത്തിനോക്കാനും കാര്‍ത്തിക് സുബ്ബരാജ് ശ്രമിക്കുന്നില്ല. തിയേറ്ററുകളെ ഒരു കാലത്ത് ഇളക്കി മറച്ച ബാഷ ഉള്‍പ്പെടെയുള്ള ചിത്രങ്ങളോടാണ് പേട്ടയ്ക്ക് സാമ്യം.
തന്റെ ചലച്ചിത്ര സങ്കല്‍പ്പങ്ങളെല്ലാം കാര്‍ത്തിക് പേട്ടയിലെത്തുമ്പോള്‍ മാറ്റിവെക്കുന്നു. കുറഞ്ഞ ചെലവില്‍ ഒരുക്കിയ കാര്‍ത്തിക്കിന്റെ പിസ തമിഴിലെ വലിയ സാമ്പത്തിക വിജയം നേടിയ ചിത്രമായിരുന്നു. കഥ പറച്ചിലിലെ വ്യത്യസ്തത കൊണ്ടാണ് ജിഗര്‍തണ്ട ശ്രദ്ധിക്കപ്പെട്ടത്. ഇരൈവിയെത്തുമ്പോള്‍ കൂടുതല്‍ ഗൗരവകരമായ കാഴ്ചകളിലേക്ക് കടന്നുചെല്ലുന്ന സംവിധായകനെ കാണാം. അവസാനമെത്തിയ മെര്‍ക്കുറിയില്‍ സംഭാഷണങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. ഒരു ഫാക്ടറിയിലുണ്ടാവുന്ന വിഷ വാതക ചോര്‍ച്ചയുടെ പശ്ചാത്തലത്തിലായിരുന്നു മെര്‍ക്കുറി കഥ പറഞ്ഞത്. എന്നാല്‍ പേട്ടയിലെത്തുമ്പോള്‍ വൈവിധ്യമുള്ള കഥാവഴികള്‍ ബോധപൂര്‍വ്വം മാറ്റിവെക്കപ്പെടുകയാണ്.   ഒരു തലൈവര്‍ ഷോയ്ക്ക് വേണ്ടി കൃത്യമായി വെട്ടിയും മുറിച്ചും ഒരു സ്‌ക്രിപ്റ്റ് പാകപ്പെടുത്തുന്നു. ഒരു കച്ചവട സിനിമയുടെ മസാലക്കൂട്ടുകള്‍ കൃത്യമായി ചേര്‍ത്തുവെച്ച ബാഷയുടെ അടിസ്ഥാന പ്രമേയത്തില്‍ നിന്ന് തന്നെ ഒരു മാസ് മസാലയുടെ രുചിക്കൂട്ടുകള്‍ കാര്‍ത്തിക് കണ്ടെത്തുന്നു. കഥയെന്തെന്നതല്ല, മറിച്ച് അതില്‍ ഒരു രജനി ചിത്രത്തിന് വേണ്ട ചേരുവകള്‍ കൃത്യമായി ചേര്‍ക്കാന്‍ കാര്‍ത്തികിന് സാധിക്കുന്നു എന്നതാണ് പേട്ടയെ ശ്രദ്ധേയമാക്കുന്നത്. ഒപ്പം ഈ പ്രായത്തിലും തലൈവരെ പഴയ രജനീകാന്താക്കി മാറ്റാനുള്ള കഠിന ശ്രമവും അദ്ദേഹം നടത്തുന്നു. ഇക്കാര്യത്തില്‍ കാര്‍ത്തിക് നൂറു ശതമാനവും വിജയിക്കുമ്പോള്‍ ബാഷയിലോ അണ്ണാമലയിലോ പടയപ്പയിലോ ഒക്കെ കണ്ട അടിപൊളി രജനിയെ പുതിയ കാലത്തും അദ്ദേഹം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിക്കുന്നു. അതുകൊണ്ട് തന്നെ രജനി ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വിഭവങ്ങളെല്ലാം ചിത്രത്തിലുണ്ട്. ഇനി ഒരു രജനി ആരാധകന്‍ അല്ലെങ്കില്‍ കൂടി സിനിമയെ ഇഷ്ടപ്പെടാന്‍ തക്കവണ്ണമുള്ള ചേരുവകളും കാര്‍ത്തിക് ഒരുക്കിയിട്ടുണ്ട്. ആട്ടവും പാട്ടും വര്‍ണ്ണപ്പൊലിമയും ട്വിസ്റ്റുകളും കിടിലന്‍ ആക്ഷനുമെല്ലാമായി ഒരു ആഘോഷമായി തന്നെയാണ് പേട്ടയുടെ യാത്ര. കാലയേയോ കബാലിയേയോ പോലെ കാര്യമായി വലിഞ്ഞു മുറുകാതെ ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് കാര്‍ത്തിക്. ദൈര്‍ഘ്യം അല്‍പ്പം കുറച്ചിരുന്നെങ്കില്‍ കൂടുതല്‍ ആസ്വാദ്യകരമായിരുന്നു ചിത്രമെന്നതും പറയാതെ വയ്യ.
പേട്ടയായി രജനീകാന്ത് നിറഞ്ഞാടുകയാണ്. പതിവിന് വിപരീതമായി ഉള്ളറിഞ്ഞ് അഭിനയിക്കാനും അദ്ദേഹത്തിന് സിനിമ അവസരം ഒരുക്കുന്നുണ്ട്. ഈ പ്രായത്തിലും പഴയ സ്റ്റൈല്‍ മന്നനെ അതേ പ്രസരിപ്പോടെ നമുക്ക് പേട്ടയില്‍ കാണാനാവും. ജിത്തുവായി വിജയ് സേതുപതിയും ഗംഭീരമായി. രജനികാന്തിന് ലഭിക്കുന്ന കയ്യടി വില്ലന്‍ വേഷത്തിലെത്തുന്ന വിജയ് സേതുപതിയ്ക്കും ലഭിക്കുന്നു എന്നത് തന്നെ ഈ നടനോട് പ്രേക്ഷകര്‍ക്കുള്ള ഇഷ്ടം വ്യക്തമാക്കുന്നു. സിങ്കാരം എന്ന പ്രധാന വില്ലന്‍ കഥാപാത്രത്തെ നവാസുദ്ദീന്‍ സിദ്ദിഖി മനോഹരമാക്കി. കുറച്ചു സമയമേ ഉള്ളുവെങ്കിലും ശശികുമാര്‍ അവതരിപ്പിച്ച മാലിക് എന്ന കഥാപാത്രത്തിന് കഥയില്‍ വലിയ പ്രാധാന്യമുണ്ട്. അലക്‌സായി ബോബി സിംഹയും അന്‍വറായി സനന്ത് റെഡ്ഡിയും പൂങ്കൊടിയായി മാളവിക മോഹനും  ജെ മഹേന്ദ്രനുമെല്ലാം ചിത്രത്തിലെത്തുന്നു.  മലയാളത്തിന്റെ മണികണ്ഠന്‍ ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തില്‍ തിളങ്ങുന്നു. ഇതേ സമയം മംഗലമായെത്തുന്ന സിമ്രാനും സരോവായെത്തുന്ന ത്രിഷയ്ക്കുമൊന്നും ചിത്രത്തില്‍ കാര്യമായ റോളില്ല. അനിരുദ്ധ് രവിചന്ദ്രന്റെ പശ്ചാത്തല സംഗീതവും തിരുവിന്റെ ക്യാമറയും വിവേക് ഹര്‍ഷന്റെ എഡിററിംഗുമെല്ലാം ചിത്രത്തിന് കരുത്തേകുന്നു. പീറ്റര്‍ ഹെയ്‌നിന്റെ സംഘട്ടനമാണ് മറ്റൊരു ആകര്‍ഷണം. കാണാന്‍ ആഗ്രഹിച്ച രജനീകാന്ത് ഷോ എന്ന നിലയിലും മികച്ചൊരു ത്രില്ലര്‍ എന്ന നിലയിലും പേട്ട നിങ്ങളെ ആകര്‍ഷിക്കും. ചിത്രത്തില്‍ മണികണ്ഠന്റെ കഥാപാത്രം പറയുന്നത് പോലെ കൊല മാസ്സ്.……