പെട്ടി സീറ്റ്

Web Desk
Posted on June 09, 2019, 9:41 am

മഞ്ചു ഉണ്ണികൃഷ്ണന്‍

പെട്ടി സീറ്റാണ്
പ്രൈവറ്റ് ബസ്സിന്റെ സിംഹാസനം
അവിടെയിരുന്നാല്‍
കാഴ്ച്ചയുടെ ബിനാലെ .

ഉമ്മറത്തിരുന്നാല്‍ മാത്രം
കാണുന്നവ
ചക്രം പിടിക്കുന്നവനെ
കമ്പി കൂട്ടിലിട്ടിരിക്കുന്നു .
ഇടം കൈ ഉയരത്തില്‍ പാട്ടുപെട്ടി ,
എന്നെ ചവിട്ടല്ലേ
എന്ന് നെഞ്ചില്‍ കുറിപ്പുമായി
ഗിയര്‍ബോക്‌സ് .

ബസ്സിന്റെ പേര് പിഎംഎസ്സ്
മുന്നില്‍ മിന്നുമോള്‍ കിങ്ങിണി .
ഇവരെ അറിയുമല്ലോ
മുതലാളിയുടെ മക്കളാ
അഥവാ കൊച്ചുമുതലാളിമാര്‍ .
പിന്നില്‍ കാവിലമ്മ

മതേതര ഫോട്ടോ അലങ്കാരം ഒന്ന്
ബന്ദിമാലയിട്ട ‘മാതാവിന്റെ രൂപം
അതിനു താഴെ ചന്ദനത്തിരി സ്റ്റാന്റ്,
പൂക്കൂട

വിശേഷമനുസരിച്ച്
ചന്ദനം പൂശിയും
നക്ഷത്രം തൂക്കിയും .

ഫസ്റ്റ് ഏയ്ഡ് ബോക്‌സില്‍ ചീപ്പ് ‚സോപ്പ്
മറന്നു വച്ച കുട
കാഴ്ച്ചകളോട് മല്ലിടാന്‍
പെണ്ണുങ്ങള്‍ മുന്നോട്ട് തിക്കിതിരക്കിതിക്കിത്തിരക്കി

പല്ലവി പക്ഷേ ,
‘പന്തുകളിക്കാന്‍ സ്ഥലം ഉണ്ടല്ലോ ’
എന്ന് തന്നെ!