17 June 2024, Monday

കരുണയുടെ ‘കുവി’ക്ക് കരുതല്‍

ആര്‍ ബാലചന്ദ്രന്‍
September 12, 2021 7:08 am

ഇനി ഒരിക്കലും പിറന്ന് വീണ മണ്ണിലേക്ക് തിരിച്ച് വരില്ലെന്ന ബോധ്യം കുവിക്ക് ഉണ്ടായിരുന്നില്ല. എന്നിട്ടും അവളോടുള്ള ആത്മബന്ധം കണക്കിലെടുത്ത് കുവിക്ക് ലഭിച്ചത് സ്നേഹാര്‍ദ്ദമായ യാത്രയയപ്പായിരുന്നു. പെട്ടിമുടിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസിനെയു നാട്ടുകാരെയും തിരിച്ചിലിനായി സഹായിച്ച കുവിയെ ആവേശത്തോടെയാണ് അന്ന് യാത്രയാക്കിയത്.
‘കുവി’ പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം കേരളം ഏറ്റവും കൂടുതൽ തവണ കേട്ട പേര്. ദുരന്തത്തിനിടെ അകാലത്തിൽ പൊലിഞ്ഞുപോയ ധനുഷ്ക്ക എന്ന പിഞ്ച് ബാലികയുടെ കളിക്കൂട്ടുകാരിയായിരുന്നു രണ്ട് വയസ്സുകാരി നായ. ദുരന്തഭുമിയില്‍ ധനുഷ്ക്കയെ നഷ്ടപ്പെട്ട ദുഖത്തിന്റെ വിരഹ വേദന മറന്ന് അവൾ പഴയ ജീവിതത്തിലേക്ക് ഊർജ്ജസ്വലതയോടെ മടങ്ങിയെത്തിയിരിക്കുന്നു. അതിന് സഹായിച്ചത് മൃഗസ്നേഹിയും ഇടുക്കി ജില്ലാ ഡോഗ് സ്ക്വാഡിലെ (കെ-9 സ്ക്വാഡ്) പരിശീലകൻ ചേർത്തല നഗരസഭ 12-ാം വാർഡ് കൃഷ്ണകൃപയിൽ അജിത്ത് മാധവനാണ്. കുവി ഇപ്പോൾ അനാഥയല്ല. ഇടുക്കിയിൽ നിന്നും ചേർത്തലയുടെ മണ്ണിലേക്ക് എത്തിയിട്ട് രണ്ട് മാസം പിന്നിട്ടു. ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും പൊടുന്നനെ കരകയറാൻ അജിത്തിന്റെ പരിചരണം കൊണ്ട് സാധിച്ചു. വീട്ടിനുള്ളില്‍ പ്രത്യേക സംവിധാനമൊരുക്കി പാർപ്പിച്ച് പൊലീസ് നായ്ക്കൾക്ക് നൽകുന്ന അതേ പരീശീലനങ്ങളും പരിചരണവും നൽകിവരികയാണ്. കുവിയെ ധനുഷ്ക്കയുടെ മുത്തശ്ശിയായ പളനിയമ്മയുടെ സമ്മതപ്രകാരം അജിത്ത് ഏറ്റെടുക്കുമ്പോൾ ഗർഭിണിയായിരുന്നു. പിന്നീട് ചേര്‍ത്തലയില്‍ വെച്ച് കുവി നാല് കുട്ടികളുടെ അമ്മയായി. പ്രസവത്തിന്റെ ആകുലതകൾ മാറിയതോടെ പരിശീലനം തുടരാനാണ് അജിത്ത് തീരുമാനിച്ചിരിക്കുന്നത്.

നിലവിൽ കൊലപാതകം, മോഷണം എന്നീ കുറ്റങ്ങൾ കണ്ട് പിടിക്കാനുള്ള പരിശീലനം ഒഴികെ ബാക്കിയെല്ലാം നേരത്തെ തന്നെ കുവി പൂർത്തിയാക്കിയിട്ടുണ്ട്. ഇത് രണ്ടും പഠിക്കുന്നതിനുള്ള തിരക്കിലാണ് കുവി ഇപ്പോള്‍. വന്നുകയറിയ ഈ വി ഐ പിക്ക് അജിത്തിന്റെ വീട്ടില്‍ പ്രത്യേക പരിചരണമാണ് ലഭിക്കുന്നത്. വീട്ടിനുള്ളില്‍ സ്വതന്ത്രമായി വിഹരിച്ചും കുടുംബാംഗങ്ങളോട് കുറുമ്പ് കാട്ടിയും വളരുകയാണ് ഒരു അംഗത്തെ പോലെ.

2020 ഓഗസ്റ്റ് ഏഴിന് പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ 30 മുറികളുള്ള നാല് ലയങ്ങൾ പൂർണമായി തകർന്നു. നാലു ലയങ്ങളിലായി 78 പേരാണ് താമസിച്ചിരുന്നത്. ഇതിൽ 16 പേർ രക്ഷപ്പെട്ടു. ധനുഷ്കയുടെ അച്ഛൻ പ്രദീഷ് കുമാറിന്റെ മൃതദേഹം പിറ്റേ ദിവസം കണ്ടെത്തിയിരുന്നു. കുടുംബാംഗങ്ങളുടെ കൂട്ടമരണത്തിന് ശേഷം ആഹാരം കഴിക്കാതെ ഒറ്റപ്പെട്ട് വീടിന് പുറകിൽ ചടഞ്ഞുകൂടി അവശനായിക്കിടന്നിരുന്ന നായയെ ഇടുക്കി ജില്ലാ ഡോഗ് സ്ക്വാഡിലെ പരിശീലകനും സിവിൽ പൊലീസ് ഓഫീസറുമായ അജിത്ത് മാധവൻ ഏറ്റെടുത്ത് പരിപാലിച്ചു. അജിത്തിന്റെ പിന്നാലെ കുവി കൂടി. ഒടുവില്‍ മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശപ്രകാരം പൊലീസ് ഡോഗ് സ്ക്വാഡിനൊപ്പം കൂട്ടുകയായിരുന്നു. എട്ട് മാസം ഇടുക്കി ചെറുതോണിയിലെ ശ്വാനസംരക്ഷണ കേന്ദ്രത്തിലായിരുന്നു താമസം.

കുടുംബത്തിലെ ഭൂരിഭാഗം പേരെയും കവർന്ന ഉരുൾപൊട്ടലിൽ ബാക്കിയായ ധനുഷ്കയുടെ മുത്തശ്ശി പളനിയമ്മയുടെ ആഗ്രഹ പ്രകാരമാണ് കുവിയെ കേരളാ പൊലീസ് തിരികെ നൽകിയത്. ദുരന്തത്തിൽ ഒറ്റപ്പെട്ട് മൂന്നാർ ടൗണിൽ താമസിക്കുന്ന പളനിയമ്മ തനിക്ക് തണലാകാൻ കുവിയെ തിരിച്ചുകിട്ടുമോ എന്ന് അന്വേഷിച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ട പൊലീസ് അധികൃതര്‍ കുവിയെ തിരികെ ബന്ധുക്കൾക്ക് നൽകുന്ന കാര്യം പരിഗണിക്കാൻ ഇടുക്കി ജില്ലാ പോലീസ് മേധാവിയോട് നിർദ്ദേശിച്ചു. തുടർന്നാണ് മൂന്നാർ ഡിവൈഎസ് പി സുരേഷ് ആർ, ഇടുക്കി ഡോഗ് സ്ക്വാഡ് ഇൻചാർജ്ജ് എസ് ഐ റോയ് തോമസ് എന്നിവരടങ്ങിയ പൊലീസ് സംഘം മൂന്നാറിൽ പളനിയമ്മ താമസിക്കുന്ന വീട്ടിൽ കുവിയെ എത്തിച്ചു നൽകിയത്. മറ്റ് പൊലീസ് നായ്ക്കളോടൊപ്പം കൂട്ടുകൂടി കഴിഞ്ഞിരുന്നതിനാൽ വീടിന്റെ അന്തരീക്ഷവുമായി അവള്‍ വേഗത്തിലിണങ്ങി. മറ്റ് പൊലീസ് നായ്ക്കള്‍ക്ക് നല്‍കുന്നത് പൊലെ പതിവ് പരിശീലനങ്ങള്‍ ഇതിനോടകം പൊലീസ് കുവിക്ക് നല്‍കിയിരുന്നു. എന്നാല്‍ കുവി ഗര്‍ഭിണിയാതോടെ വീണ്ടും പൊലീസിന്റെ കരങ്ങളിലേക്ക് എത്തപ്പെട്ടു. അങ്ങനെ കുവിയെ ഏറ്റെടുക്കാനുള്ള നിയോഗം അജിത്തിനായി.

 

കുവിയെ സ്വന്തം നാട്ടിലേക്ക് എത്തിച്ച് പരിപാലിക്കാന്‍ എടുത്ത തീരുമാനത്തിന് പിന്നീല്‍ മൃഗസ്നേഹം തന്നെയായിരുന്നു അജിത്ത് വ്യക്തമാക്കുന്നു. ചെറുപ്പം തൊട്ട് ഇത് കൈമോശം വരാതെ സൂക്ഷിക്കാന്‍ കഴിഞ്ഞു. തെരുവില്‍ അലഞ്ഞ് നടക്കുന്ന നായ്ക്കകള്‍ക്കും മറ്റും ഭക്ഷം നല്‍കുന്ന ശീലം തികഞ്ഞ മൃഗസ്നേഹത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണെന്ന് മാതാപിതാക്കളായ മാധവന്‍കുട്ടിയും രാധയും ഒരേ പോലെ പറയുന്നു. വീട്ടില്‍ ചെന്നാല്‍ ആരെയും സ്വാഗതം ചെയ്യുന്നതും നായ്ക്കളുടെ കുരയാണ്. കുവിയെ കൂടാതെ ആറ് നായ്ക്കള്‍ അജിത്ത് വളര്‍ത്തുന്നുണ്ട്. ഇതില്‍ രണ്ടണ്ണം തെരുവില്‍ നിന്നും എടുത്താണ് പരിപാലിക്കുന്നത്. ഇതിന് പിന്തുണയുമായി ഭാര്യ ആരതിയും മകള്‍ ഇളയും ഒപ്പമുണ്ട്. ഉദ്യോഗ തിരക്കിനിടയിലും ഇവയുടെ പരിപാലനവും മറ്റും ഒരിക്കലും തടസ്സമാകാറില്ലെന്ന് അജിത്ത് വ്യക്തമാക്കുന്നു. വളര്‍ത്ത് മൃഗങ്ങളുടെ പരിപാലനം കുടുംബകാര്യം പോലെയാണ് നടത്തുന്നത്. അതില്‍ ഒരു വിട്ടുവീഴ്ചക്കും അജിത്തും കുടുംബവും തയ്യാറാകില്ല. നായ്ക്കളെ പരിശീലിപ്പിക്കുന്ന ജോലി തിരഞ്ഞെടുത്തത് മൃഗസ്നേഹം മാത്രം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. അജിത്തിന്റെ ശിക്ഷണത്തില്‍ നിരവധി പൊലീസ് നായ്ക്കള്‍ കുറ്റാന്വേഷണത്തില്‍ സുപ്രധാന തുമ്പുണ്ടാക്കിയിരുന്നു.

കുവി ‘ദോലെ’ എന്ന് വിളിക്കുന്ന കാട്ടുനായയാണെന്നാണ് അജിത്ത് പറയുന്നത്. വിസിലിംഗ് ഡോഗെന്നും ഇവക്ക് മറ്റൊരു പേരുണ്ട്. കുരയ്ക്കുന്നതിനൊപ്പം കുറുക്കനെ പോലെ ഇടയ്ക്ക് ഓരിയിടും. കൂട്ടം ചേർന്ന് നടക്കുന്ന ഇവയെ സിംഹം ഉൾപ്പെടെയുള്ള വന്യജീവികൾക്കും ഭയമാണത്രേ. പ്രകോപനവുമില്ലാതെ ആരെയും ആക്രമിക്കും. ഏഷ്യൻ വൻകരയിലാണ് ഇവയെ കാണുന്നത്. ഇത്തരം പ്രത്യേകതകള്‍ നിറഞ്ഞ കുവിയാണ് കൃഷ്ണ കൃപയിലെ പ്രധാന താരവും. തുടക്കത്തില്‍ മറ്റ് നായ്ക്കളുമായി രമ്യതയിലായിരുന്നില്ല കുവി. പിന്നീട് അവരെല്ലാം ഉറ്റ ചങ്ങാതികളായി. കുളിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതും എല്ലാം അജിത്താണ്. ജോലിതിരക്കിനെ തുടര്‍ന്ന് ഇടുക്കിയില്‍ നിന്നും വരാന്‍ സാധിക്കാത്ത സമയങ്ങളില്‍ വീട്ടുകാരാണ് എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നത്. ഭക്ഷണകാര്യത്തില്‍ പ്രത്യേക നിര്‍ബന്ധങ്ങളോ അവള്‍ക്കില്ല. അപരിചിതരെ കണ്ടാല്‍ കുരക്കും. പക്ഷേ ആക്രമിക്കില്ല. പൊതുവേ ശാന്ത സ്വഭാവമാണ് കുവിയുടെത്. ആരെയും ആകര്‍ഷിക്കും ഈ സ്വഭാവം അജിത്ത് പറഞ്ഞ് നിര്‍ത്തി. വീടിന്റെ പൂര്‍ണ്ണ സുരക്ഷ കുവിക്കാണ്.

 

കുവി നാട്ടില്‍ നിന്നും പോരുമ്പോള്‍ തന്നെ ചില പരിശീലനങ്ങള്‍ നേടിയിരുന്നു. പൊലീസ് നായ എന്ന പേര് ഔദ്യോഗികമായി ഇല്ലാതിരുന്നിട്ടും ഇടുക്കിയിലെ ശ്വനസേനയിലെ മികച്ച ട്രാക്കിംഗ് ഡോഗെന്ന പേര് നേടിയ ശേഷമാണ് കുവി മടങ്ങിയത്. ഒബീഡിയന്‍സ്, ഹീല്‍വാക്ക്, സ്മെല്ലിംഗ് എന്നിവ പരിശീലനത്തിന്റെ ഭാഗമായി പഠിച്ച് കഴിഞ്ഞിരുന്നു. പൊലീസ് ശ്വാനന്‍മാര്‍ക്കായി ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ പങ്കെടുപ്പിക്കാന്‍ കുവിയെ പരിഗണിച്ചെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു. ചേര്‍ത്തലയിലെത്തി രണ്ട് മാസം തികയും മുന്‍പ് കുവി നാല് കുട്ടികളുടെ അമ്മയായി. എന്നാല്‍ ജനന സമയത്ത് ഒരു കുഞ്ഞിനെ നഷ്ടമായി. കുവി ആലപ്പുഴയിലെത്തിയതറിഞ്ഞ് നിരവധി പേരാണ് കാണാനായി അജിത്തിന്റെ വീട്ടിലേക്ക് എത്തുന്നത്. എന്നാല്‍ കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സന്ദര്‍ശനത്തിന് അനുമതി നല്‍കിയിട്ടില്ല. വീഡിയോ കോളിംങ്ങിലൂടെ കുവിയുടെ ആദ്യ ഉടമസ്ഥരെ അജിത്ത് കാണിക്കുകയും ചെയ്തു. ഇതിനിടെ ഡിപ്പാര്‍ട്ട്മെന്റിലെ ചിലര്‍ കുഞ്ഞുങ്ങളെ ഏറ്റെടുക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. വൈകാതെ കുഞ്ഞുങ്ങളുടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും.

 

മനുഷ്യര്‍ക്കിടയിലുള്ള ഹൃദയ ബന്ധങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്ന ഈകാലത്ത് കുവി എന്ന നായ ഉര്‍ത്തുന്ന സന്ദേശം വലുതാണ്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ കളിക്കൂട്ടുകാരി ധനുഷ്ക്കയെ കണ്ടെത്താന്‍ കുവി കാട്ടിയ പരിശ്രമങ്ങള്‍ വിസ്മരിക്കാനാകില്ല. മനുഷ്യ സ്നേഹത്തിന്റെ വില എന്താണെന്ന് അവള്‍ തിരിച്ചറിഞ്ഞത് ധനുഷ്ക്കയിലൂടെയായിരുന്നു. ചേര്‍ത്തലയില്‍ സ്ഥിരതാമസക്കാരിയായി രണ്ട് മാസം പിന്നിട്ടിട്ടും സഹജീവികളോട് മാത്രമല്ല തന്നെ ഏറ്റെടുത്ത അജിത്തിന്റെ കുടുംബത്തോടുമുള്ള സ്നേഹത്തിന് ഒരു കുറവും കുവി വരുത്തിയിട്ടില്ല. കുറുമ്പുകള്‍ കാട്ടി യഥേഷ്ടം വിഹരിക്കുകയാണ് അവള്‍. വീടിനുള്ളില്‍ കുവി പൂര്‍ണ്ണ സ്വതന്ത്രയായാണ്. അവള്‍ക്ക് ചുറ്റം സ്നേഹത്തിന്റെയും കരുതലിന്റെയും വേലി തീര്‍ത്തിരിക്കുകയാണ് അജിത്തും കുടുംബവും. ഏറ്റവും നല്ല രീതിയില്‍ കുവിയെ നോക്കുമെന്ന് പെട്ടിമുടയിലെ നിവാസികള്‍ക്ക് അജിത്ത് നല്‍കിയ വാഗ്ദാനം പൂര്‍ണ്ണമായും പാലിക്കുകയാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.