Monday
16 Dec 2019

പെയ്തു തീരാത്ത വേനല്‍ മഴ

By: Web Desk | Sunday 20 January 2019 8:16 AM IST


കെ ദിലീപ്

എന്നും സൗമ്യവും ദീപ്തവുമായ ഒരു സാന്നിധ്യമായിരുന്നു ലെനിന്‍. എഴുപതുകളിലെ ക്യാമ്പസുകളില്‍ വിടര്‍ന്ന നവഭാവുകത്വത്തെ നെഞ്ചോടു ചേര്‍ത്തവരില്‍ ഒരാള്‍. ജീവിതത്തില്‍ സൗഹൃദങ്ങള്‍ക്ക് വലിയ വില കല്‍പിച്ചിരുന്നയാള്‍. മലയാള സിനിമയില്‍ വ്യത്യസ്ഥമായ വഴികളിലൂടെ സഞ്ചരിക്കാന്‍ കരളുറപ്പുണ്ടായിരുന്ന സംവിധായകന്‍. 2019 ജനുവരി 14ന് രാത്രി നമ്മെ വിട്ടുപിരിഞ്ഞതോടെ മലയാള സിനിമയ്ക്ക് നവഭാവുകത്വം സംഭാവന ചെയ്തവരില്‍ ഇന്നും സജീവമായി നില്‍ക്കുന്ന ഒരാള്‍ കൂടി നഷ്ടമായി.
ആദ്യ ചിത്രം ‘വേനല്‍’ 1981ലാണ് തിയേറ്ററുകളിലെത്തുന്നത്. ലെനിന്റെ എല്ലാ ചലച്ചിത്രങ്ങളുടെയും ഉള്ളില്‍ ഒഴുകുന്ന പ്രണയത്തിന്റെയും സംഗീതത്തിന്റെയും അവിരാമമായ ഒരു ധാര ഈ ചിത്രത്തിലും നമുക്ക് കാണാം. സ്‌നേഹരഹിതവും ഊഷരവുമായ വിവാഹജീവിതത്തിലേക്ക് എത്തിപ്പെട്ട ഒരു പെണ്‍കുട്ടിയിലൂടെ സ്ത്രീപുരുഷ ബന്ധങ്ങളെ നോക്കിക്കാണുന്ന വേനല്‍ പിന്നീടുവന്ന ക്യാമ്പസ് ചലച്ചിത്രങ്ങളുടെ ഒരു ട്രെന്‍ഡ് സെറ്റര്‍ ആയി മാറി. വേനലിനായി നെടുമുടി വേണു ആലപിച്ച അയ്യപ്പപ്പണിക്കരുടെ ‘പകലുകള്‍ രാത്രികള്‍’ എന്ന കവിത വളരെക്കാലം കേരളത്തിലെ യുവമനസുകളിലൂടെ സഞ്ചരിച്ചു. ലെനിന്റെ സിനിമകളെല്ലാം തന്നെ സംഗീതവുമായി ഇഴചേര്‍ന്ന് നിന്നു. ചില്ല് എന്ന ചിത്രത്തിലെ ഒഎന്‍വിയുടെ ‘ഉപ്പ്’ എന്ന കവിതാസമാഹാരത്തിലെ കവിതകള്‍, സ്വാതിതിരുനാള്‍ കീര്‍ത്തനങ്ങള്‍, ദൈവത്തിന്റെ വികൃതികള്‍ക്കായി കവി മധുസൂദനന്‍ നായര്‍ എഴുതിയ കവിത, ‘മഴ’യ്ക്കായി നെയ്യാറ്റിന്‍കര വാസുദേവന്‍ ആലപിച്ച ഗാനം തുടങ്ങി ഒട്ടനവധി ഉദാഹരണങ്ങള്‍. ‘രാത്രിമഴ’ ഒരു സംഗീത ശില്‍പത്തിന്റെ ചാരുതയുള്ള ചലച്ചിത്രമായിരുന്നു. മലയാളത്തിലെ എക്കാലത്തേയും മികച്ച സംഗീത സംവിധായകരായ എം ബി ശ്രീനിവാസനും ദേവരാജന്‍ മാസ്റ്ററുമാണ് ലെനിന്റെ ആദ്യകാല സിനിമകള്‍ക്ക് സംഗീതം നല്‍കിയത്. പില്‍ക്കാല സിനിമകളിലധികവും രമേശ് നാരായണനും.
തീവ്രപ്രണയത്തിന്റെ ഭിന്നഭാവങ്ങളാണ് പല ലെനിന്‍ ചിത്രങ്ങളുടെയും പ്രമേയം. വേനല്‍, ചില്ല്, മഴ, രാത്രിമഴ ഇവയെല്ലാം പ്രണയത്തിന്റെയും വിരഹത്തിന്റെയും സപ്തവര്‍ണങ്ങള്‍ ഒരു പ്രിസം കണക്കെ പ്രതിഫലിപ്പിക്കുന്നു. ചരിത്രത്തിന്റെ പുനര്‍വായന നിര്‍വഹിക്കുന്നവയാണ് ‘മീനമാസത്തിലെ സൂര്യന്‍’, ‘സ്വാതിതിരുനാള്‍’, ‘പുരാവൃത്തം’, ‘കുലം’ എന്നിവ. സമകാലിക കേരള സമൂഹത്തിലെ സാമൂഹ്യസാഹചര്യങ്ങള്‍, അധികാരശ്രേണിയുടെ രാഷ്ട്രീയം ഇവ ചര്‍ച്ച ചെയ്യുന്ന ചലച്ചിത്രങ്ങളാണ് ‘വചനം’, ‘അന്യര്‍’ എന്നിവ. ‘വചനം’ പ്രതിപാദിക്കുന്ന ആള്‍ദൈവങ്ങളുടെ ആവിര്‍ഭാവവും വളര്‍ച്ചയും ഇന്ന് ആ ചിത്രത്തെ ഒരു പ്രവചന സ്വഭാവമുള്ളതാക്കി മാറ്റിയിരിക്കുന്നു. ലെനിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന് വചനം തന്നെയായിരിക്കും. ‘ദൈവത്തിന്റെ വികൃതികള്‍’ എന്ന എം മുകുന്ദന്റെ വിഖ്യാത നോവല്‍, ലെനിന്‍ രാജേന്ദ്രന്റെ സിനിമയായി പരിണമിച്ചപ്പോള്‍ അതിന് ദൃശ്യതലത്തില്‍ നോവലില്‍ നിന്നും വ്യത്യസ്തമായി വലിയ അര്‍ഥതലങ്ങള്‍ കൈവരുന്നു. ‘രാത്രിമഴ’യും ‘മകരമഞ്ഞും’ ‘ഇടവപ്പാതി’യും സ്വീകരിച്ച പ്രമേയങ്ങളുടെ വ്യത്യസ്ഥതകൊണ്ടാണ് ശ്രദ്ധേയമാകുന്നത്. മറ്റു ലെനിന്‍ ചിത്രങ്ങളില്‍ നിന്ന് ‘പ്രേംനസീറിനെ കാണ്‍മാനില്ല’ എന്ന സറ്റയര്‍ ചിത്രം മാറിനില്‍ക്കുന്നു.

Lenin rajendran

നാടകരംഗത്തും ലെനിന്‍ രാജേന്ദ്രന്‍ തന്റേതായ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ജി ശങ്കരപ്പിള്ളയുടെ ‘മൂധേവിത്തെയ്യം’, കുമാരനാശാന്റെ ‘കരുണ’ ഇവ രംഗാവിഷ്‌കാരങ്ങളായി അദ്ദേഹം അരങ്ങിലെത്തിച്ചു. കെപിഎസിക്കുവേണ്ടി ലെനിന്‍ സംവിധാനം ചെയ്ത ‘രാജാരവിവര്‍മ’ എന്ന നാടകം രംഗസജ്ജീകരണത്തിലും അവതരണത്തിലും വ്യത്യസ്ഥതയും പുതുമയും പുലര്‍ത്തി. സംസ്ഥാന പുരസ്‌കാരമടക്കം അനേകം അംഗീകാരങ്ങള്‍ ആ നാടകത്തെ തേടിയെത്തി.
മലയാളത്തിലെ നല്ല സിനിമയ്ക്കായി എന്നും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ലെനിന്‍ ചലച്ചിത്ര സംബന്ധിയായ ചര്‍ച്ചകളിലെല്ലാം നല്ല സിനിമയ്ക്കായുള്ള തന്റെ നിലപാട് യുക്തിസഹമായി അവതരിപ്പിച്ചു. സജീവരാഷ്ട്രീയത്തോടൊപ്പം എന്നും നില്‍ക്കുകയും രണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ചെയ്തുവെങ്കിലും സിനിമയെ ഒരിക്കലും അദ്ദേഹം കൈവിട്ടില്ല. ലെനിന്‍ രാജേന്ദ്രന്‍ വിടവാങ്ങുന്നത് മലയാളത്തിലെ കലാമൂല്യമുള്ള സിനിമകളുടെ വളര്‍ച്ചയ്ക്ക് അദ്ദേഹത്തെ ഏറ്റവുമധികം ആവശ്യമുണ്ടായിരുന്ന അവസരത്തിലാണ് എന്നത് ഏറ്റവുമടുത്ത ഒരു സുഹൃത്തിന്റെ വിയോഗത്തിലുപരി വേദനാജനകമായി മാറുന്നു. ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ ഒരു വലിയ ലക്ഷ്യസാക്ഷാത്കാരത്തിനായി സ്വന്തം ആരോഗ്യം മറന്ന് പ്രവര്‍ത്തിക്കുന്ന ഘട്ടത്തിലാണ് മരണം അദ്ദേഹത്തെ കൊണ്ടുപോയത്. കേരളമൊട്ടാകെ 150ലധികം സര്‍ക്കാര്‍ തീയേറ്ററുകള്‍ കെഎസ്എഫ്ഡിസിയുടെ ആഭിമുഖ്യത്തില്‍ നിര്‍മിക്കുക എന്ന ഉദ്ദേശത്തോടെ അതില്‍ 25 തിയേറ്ററുകളുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം സംഭവിക്കുന്നത്. മുഴുവന്‍ സമയവും തീയേറ്ററുകള്‍ക്ക് സ്ഥലം കണ്ടെത്തുവാനും ഫണ്ട് സ്വരൂപിക്കുവാനുമൊക്കെയുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു അദ്ദേഹം. ചെന്നൈയിലേക്ക് ചികിത്സാര്‍ഥം യാത്ര തിരിക്കുന്നതിന്റെ തലേദിവസം പോലും താന്‍ ആശുപത്രിയില്‍ കഴിയേണ്ടി വരുന്ന മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട പ്രവൃത്തികളെക്കുറിച്ചുള്ള നിര്‍ദേശം ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് നല്‍കുന്ന തിരക്കിലായിരുന്നു ലെനിന്‍. നല്ല സിനിമകള്‍ക്ക് തീയേറ്റര്‍ കിട്ടാത്ത ഇന്നത്തെ അവസ്ഥ അവസാനിപ്പിക്കാന്‍ ഉറച്ച തീരുമാനമെടുത്തിരുന്നു ലെനിന്‍. ലെനിന് അത് സാധിക്കുകയും ചെയ്യുമായിരുന്നു. സജീവമായി സിനിമകള്‍ ചെയ്തുകൊണ്ടിരുന്നപ്പോള്‍ തന്നെയാണ് ലെനിന്റെ വിയോഗം. 2016ലെ ചിത്രം ഇടവപ്പാതിക്കുശേഷം അടുത്ത ചിത്രത്തിന്റെ ചര്‍ച്ചകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ വിയോഗം. കെആര്‍ മോഹനേട്ടന്‍, ലെനിന്‍ രാജേന്ദ്രന്‍ മലയാള സിനിമയുടെ ഒരു വസന്തകാലത്തിന്റെ ചിഹ്നങ്ങള്‍ ഓരോന്നായി മാഞ്ഞുപോകുന്നു.

Lenin