Web Desk

വാഷിംഗ്‌ടൺ

December 13, 2020, 10:36 am

അമേരിക്കയില്‍ നാളെ മുതല്‍ ഫൈസർ വാക്സിൻ നൽകിത്തുടങ്ങും

Janayugom Online

അമേരിക്കയില്‍ നാളെ മുതല്‍ ഫൈസര്‍ കമ്പനിയുടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി തുടങ്ങും. വാക്‌സിന്റെ 30 ലക്ഷം ഡോസ് നാളെയാണ് എല്ലാ സംസ്ഥാനങ്ങളിലേക്കും എത്തിക്കുക. ഇന്നലെയാണ് അമേരിക്ക വാക്സിന്‍റെ അടിന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്.

പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ‘മെഡിക്കല്‍ മിറാക്കിള്‍’ എന്നാണ് ഇക്കാര്യത്തെ വിശേഷിപ്പിച്ചത്. ട്വിറ്ററില്‍ ഇതേക്കുറിച്ച് ഒരു വിഡിയോയും അദ്ദേഹം പങ്കുവച്ചു. 24 മണിക്കൂറിനകം അമേരിക്കയില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ കുത്തിവയ്പ് ആരംഭിക്കുമെന്നാണ് വാഗ്ദാനം.
നേരത്തെ ബ്രിട്ടണ്‍, കാനഡ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ഫൈസറിന്റെ വാക്സിന് അനുമതി നൽകിയിരുന്നു. ഫൈസർ വാക്സിന് കൊവിഡിനെ പ്രതിരോധിക്കാന്‍ മികച്ച ശേഷിയുണ്ടെന്നാണ് വിലയിരുത്തല്‍.

അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ പങ്കാളിയായ ബയോഎന്‍ടെക്കും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചത്. വാക്സിന്‍ നിര്‍മിച്ചത് വളരെ വേഗത്തിലായിരുന്നു. കൊവിഡിന്റെ ലക്ഷണങ്ങളെ 90 ശതമാനം പ്രതിരോധിക്കാന്‍ വാക്സിന് ആകുമെന്നും വാക്സിന് വലിയ സുരക്ഷാ പ്രശ്നങ്ങള്‍ ഇല്ലെന്നുമാണ് റിപ്പോർട്ടുകൾ. ആദ്യ ദിനങ്ങളില്‍ 2.9 ദശലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വയോജനങ്ങള്‍ക്കും വാക്സിന്‍ നല്‍കും. മൂന്ന് ലക്ഷത്തിനടുത്ത് ആളുകളാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. പത്ത് മാസത്തില്‍ അധികമായി കൊവിഡ് അമേരിക്കയില്‍ അതി സങ്കീർണമായ അവസ്ഥയിൽ പടർന്നു പിടിക്കുകയായിരുന്നു.

 

Eng­lish Sum­ma­ry; pfiz­er Covid vac­cine will be giv­en with­in 24 hours in America
You May Also Like This Video ;