Friday
22 Feb 2019

ഫിലിപ്പൈന്‍സ് പ്രസിഡന്റും ദൈവവും

By: Web Desk | Wednesday 11 July 2018 10:46 PM IST

kureeppuzha

കുഞ്ഞുറുമ്പു മുതല്‍ കൂറ്റന്‍ തിമിംഗിലം വരെയുള്ള ജീവികളടക്കം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതില്‍ ദൈവത്തിന് ഒരു പങ്കുമില്ലെന്ന കാര്യത്തില്‍ ഇന്ന് ആര്‍ക്കും തന്നെ സംശയമില്ല. ദൈവം ആദ്യം മനുഷ്യനെ സൃഷ്ടിക്കുകയും പിന്നീട് ഡാര്‍വിന്‍ പറഞ്ഞതുപോലെ പരിണമിച്ചുവരികയും ചെയ്തു എന്ന് ഒരിടത്തും പഠിപ്പിക്കുന്നില്ല. മതവിദ്യാലയങ്ങളില്‍ ഭൂമി പരന്നതാണെങ്കിലും മറ്റു വിദ്യാലയങ്ങളില്‍ ഭൂമി ഉരുണ്ടുതന്നെയാണിരിക്കുന്നതെന്ന് ഗലീലിയോയെ പീഡിപ്പിച്ചവര്‍ പോലും ഇന്ന് സമ്മതിക്കുന്നുണ്ട്. കേന്ദ്ര സ്ഥാനത്തുനിന്നും ഭൂമിയെ മാറ്റുകയും പകരം സൂര്യനെ സ്ഥാപിക്കുകയും ചെയ്തുകൊണ്ടുള്ള സ്ഥലംമാറ്റ ഉത്തരവ് നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.
പല രാജ്യങ്ങളുടെയും ഭരണഘടന ദൈവനാമത്തില്‍ തുടങ്ങുന്നുണ്ട് എങ്കിലും ജാതി വ്യവസ്ഥയാല്‍ പീഡിപ്പിക്കപ്പെട്ട ഡോ. അംബേദ്ക്കറുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കപ്പെട്ട ഇന്ത്യന്‍ ഭരണഘടന ദൈവനാമത്തില്‍ തുടങ്ങുന്നില്ല. ചൈനയടക്കമുള്ള ചില രാജ്യങ്ങള്‍ നാസ്തികരാജ്യങ്ങളാണെന്ന് ഭരണഘടനാപ്രകാരം പ്രഖ്യാപിച്ചിട്ടുമുണ്ട്.
ദൈവത്തിന് പ്രാമുഖ്യമില്ലാത്ത രാജ്യങ്ങളില്‍ ധാരാളം പ്രാര്‍ഥനാലയങ്ങള്‍ ഉണ്ട്. ചരിത്രബോധമുള്ള ആ രാജ്യത്തെ ഭരണാധികാരികള്‍ അതൊന്നും പൊളിച്ചുകളഞ്ഞിട്ടില്ല. അവിടേക്ക് പ്രാര്‍ഥിക്കാന്‍ പോകുന്നവരുടെ എണ്ണം തീരെ കുറവാണ്. അത്യാകര്‍ഷകമായി പണിതുയര്‍ത്തിയ ഒരു ആളില്ലാപ്പള്ളി ഭംഗിയായി സൂക്ഷിച്ചിരിക്കുന്നത് ഹോചിമിന്‍ സിറ്റിയില്‍ കണ്ടതോര്‍ക്കുന്നു.
നിരീശ്വരവാദികളായ രാഷ്ട്രത്തലവന്മാര്‍ നിരവധിയുണ്ടെങ്കിലും അവരാരും തന്നെ സ്ഥാനത്യാഗം മുന്‍നിര്‍ത്തിയുള്ള ഒരു വെല്ലുവിളി നടത്തിയിട്ടില്ല. ഇവിടെയാണ് ഫിലിപ്പൈന്‍സിന്റെ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍റ്റെയുടെ ഒരു പ്രസ്താവന ശ്രദ്ധേയമാകുന്നത്. ദൈവം ഉണ്ടെന്ന് തെളിയിച്ചാല്‍ പ്രസിഡന്റു പദം രാജിവയ്ക്കാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം പരസ്യപ്രഖ്യാപനം നടത്തിയിരിക്കുന്നു.
നിരവധി ദ്വീപസമൂഹങ്ങള്‍ ചേര്‍ന്ന ഒരു ചെറുരാജ്യമാണ് ഫിലിപ്പൈന്‍സ്. രാഷ്ട്രീയ കാരണങ്ങളാലും അന്യനാടുകളില്‍പ്പോയി കഠിനാധ്വാനം ചെയ്യുന്ന ഫിലിപ്പിനോകളാലും പണ്ടേ ശ്രദ്ധേയമാണ് ആ രാജ്യം. വെളുത്ത് ഉയരം കുറഞ്ഞ ഫിലിപ്പിനോ അഭിമാനികളും നന്മയുള്ളവരുമാണ്. കണക്കനുസരിച്ച് ഫിലിപ്പൈന്‍സ് ജനതയില്‍ എണ്‍പതു ശതമാനവും ക്രിസ്തുമത വിശ്വാസികളുമാണ്. കര്‍ത്താവില്‍ വിശ്വസിച്ചാല്‍ നീയും നിന്റെ കുടുംബവും രക്ഷപ്പെടുമെന്ന് ഉരുവിടേണ്ടവര്‍. അവരുടെ രാഷ്ട്രപതിയാണ് തന്റെ നാസ്തികത്വം പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ദാവാ സിറ്റിയില്‍ നടന്ന ശാസ്ത്ര സാങ്കേതിക സമ്മേളനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ദൈവത്തെ കാണാനോ സംസാരിക്കാനോ സാധിക്കുമെന്ന് സെല്‍ഫിയോ ഫോട്ടോയോ സഹിതം ആരെങ്കിലും തെളിയിച്ചാല്‍ പ്രസിഡന്റ് പദം രാജിവയ്ക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. തികച്ചും ശാസ്ത്രബോധമുള്ള ഒരു ഭരണാധികാരിയുടെ ഉജ്ജ്വലമായ ചിന്തയാണ് ആ പ്രഖ്യാപനത്തില്‍ മുഴങ്ങിക്കേട്ടത്.
ശാസ്ത്രതാല്‍പ്പര്യം ഉണര്‍ത്താന്‍ പ്രതിജ്ഞാബദ്ധമായ ഒരു ഭരണഘടയാണ് ഇന്ത്യയ്ക്കുള്ളത്. യുക്തിബോധത്തോടെ കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്ന നാസ്തികനായ ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു ആദ്യത്തെ പ്രധാനമന്ത്രി. ആ കസേരയില്‍ ഇപ്പോഴിരിക്കുന്ന വ്യക്തിയാകട്ടെ ശാസ്ത്രബോധമുള്ളവരുടെ ഒരു സമ്മേളനത്തില്‍ പറഞ്ഞത് അതിപുരാതന കാലത്തുതന്നെ ഇന്ത്യക്കാര്‍ക്ക് പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് അറിയാമായിരുന്നു എന്നാണ്. ഗണപതി എന്ന ഐതിഹ്യ കഥാപാത്രത്തിന്റെ ആനത്തല ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. അദ്ദേഹത്തിന്റെ അനുയായികളാകട്ടെ, തവളക്കല്യാണം, ചന്ദ്രപ്പൊങ്കാല, മൃഗബലിയാഗം, നാരീപൂജ, കുരങ്ങുദൈവസേവ ഇവയ്‌ക്കെല്ലാം കാവല്‍ നില്‍ക്കുകയുമാണ്.
ഫിലിപ്പൈന്‍സ് പ്രസിഡന്റിന്റെ ശാസ്ത്രബോധത്തോടെയുള്ള പരസ്യപ്രഖ്യാപനത്തെ അഭിവാദ്യം ചെയ്യേണ്ടതുണ്ട്. പ്രസിഡന്റ് പദത്തില്‍ തുടരാന്‍വേണ്ടി ദൈവത്തിന് നേര്‍ച്ച വാഗ്ദാനം ചെയ്യുകയല്ലല്ലോ അദ്ദേഹം ചെയ്തത്. രാഷ്ട്രത്തലവന്മാര്‍ യുക്തിബോധത്തോടെയാണ് പ്രവര്‍ത്തിക്കേണ്ടത്. ഏറ്റവും കുറഞ്ഞത് മനുഷ്യനെ കൊല്ലാനായി ഭരണകൂടം കരുതിവച്ചിരിക്കുന്ന ആണവായുധങ്ങള്‍ പുരാണത്തിലെ ആഗ്നേയാസ്ത്രത്തിന്റെ പിന്‍തുടര്‍ച്ചയാണെന്ന് പറയാതിരിക്കാനുള്ള ശാസ്ത്രബോധമെങ്കിലും ഭരണാധികാരികള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്.