Web Desk

കോഴിക്കോട്

June 27, 2021, 9:15 pm

കോവിഡ് നിയന്ത്രണങ്ങള്‍; വഴിമുട്ടി ഫോട്ടോഗ്രാഫർമാരുടെ ജീവിതം

Janayugom Online

ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങൾ ഫ്രെയിമിലേക്ക് പകർത്തുന്ന പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരും ഫോട്ടോഗ്രഫി സ്റ്റുഡിയോകളും പിടിച്ചു നിൽക്കാനാവാതെ പ്രതിസന്ധിയിൽ. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ആഴ്ചയിൽ മൂന്നു ദിവസം തുറന്നു പ്രവർത്തിക്കുവാൻ അനുമതിയുണ്ടെങ്കിലും തുറന്നിട്ടും പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലെന്നാണ് ഫോട്ടോഗ്രാഫർമാർ വ്യക്തമാക്കുന്നത്.
ദീർഘനാളായി അടച്ചിട്ടിരുന്നതിനാൽ ക്യാമറകൾ ഉൾപ്പെടെ ലക്ഷങ്ങൾ വിലയുള്ള പല ഉപകരണങ്ങളും കേടുവന്നു. അടഞ്ഞു കിടന്ന സമയങ്ങളിലെ വാടക കുടിശ്ശികയും വൈദ്യുതി ബില്ലും ഉൾപ്പെടെ വൻ തുകയാണ് പ്രവർത്തിക്കാത്ത സമയത്തും ഇവർക്ക് അടച്ചുതീർക്കുവാനുള്ളത്.

കോവിഡ് നിയന്ത്രണങ്ങളിൽ ജീവിത നിമിഷങ്ങളെല്ലാം വെറും ചടങ്ങുകൾ മാത്രമാവുകയും ഓൺലൈനിലേക്ക് പരിപാടികൾ വഴിമാറുകയും ചെയ്തതോടെയാണ് ഫോട്ടോഗ്രാഫർമാരുടെ ജീവിതം വഴിമുട്ടിയത്. വിവാഹ ചടങ്ങുകളായിരുന്നു സ്റ്റുഡിയോകളുടെ പ്രധാന വരുമാന മാർഗം. വിവാഹം കുറച്ച് ആളുകൾ മാത്രം പങ്കെടുക്കുന്ന ചടങ്ങാവുകയും ഫോട്ടോ സെഷൻ ഭൂരിഭാഗം പേരും ഉപേക്ഷിക്കുകയും ചെയ്തതോടെ ഫോട്ടോഗ്രാഫർക്കും പണിയില്ലാതായി. പൊതുപരിപാടികളും ഉദ്ഘാടന ചടങ്ങുകളും അനുസ്മരണങ്ങളും നിലച്ചതോടെ പ്രതിസന്ധി രൂക്ഷമായി. പാസ്‌പോർട്ട് സൈസ് ഫോട്ടോ എടുക്കാനായിരുന്നു സ്റ്റുഡിയോകളിൽ കൂടുതൽ ആളുകൾ എത്തിയിരുന്നത്. ഇതും വലിയ തോതിൽ കുറഞ്ഞിരിക്കുകയാണ്. കുടുംബ ഫോട്ടോ എടുക്കാൻ അടുത്തെങ്ങും ആരും എത്തുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും സ്റ്റുഡിയോ ഉടമകൾ പറയുന്നു.
ആദ്യ ലോക്ഡൗണിന് ശേഷം വീണ്ടും ജീവിതം കരുപ്പിടിപ്പിച്ച് വരുമ്പോഴാണ് രണ്ടാം തരംഗം എത്തിയത്.

അതിനെ തരണം ചെയ്യാൻ കഴിയാതെ പല ഫോട്ടോഗ്രാഫർമാരും മറ്റ് ജോലികൾക്ക് പോവുകയാണ് ഇപ്പോൾ.
ലക്ഷക്കണക്കിന് രൂപ ബാങ്കുകളിൽ നിന്ന് വായ്പയെടുത്താണ് പലരും സ്റ്റുഡിയോകൾ ആരംഭിച്ചത്. തിരിച്ചടവ് പോലും മുടങ്ങിയ സാഹചര്യത്തിലാണ് മറ്റു ജോലികൾക്ക് പോകാൻ ഫോട്ടോഗ്രാഫർമാർ നിർബന്ധിതരായത്. കോടിക്കണക്കിന് രൂപ മുതൽമുടക്കുള്ള കളർ ലാബുകൾ, അവിടെ ജോലി ചെയ്യുന്ന പ്രിന്റർമാർ, ആൽബം മേക്കേഴ്സ്, ഡിസൈനേഴ്സ്, ഫോട്ടോ ഫ്രെയിമിംഗ് ജോലി ചെയ്യുന്നവർ, വീഡിയോ എ‍ഡിറ്റർമാർ, ഫോട്ടോഗ്രാഫി ഉപകരണങ്ങൾ വിൽക്കുന്ന കടകൾ എന്നിവരെല്ലാം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഏതാണ്ട് രണ്ട് ലക്ഷത്തോളം കുടുംബങ്ങൾ ഫോട്ടോഗ്രാഫി മേഖല കൊണ്ട് ജീവിതം തള്ളി നീക്കുന്നുണ്ട്.
eng­lish summary;phographer’s are in cri­sis dur­ing lock­down period
you may also like this video;