Web Desk

ന്യൂഡല്‍ഹി

July 18, 2021, 10:01 pm

വീണ്ടും പെഗാസസ്: മന്ത്രിമാരുടെയും ജഡ്ജിമാരുടെയും ഫോണുകള്‍ ചോര്‍ത്തിയെന്ന് ആരോപണം

Janayugom Online

ഇന്ത്യയിലെ മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തിയതായി വീണ്ടും ആരോപണം. ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. പ്രമുഖരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നുവെന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

സുപ്രീം കോടതി ജഡ്ജിമാര്‍, പത്രപ്രവര്‍ത്തകര്‍, മോഡി മന്ത്രിസഭയിലെ മന്ത്രിമാര്‍, ആര്‍എസ്‌എസ് നേതാക്കള്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തുന്നതായാണ് അദ്ദേഹം ട്വീറ്റില്‍ പറയുന്നത്. ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ചാണ് ചോര്‍ത്തല്‍. വാഷിങ്ടണ്‍ പോസ്റ്റ്, ഗാര്‍ഡിയന്‍ എന്നീ മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് അഭ്യൂഹമെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.

പ്രതിപക്ഷ നിരയിലെ നിരവധി പേരുടെയും ഫോണുകള്‍ ചാര സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച്‌ ചോര്‍ത്തുന്നുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറെക് ഒബ്രിയാനും ആരോപിച്ചിട്ടുണ്ട്. സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റിനുള്ള പ്രതികരണമായാണ് അദ്ദേഹത്തിന്റെ ആരോപണം. ഈ വാര്‍ത്തയെ ശരിവെക്കുന്ന വിധത്തില്‍ രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും അടക്കമുള്ളവര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പെഗാസസ് എന്ന ചാര സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച്‌ ഇന്ത്യക്കാരായ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി 2019ല്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. പത്രപ്രവര്‍ത്തകരും വിവരാവകാശ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെ 121 പേരുടെ ഫോണുകളില്‍ പെഗാസസ് നുഴഞ്ഞുകയറിയതായി വാട്‌സ്‌ആപ്പ് ആണ് അന്ന് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.

Eng­lish Sum­ma­ry: Phones of Jour­nal­ists, Min­is­ters, Activists May Have Been Spy Using Pegasus

You may like this video also