‘നിറത്തിന്റെ പേരിൽ അയാൾ ഉപേക്ഷിച്ചത് നന്നായി’;ഫോട്ടോഗ്രാഫറുടെ കുറിപ്പ് വൈറലാകുന്നു

Web Desk
Posted on October 21, 2019, 4:44 pm

സമൂഹത്തിന്റെ സൗന്ദര്യ സങ്കൽപ്പങ്ങൾ പലതാണ്. നിറം കുറഞ്ഞ വരും മുടി കുറഞ്ഞവരും അങ്ങനെ കുറച്ച് ആളുകൾ സമൂഹത്തിന്റെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ രണ്ടാം സ്ഥാനത്താണ്. അവരെയൊന്നും സൗന്ദര്യത്തിന്റെ പട്ടികയിൽ പെടുത്തിയിട്ടേയില്ല. വെളുക്കാനുള്ള വഴികളിൽ തുടങ്ങി നിറം കുറഞ്ഞവർക്കും തടി കൂടിയവർക്കും ചേരുന്ന ഡ്രസ്സുകളും, മേക്കപ്പ് രീതികളും വരെ കാലാകാലങ്ങളായി സമൂഹത്തിന്റെ കണ്ണിൽ വ്യക്തമായി തിരിച്ച് വെച്ചിട്ടുണ്ട്. അവിടെ ഈ ‘രണ്ടാം തര’ക്കാർക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനോ ഇഷ്ടമുള്ളതു പോലെ ഒരുങ്ങി നടക്കുവാനോ സാധിക്കില്ല. നീ കറുപ്പ് അല്ലേ, അത് നിനക്ക് ചേരില്ല, അങ്ങനെ പലതരം അഭിപ്രായങ്ങൾക്ക് നടുവിലും കറുമ്പി ആണെങ്കിൽ എന്താ അവൾ സുന്ദരിയല്ലേ, കറുപ്പ് ആണെങ്കലും മനസ്സ് വെളുപ്പല്ലേ, അങ്ങനെ ആശ്വാസ വാക്കുകൾ വേറെയും.

കറുപ്പ് എന്ന നിറത്തിന്റെ പേരിലുള്ള അവഗണനകൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരുന്നത് പെൺക്കുട്ടികൾക്ക് ആയിരിക്കും. കല്ല്യാണത്തിന്റെ കാര്യത്തിൽ ആണെങ്കലും മറ്റെന്ത് കാര്യത്തിൽ ആണെങ്കിലും. പെണ്ണ് കുറച്ച് കറുപ്പാണ് അല്ലാതെ വേറെ പ്രശ്നം ഒന്നൂല്ല, അത് ഒരു പ്രശ്നമായി തന്നെ കാണുന്ന സമൂഹത്തിൽ അത് പ്രശ്നമല്ലാതാക്കാൻ ആണ് മിക്കവരും ശ്രമിക്കുക. സ്വന്തം നിറത്തിനോട് തന്നെ വെറുപ്പ് തോന്നുന്ന അവസ്ഥ…എല്ലായിടത്തും നിന്നൊരു പിൻവലിയൽ, കഴിവുകൾ എത്രയുണ്ടെങ്കിലും അത് പ്രകടിപ്പിക്കാതെ മാറ്റി നിർത്തൽ, അങ്ങനെ നിറത്തിന്റെ പേരിൽ പലതും മാറ്റി വെച്ചവരായിരിക്കും നമ്മളിൽ പലരും. അത്തരത്തിൽ നിറത്തിന്റെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ അതിജീവിച്ച് തന്റെ സ്വപ്നത്തിലേയ്ക്ക് എത്തിച്ചേർന്ന ഒരു വനിതാ ഫോട്ടോഗ്രാഫറുടെ അനുഭവക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജില്‍ വിശദമാക്കിയ കുറിപ്പ് ഇങ്ങനെ.

Image may contain: 2 people, indoor

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

സ്കൂള്‍ കാലം മുതല്‍ നേരിട്ടിരുന്ന പരിഹാസത്തിന് വില കൊടുത്തിരുന്നില്ല. മാതാപിതാക്കളുടെ ബന്ധുവീടുകളില്‍ എത്തുമ്പോള്‍ നിറം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങളും എന്ത് വസ്ത്രം ധരിക്കണമെന്നും ബന്ധുക്കള്‍ നിര്‍ദേശിക്കുമായിരുന്നു. നിറം അത്ര വലിയ പ്രശ്നമായി അന്നൊന്നും തോന്നിയിരുന്നില്ല. പരിഹാസം മടുത്ത് വളരെ കുറവ് ആളുകളെ മാത്രമാണ് സുഹൃത്തുക്കളായി ഉള്‍പ്പെടുത്തിയത്. സമൂഹമാധ്യമങ്ങളുടെ വരവോടെ ഓര്‍ക്കുട്ടില്‍ നിന്നാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. തന്നെ പരിഹസിക്കാതെ ഏറെ കരുതലോടെ കൊണ്ടുപോവുന്ന വ്യക്തിത്വമായിരുന്നു. എന്നാല്‍ സാവധാനമാണ് കാര്യങ്ങള്‍ മാറിയത്. ഫെയര്‍ ആന്‍ഡ് ലവ്ലി ഉപയോഗിക്കണമെന്നെല്ലാം അദ്ദേഹം പറയാന്‍ തുടങ്ങി.

ഒരിക്കല്‍ സുഹൃത്തുക്കളെയും രക്ഷിതാക്കളെയും പരിചയപ്പെടുത്താന്‍ കൊണ്ടുപോയി. എന്നാല്‍ ആ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം തന്നെ വല്ലാതെ അവഗണിക്കാന്‍ തുടങ്ങി. കാര്യം തിരക്കിയ തനിക്ക് ലഭിച്ച മറുപടി ഞെട്ടിക്കുന്നതായിരുന്നു.  ”എന്‍റെ സുഹൃത്തുക്കളുടെ വീട്ടുജോലിക്കാര്‍ക്ക് പോലും നിന്നേക്കാള്‍ നിറമുണ്ട്. ഇത്രയും വൃത്തികെട്ട നിറമുള്ള വിരൂപയായ നിന്നെ എന്‍റെ ഭാര്യയായി കാണാന്‍ എനിക്കും മാതാപിതാക്കള്‍ക്കും സാധിക്കില്ല”. എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. അപ്രതീക്ഷിതമായ പ്രതികരണമായിരുന്നു. അത് തന്നെ ഉലച്ചു. വീടിന് പുറത്തിറങ്ങാതായി. ആരോടും മിണ്ടാതായി. കാരണമെന്താണെന്ന് വീട്ടുകാര്‍ക്ക് മനസിലായില്ല. പക്ഷേ ഒരു ദിവസം അമ്മ മുറിയിലെത്തി ഏറെ നേരം സംസാരിച്ചു.

Image may contain: 1 person, smiling

ഒടുവില്‍ അമ്മ പറഞ്ഞു. ”നീ എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും ആളുകള്‍ നിന്നെ നിറത്തിന്‍റെ പേരില്‍ വിമര്‍ശിക്കും. അപ്പോള്‍ പിന്നെ നിനക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തിട്ട് വിമര്‍ശനം കേട്ടാല്‍പോരേ. എന്തിന് വേണ്ടിയാണ് മുറിയില്‍ ചുരുങ്ങിക്കൂടുന്നത്”. ആ വാക്കുകള്‍ നല്‍കിയ ഊര്‍ജ്ജം ഏറെ വലുതായിരുന്നു. പരിഹസിച്ച ആളുകള്‍ക്ക് മുന്നിലൂടെ തന്നെ ക്യാമറയെടുത്ത് ഇറങ്ങി. ആളുകളുടെ ചിത്രമെടുക്കാന്‍ തുടങ്ങി. ആളുകള്‍ തങ്ങളെക്കുറിച്ച് നല്ലത് തോന്നിക്കാന്‍ ഇന്നെന്‍റെ ചിത്രങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. എന്നേക്കുറിച്ച് തന്നെ അബോധമനസിലുണ്ടായ ഒരു ചിത്രമാണ് ഫോട്ടോഗ്രാഫി നീക്കിയത്. നിറമില്ലാത്തതിന്‍റെ പേരിലും, ഇടതൂര്‍ന്ന മുടിയില്ലാത്തതും ആളുകള്‍ നിങ്ങളെ പരിഹസിക്കാന്‍ മാര്‍ഗമായി ഉപയോഗിക്കാം. പക്ഷേ അതില്‍ വീണ് പോകണോയെന്നത് നിങ്ങളുടെ മാത്രം തീരുമാനമാണെന്ന്  ഹ്യൂമന്‍സ് ഓഫ് ബോംബേ പേജില്‍ യുവ ഫോട്ടോഗ്രാഫര്‍ കുറിക്കുന്നു. 

നിറത്തിന്റെ പേരിൽ മാറി നിൽക്കുന്നവർക്കും അപകർഷധാബോധം ഉള്ളവര്‍ക്കും ഏറെ പ്രചോദനം നൽകുന്ന വാക്കുകളാണ് ഈ ഫോട്ടോഗ്രോഫർ തരുന്നത്. നമ്മുടെ ഇഷ്ടങ്ങൾ വേണ്ടെന്ന് വെച്ച് ജീവിച്ച് തീർക്കുന്ന പലർക്കും മാറി ചിന്തിക്കുവാനുള്ള അവസരം നമ്മൾ തന്നെ കണ്ടെത്തണം.