പ്രമുഖ ഫോട്ടോഗ്രാഫർ പുനലൂർ രാജൻ അന്തരിച്ചു

Web Desk
Posted on August 15, 2020, 10:58 am

പ്രമുഖ ഫോട്ടോഗ്രാഫർ പുനലൂർ രാജൻ അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുലർച്ചെ 1.40-ഓടെയായിരുന്നു അദ്ദേഹത്തിൻറെ മരണം സംഭവിച്ചത്.

ജനിച്ചത് കൊല്ലം ജില്ലയിലായിരുന്നുവെങ്കിലും, കോഴിക്കോട് തിരുവണ്ണൂരിലെ ‘സാനഡു‘വിലായിരുന്നു താമസം. നിരവധി പ്രതിഭകളെ ബ്ലാക്ക് ആൻറ് വൈറ്റ് ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തിയ ഫോട്ടോഗ്രാഫറാണ് പുനലൂർ രാജൻ. 1963ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫറായെത്തിയതോടെയാണ് കോഴിക്കോട് അദ്ദേഹത്തിൻറെ തട്ടകമായി മാറുന്നത്. 1994‑ലാണ് അദ്ദേഹം മെഡിക്കൽ കോളജിൽ നിന്ന് വിരമിച്ചത്.

കൊല്ലം ജില്ലയിലെ ശൂരനാട്ട് പുത്തൻവിളയിൽ ശ്രീധരൻറെയും പള്ളിക്കുന്നത്ത് ഈശ്വരിയുടെയും മകനായി 1939 ഓഗസ്റ്റിലാണ് രാജൻ ജനിച്ചത്. പുനലൂർ ഹൈസ്കൂളിലായിരുന്നു പത്താംക്ലാസ് വരെ പഠനം. മാവേലിക്കര രവിവർമ സ്കൂളിൽനിന്ന് ഫൈൻ ആർട്സ് ഡിപ്ലോമ നേടിയിട്ടുണ്ട്. കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു. പാർട്ടിക്ക് വേണ്ടി സിനിമയെടുക്കുക എന്ന ലക്ഷ്യത്തിൽ പാർട്ടി തന്നെ ഇടപെട്ട് മോസ്കോ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിമോട്ടോഗ്രഫിയിൽ മൂന്നുകൊല്ലം അദ്ദേഹം സിനിമാട്ടോഗ്രഫി പഠിച്ചു. ‘ബഷീർ: ഛായയും ഓർമയും’, ‘എം. ടി. യുടെ കാലം’ എന്നിവയാണ് രാജന്റെ പുസ്തകങ്ങൾ. രണ്ടാംലോകയുദ്ധം കുഴച്ചുമറിച്ചിട്ട പ്രദേശങ്ങളിൽ സഞ്ചരിച്ച് തയ്യാറാക്കിയ ‘മഹായുദ്ധത്തിൻറെ മുറിപ്പാടുകൾ’ എന്ന ചിത്രത്തിന് സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡ് ലഭിച്ചു.

ചാലപ്പുറം ഗവ. അച്യുതൻ ഗേൾസ് എച്ച്എസ്എസിലെ റിട്ട. ഹെഡ്മിസ്ട്രസ് തങ്കമണിയാണ് ഭാര്യ, മകൻ, ഡോ. ഫിറോസ് രാജൻ കോയമ്പത്തൂർ കൊവൈ മെഡിക്കൽ സെൻററിലെ കാൻസർ സർജനാണ്. മകൾ ഡോ. പോപ്പി രാജൻ ക്വലാലംപുർ മെഡിക്കൽ കോളജിലാണ് ജോലി ചെയ്യുന്നത്.

Eng­lish sum­ma­ry; pho­tog­ra­ph­er punalur rajan has passed away

You may also like this video;