ഇവിടെ ചെന്നാല്‍ ഫോട്ടോയെടുക്കാം ഫ്രീ പച്ചക്കറി കിറ്റും കൊണ്ടുപോരാം

Web Desk
Posted on February 02, 2020, 5:29 pm

വൈറ്റ് മാജിക് ഷൂട്ടിങ് ഫ്ലോര്‍… രാമനാട്ടുകരയിലെ ഈ സ്റ്റുഡിയോയിലേക്ക് വന്നാല്‍ വെറും കൈയോടെ മടങ്ങാന്‍ ഫോട്ടോഗ്രഫര്‍ സമ്മതിക്കില്ല. ഫോട്ടോയെടുക്കാന്‍ വന്നവര്‍ക്ക് കൈ നിറയെ തക്കാളിയും പച്ചമുളകും വെണ്ടയ്ക്കുമൊക്കെ സമ്മാനിച്ചേ പറഞ്ഞുവിടൂ. അതാണ് ഈ ഷൂട്ടിങ് ഫ്ലോറിലെ പതിവ്.

കോഴിക്കോട് വൈദ്യരങ്ങാടിക്കാരന്‍ ഷിബി എം വൈദ്യര്‍ എന്ന ഫോട്ടോഗ്രഫറാണ് നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം പച്ചക്കറിയും ചെടിയും വിത്തുമൊക്കെ സൗജന്യമായി സമ്മാനിക്കുന്നത്. സ്വന്തം ഓഫീസിന്റെ ടെറസില്‍ രാസവളമിടാതെ കൃഷി ചെയ്തെടുക്കുന്ന പച്ചക്കറിയൊക്കെ നാട്ടുകാരും കൂടി കഴിക്കട്ടെയെന്നാണ് ഇദ്ദേഹം പറയുന്നത്. “80 കിലോ തക്കാളി, 40 കിലോ വെണ്ടയ്ക്ക, 35 കിലോ പയര്‍… ഇത്രേം വിളവെടുപ്പ് കഴിഞ്ഞു. പക്ഷേ തക്കാളി ഇനിയും കുറേയുണ്ട്ട്ടാ. അതൊക്കെയും വിളവെടുക്കാന്‍ പാകത്തില്‍ നില്‍പ്പുണ്ട്.

“വഴുതനങ്ങയും പച്ചമുളകും കുറവൊന്നുമല്ല… പത്തു കിലോയോളം പച്ചമുളകും വഴുതനങ്ങയും കിട്ടീട്ടുണ്ട്. പച്ചമുളക് മാത്രം മൂന്നു വെറൈറ്റിയുണ്ട്,” ഷിബി അഭിമാനത്തോടെ പറയുന്നു.

കൃഷി ചെയ്യാന്‍ ഏക്കറുക്കണക്കിന് ഭൂമിയൊന്നും വേണ്ടെന്നു മാത്രമല്ല ഷിബി കാണിച്ചു തരുന്നത്. ഗ്രോബാഗ് നിറയ്ക്കാന്‍ ഓടയില്‍ നിന്നു മണ്ണെടുക്കും, വാട്ടര്‍ ടാങ്ക് നിറഞ്ഞു കവിഞ്ഞൊഴുകുന്ന വെള്ളം സംഭരിച്ചുവയ്ക്കും, പിന്നേ ഓഫീസ് കഴുകി വൃത്തിയാക്കുന്ന വെള്ളം പോലും പാഴാക്കില്ല.ഇങ്ങനെയൊക്കെയാണ് ഷിബി ടെറസിലെ കൃഷിത്തോട്ടം നനച്ചു പരിപാലിക്കുന്നത്.

Eng­lish sum­ma­ry: Pho­tog­ra­ph­er starts organ­ic farm­ing in ter­race