ഫിസിയോ തെറാപ്പി — ആധുനിക വൈദ്യ ശാസ്ത്രത്തിന് ഒരു മുതല്‍ക്കൂട്ട്

എം അജയ്‌ലാല്‍

ചീഫ് ഫിസിയോതെറാപ്പിസ്റ്റ്

Posted on November 21, 2020, 6:13 pm
 • ആധുനിക വൈദ്യശാസ്ത്രത്തിന് ഒഴിച്ചു നിര്‍ത്താന്‍ കഴിയാത്ത രീതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ചികിത്സാരീതിയാണ് ഫിസിയോതെറാപ്പി. മരുന്നുകളുടെ പാര്‍ശ്വഫലങ്ങളില്ലാത്ത ഒരു ചികിത്സാരീതിയെന്നത് ഫിസിയോതെറാപ്പിയെ മറ്റെല്ലാ ശാഖകളെക്കാളും ജനങ്ങളിലേക്ക് അടുപ്പിക്കുന്ന ഒരു ഘടകമാണ്. രോഗിയുടെ പ്രശ്‌നങ്ങളെ ശാസ്ത്രീയപരമായി മനസ്സിലാക്കി ഭൗതിക സ്രോതസ്സുകളും വ്യായാമമുറകളും ന്യൂതന ചികിത്സാ രീതികളും കോര്‍ത്തിണക്കിക്കൊണ്ട് രോഗികള്‍ക്ക് മരുന്നുകളുടെ ലോകത്തുനിന്ന് മുക്തി നല്‍കി, രോഗശമനം നല്‍കുന്ന ആധുനിക വൈദ്യശാസ്ത്രശാഖയാണ് ഫിസിയോതെറാപ്പി. ആധുനിക ഫിസിയോതെറാപ്പിയുടെ ഉത്ഭവം 19 ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ബ്രിട്ടനിലാണെന്ന് കരുതപ്പെടുന്നു.

  എന്തിനെല്ലാം ഫിസിയോതെറാപ്പി ചികിത്സ തേടാം
  · അസ്ഥിസംബന്ധമായ രോഗങ്ങള്‍
  · മസ്തിഷ്‌ക സംബന്ധമായ രോഗങ്ങള്‍
  · ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍
  · ഗര്‍ഭകാല ശാരീരിക അസ്വാസ്ഥ്യങ്ങള്‍
  · പ്രസവാനന്തര ബുദ്ധിമുട്ടുകള്‍
  · പേശീ സംബന്ധമായ ബുട്ടിമുട്ടുകള്‍
  · ജീവിതശൈലി രോഗങ്ങള്‍
  · വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങള്‍
  · അര്‍ബുദം മൂലമുള്ള പ്രശ്‌നങ്ങള്‍
  · കുട്ടികളില്‍ കാണുന്ന ചലന വൈകല്യങ്ങള്‍
  · ശസ്ത്രക്രിയാനന്തര ബുദ്ധിമുട്ടുകള്‍
  · നാഢീസംബന്ധമായ രോഗങ്ങള്‍

എന്താണ് ഫിസിയോതെറാപ്പിസ്റ്റ് ചെയ്യുന്നത്?

 •  രോഗനിര്‍ണ്ണയത്തിലും ചികിത്സയിലുമുള്ള തങ്ങളുടെ നൈപുണ്യം ഉപയോഗിച്ച് ശൈശവം മുതല്‍ വാര്‍ദ്ധക്യം വരെയുള്ള ഘട്ടങ്ങളില്‍ നമുക്ക് ഉണ്ടായേക്കാവുന്ന വിവിധ തരം രോഗങ്ങളെയും ശസ്ത്രക്രിയാനന്തര ബുദ്ധിമുട്ടുകളെയും മറ്റു ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളെയും മനസ്സിലാക്കുകയും ഉചിതമായ ചികിത്സ നല്‍കുകയും ചെയ്യുന്നു.
 • രോഗങ്ങള്‍ക്ക് അനുസൃതമായ വ്യായാമമുറകള്‍, വിവിധ ഫ്രീക്വന്‍സിയിലുള്ള വൈദ്യുത തരംഗങ്ങള്‍, മറ്റ് ഭൗതിക സ്രോതസ്സുകള്‍ എന്നിവയുടെ സഹായത്തോടെ വേദന ശമിപ്പിക്കുകയും ചലനശേഷി വീണ്ടെടുക്കുകയും ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു.
 •  മാനുവല്‍ തെറാപ്പി, ടേപ്പിംഗ്, മയോ ഫെയിഷ്യല്‍ റിലീസ്, മൂവ്‌മെന്റ് അനാലിസിസ് തുടങ്ങിയ നൂതന ചികിത്സാരീതികളും ഉപയോഗിക്കുന്നു.

ഫിസിയോതെറാപ്പി എത്രനാള്‍?

 •  ഒരോ രോഗിക്കും ചികിത്സ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഓരോരുത്തരുടെയും രോഗ പ്രതിരോധശേഷിയും രോഗലക്ഷണങ്ങളും രോഗനിവാരണത്തിനെടുക്കുന്ന സമയവും വ്യത്യസ്തമായിരിക്കും.
 • ഫിസിയോതെറാപ്പി എത്രനാള്‍ വേണ്ടിവരുമെന്ന് ചിന്തിക്കുന്നതിനെക്കാള്‍ രോഗനിവാരണത്തിനായി ആ കാലയളവില്‍ പടിപടിയായി എന്തെല്ലാം നേടിയെടുക്കാമെന്ന ലക്ഷ്യബോധമാണ് ഉണ്ടായിരിക്കേണ്ടത്.
 •  ചികിത്സ തേടുന്നതിനൊപ്പം തന്നെ തെറാപ്പിസ്റ്റ് പറഞ്ഞുതരുന്ന വ്യായാമങ്ങള്‍ സ്വയം ആവര്‍ത്തിക്കുകയാണെങ്കില്‍ രോഗ നിവാരണം വേഗത്തിലാക്കുവാന്‍ സാധിക്കുന്നതാണ്.

ഫിസിയോതെറാപ്പിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

 • ആയുര്‍വേദത്തിന്റെ ഭാഗമായ മസ്സാജിന്റെ അലോപ്പതി രൂപമാണ് ഫിസിയോതെറാപ്പി എന്ന് കരുതുന്നവര്‍ ഏറെയാണ്. ‘തെറാപ്യൂട്ടിക് മസ്സാജ്’ എന്നത് വ്യത്യസ്തവും ഫിസിയോതെറാപ്പിയില്‍ വിരളമായി മാത്രം ഉപയോഗിക്കുന്നതുമായ ഒരു ചികിത്സാരീതിയാണ്.
 • വൈദ്യുതി കടത്തിവിട്ടുള്ള ചികിത്സയാണ് ഫിസിയോതെറാപ്പി എന്നതാണ് മറ്റൊരു തെറ്റായ ധാരണ. വളരെ ലളിതവും വേദന രഹിതവുമായ ‘ഇലക്ട്രോ തെറാപ്പി’ എന്ന ചികിത്സാരീതി ആധുനിക ഫിസിയോ തെറാപ്പിയുടെ അനുബന്ധഘടകം മാത്രമാണ് എന്നുള്ളതാണ് വസ്തുത.
 •  എല്ലാവിധ ഫിസിയോ തെറാപ്പി ചികിത്സയും ആഴ്ച്ചകളോ, മാസങ്ങളോ വേണ്ടിവരുമെന്ന വിശ്വാസവും ശരിയല്ല. ഒറ്റ ദിവസം കൊണ്ടുതന്നെ രോഗം ശമിപ്പിക്കാനോ, അതിന്റെ തീവ്രത ഗണ്യമായി കുറയ്ക്കാനോ സാധ്യമായ നൂതന മാര്‍ഗ്ഗങ്ങള്‍ ഫിസിയോതെറാപ്പിയിലുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

ഫിസിയോതെറാപ്പിയുടെ വിവിധ മേഖലകള്‍

 • ഓര്‍ത്തോപീടിക് ഫിസിയോതെറാപ്പി
 • · ന്യൂറോ ഫിസിയോതെറാപ്പി
 • കാര്‍ഡിയോ പള്‍മണറി ഫിസിയോതെറാപ്പി
 • പീഡിയാട്രിക് ഫിസിയോതെറാപ്പി
 • സ്‌പോര്‍ട്‌സ് ഫിസിയോതെറാപ്പി
  ·
 • ഒബ്സ്റ്റട്രീക്‌സ് ആന്റ് ഗൈനക് ഫിസിയോതെറാപ്പി
  ·
 • ജീറിയാട്രിക് ഫിസിയോതെറാപ്പി
  ·
 • പാലിയേറ്റീവ് കെയര്‍ ഫിസിയോതെറാപ്പി
 • എര്‍ഗ്ഗണോമിക്‌സ് ആന്റ് ഫിറ്റ്‌നസ്സ്
 • കമ്മ്യൂണിറ്റി ബേസ്ട് റീഹാബിലിറ്റേഷന്‍

തത്വാധിഷ്ഠിതമായ ഗവേണഷങ്ങളുടെയും നേരിട്ടുള്ള നിരീക്ഷണ പാടവത്തിന്റെയും അടിസ്ഥാനത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ വൈദ്യശാസ്ത്ര ശാഖ, നാമിന്ന് നേരിടുന്ന ഒട്ടുമിക്ക ആരോഗ്യപ്രശ്‌നങ്ങള്‍ക്കും അനുയോജ്യമായ ചികിത്സ പ്രദാനം ചെയ്യുന്നു. ആരോഗ്യ പരിപാലന രംഗത്ത് ഒഴിച്ചുകൂടാനാകാത്ത ഒരു ചികിത്സാ ശാഖയായി ഇന്ന് ഫിസിയോതെറാപ്പി മാറിയിരിക്കുന്നു.

 

M. AJAILAL
Chief Physiotherapist
SUT Hos­pi­tal, Pattom.
Phone: 9633305435

ENGLISH SUMMARY:Physiotherapy in ayurveda
You may also like this video