നിങ്ങൾ ഒരിക്കലും ഒറ്റക്കല്ല ; സൈന്യത്തിന്റെ ചിത്രം തറച്ചത് സമൂഹമനസിൽ

Web Desk
Posted on November 28, 2018, 8:38 pm

ശ്രീനഗര്‍ : വീരമൃത്യു വരിച്ച സൈനികന്റെ പിതാവിനെ ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിച്ച്‌ സൈനികോദ്യോഗസ്ഥൻ.  കാഴ്ചക്കാരുടെ  മനസുതകർക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. നിങ്ങളൊരിക്കലും ഒറ്റക്കല്ല എന്ന അടിക്കുറിപ്പോട് കൂടിയാണ് സൈന്യം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക് നസിര്‍ അഹമ്മദ് വാനിയുടെ പിതാവിനെ സൈനിക ഉദ്യോഗസ്ഥൻ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിക്കുന്ന ചിത്രമാണ് സൈന്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. നസീറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുന്ന ചടങ്ങിനിടെ പകര്‍ത്തിയതാണ് ഈ ചിത്രം. ഞായറാഴ്ച ഷോപിയാനില്‍ ലഷ്‌കര്‍ ഇ തോയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് നസീര്‍ അഹമ്മദ് വാനി കൊല്ലപ്പെടുന്നത്.

ചെറുപ്പത്തിൽ  ഭീകര സംഘടനയിലേക്ക് ആകൃഷ്ടനായ നസീര്‍ കശ്മീരിലെ ആക്രമണങ്ങള്‍ അര്‍ഥശൂന്യമെന്ന് കണ്ട് സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയിരുന്നു. പിന്നീട് പരിശീലനം നേടി 2004 ല്‍ സൈനികനുമായി. ഭീകരപ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തുന്നതിലുള്ള പ്രവര്‍ത്തനങ്ങളെ കണക്കിലെടുത്ത് നസീറിനെ 2007 ലും 2017 ലും സേനാ മെഡലുകള്‍ നല്‍കി ആദരിച്ചിരുന്നു. 38 കാരനായ നസീറിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.