Web Desk

തിരുവനന്തപുരം:

January 20, 2021, 10:17 pm

തിരുവനന്തപുരം വിമാനത്താവളം;സംസ്ഥാനത്തിന്റെ ഹർജി സുപ്രീം കോടതിയിൽ നിലനിൽക്കെ അഡാനിക്ക് കൈമാറി: മുഖ്യമന്ത്രി

*സംസ്ഥാനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ കേന്ദ്രത്തിന്റേത് നിരുത്തരവാദപരമായ സമീപനം
Janayugom Online

തിരുവനന്തപുരം വിമാനത്താവളം അഡാനിക്ക് കൈമാറുന്നത് വികസനത്തിനല്ലെന്നും ഇന്നുള്ളതിൽ നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് പോകാൻ സ്വകാര്യവത്കരണം കൊണ്ട് കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സ്വകാര്യവത്കരണ നടപടികളെ ചോദ്യം ചെയ്തുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീം കോടതിയിൽ നിലനിൽക്കെയാണ് അതൊന്നും പരിഗണിക്കാതെ വിമാനത്താവളം അഡാനിക്ക് കൈമാറാനുള്ള നടപടികൾ പൂർത്തീകരിച്ചത്. മര്യാദയുള്ള സർക്കാരാണെങ്കിൽ സുപ്രീം കോടതി വിധി വന്ന ശേഷമേ നടപടിയെടുക്കുമായിരുന്നുള്ളൂ. ഇതിനോട് സംസ്ഥാനത്തിന് യോജിക്കാനാവില്ല. വിമാനത്താവളം പൊതുമേഖലയിൽ നിലനിൽക്കണമെന്നതാണ് സംസ്ഥാന സർക്കാർ നിലപാട്. ഫെഡറൽ തത്വങ്ങൾക്ക് എതിരായുള്ള നിലപാടാണ് കേന്ദ്രത്തിൽ നിന്നുണ്ടായത്. സംസ്ഥാനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ നിരുത്തരവാദപരമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു.

നേരത്തെ സംസ്ഥാനത്തിന് നൽകിയ ഉറപ്പുപോലും സ്വകാര്യവത്കരണത്തിനുള്ള അമിത അഭിനിവേശം കൊണ്ട് ലംഘിക്കുന്ന നിലയാണ് ഉണ്ടായത്. ഈ വ്യഗ്രത കൊണ്ട് സംസ്ഥാനം എന്ത് പറഞ്ഞാലും തങ്ങളുടെ നിലപാടിൽ നിന്ന് പിന്നോട്ട് പോകില്ലെന്നതാണ് പുതിയ സംഭവവികാസങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. വിമാനത്താവള സ്വകാര്യവത്കരണം ചെറുക്കുന്നതിന്റെ ഭാഗമായി വിമാനത്താവളം ഏറ്റെടുക്കുന്നതിനുള്ള നിയമപരമായ നടപടികൾ ഉൾപ്പെടെ സർക്കാർ സ്വീകരിച്ചിരുന്നു.

രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളും യാതൊരു മുൻപരിചയവുമില്ലാത്ത കമ്പനിക്ക് നൽകി ഈ രംഗത്ത് തങ്ങളുടെ താല്പര്യത്തിനൊത്ത പ്രത്യേക കുത്തകളെ സൃഷ്ടിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. വിമാനത്താവള വികസനത്തിനായുള്ള ഭൂമി നേരത്തെ തന്നെ ഏറ്റെടുത്ത് നൽകിയിരുന്നു. ഈ ഭൂമി സംസ്ഥാനത്തിന്റെ ഷെയർ ആയി കണക്കാക്കണമെന്നും ഇതിലെ സ്വകാര്യവത്കരണം പാടില്ലെന്നതുമടക്കം കാര്യങ്ങൾ നേരത്തെ സംസ്ഥാനം അറിയിച്ചിരുന്നു. പക്ഷേ ഇതൊന്നും പരിഗണിച്ചിട്ടില്ല. കൈമാറിയ ഭൂമിയിൽ തങ്ങൾക്കിഷ്ടമുള്ളത് ചെയ്യുമെന്നതാണ് കേന്ദ്ര നിലപാട്. ദുസ്വാധീനത്തിന് വഴങ്ങുന്നവരെയല്ല വിമാനത്താവളം സംബന്ധിച്ച് നിയമസഹായത്തിനായി സർക്കാർ ചുമതലപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ENGLISH SUMMARY: pinarayi about air­port privatization

YOU MAY ALSO LIKE THIS VIDEO