മോഡിയുടെ സത്യപ്രതിജ്ഞക്ക് മമതയില്ല പിണറായിയുമില്ല

Web Desk
Posted on May 29, 2019, 3:30 pm

തിരുവനന്തപുരം:രാഷ്ട്രീയ മുതലെടുപ്പാണ് നോട്ടം, പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍  പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കില്ല. ബംഗാളില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ച സാഹചര്യത്തിലാണ് പിന്‍മാറ്റം. ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പിനാണ് മോദി ശ്രമിക്കുന്നതുമെന്നാണ് മമതയുടെ ആരോപണം.

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നരേന്ദ്രമോഡി മമത ബാനര്‍ജിയെ ക്ഷണിച്ചിരുന്നു. മോഡി യുടെ ക്ഷണം സ്വീകരിക്കുന്നുവെന്നും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്നും മമത അറിയിച്ചിരുന്നു. മറ്റ് മുഖ്യമന്ത്രിമാരുമായി ഞാന്‍ സംസാരിച്ചു.  ഇതൊരു ചടങ്ങാണ് ഞാന്‍ നിശ്ചയമായും പങ്കെടുക്കുമെന്നായിരുന്നു മമതയുടെ പ്രതികരണം.

ഇതിനിടെയാണ്  കഴിഞ്ഞ പഞ്ചായത്ത്- ലോക്‌സഭാ തെരഞ്ഞടുപ്പിനിടെ കൊല്ലപ്പെട്ട 54 ബിജെപി പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ  മോഡി ക്ഷണിച്ചത്. പ്രധാനക്ഷണിതാക്കളായാണ് ഇവരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

കേരള മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കില്ലെന്നാണ് സൂചന. മമതയുടെ പിന്മാറ്റത്തെത്തുടര്‍ന്ന് ദേശീയമാധ്യമങ്ങളാണ് പിണറായിവിജയനും പങ്കെടുക്കില്ലെന്ന വിവരം പുറത്തുവിട്ടത്.