Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
വത്സൻ രാമംകുളത്ത്

June 04, 2021, 8:21 pm

അലങ്കാരങ്ങളില്ലാതെ, ആര്‍ഭാടമില്ലാതെ തുടക്കക്കാരന്റെ ബജറ്റ്

Janayugom Online

തിറ്റാണ്ടുകള്‍ക്കിപ്പുറം വാക്യങ്ങളുടെയും കാവ്യങ്ങളുടെയും അലങ്കാരപ്പണികളില്ലാതെ കാര്യത്തിലേക്ക് മാത്രം കടന്ന ഒരു ബജറ്റിന് കേരള നിയമസഭ സാക്ഷിയായിരിക്കുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് ഇക്കഴിഞ്ഞ ജനുവരിയില്‍ അവതരിപ്പിച്ച് പാസാക്കിയതിന്റെ പശ്ചാത്തലത്തില്‍ പുതുക്കിയ ബജറ്റാണ് ഇന്നലെ പുതിയ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സഭയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ജനുവരിയിലെ ബജറ്റ് സമഗ്രമായതുകൊണ്ട് പുതുക്കിയതില്‍ ക്ലീഷെകളൊഴിവാക്കിയെന്ന് വിലയിരുത്താം. അപ്പോഴും ബജറ്റിനെ വേറിട്ട് നിര്‍ത്തിയത്, അതിന് ചിത്രക്കൂടുകള്‍ ഇല്ലായിരുന്നുവെന്നതാണ്. നിയമസഭയിലെ തുടക്കക്കാരന്‍ എന്ന നിലയിലും കെ എന്‍ ബാലഗോപാലിന്റെ കന്നിബജറ്റിലെ കൗതുകം എന്തായിരിക്കും എന്നതിലായിരുന്നു പുറംലോകത്തിന്റെ കാത്തിരിപ്പ്.

പുതിയ തലമുറ കാണാത്ത കൗതുകം, ബജറ്റ് അവതരണ ശൈലി തന്നെയായിരുന്നു. കവിതകളില്ല, കഥകളില്ല, ഉദ്ധരണികളില്ല. അലോസരപ്പെടുത്താന്‍ പ്രതിപക്ഷ നിരയില്‍നിന്ന് പ്രതിഷേധങ്ങളുണ്ടായില്ല. ഒരു മണിക്കൂര്‍ 55 സെക്കന്റ് നേരമെടുത്ത ബജറ്റ് വായനയ്ക്കിടെ വെള്ളംകുടിക്കേണ്ടിയും വന്നില്ല, പുതിയ ധനമന്ത്രിക്ക്. മഹാമാരിയുടെ കാലഘട്ടത്തില്‍ ‘എല്ലാത്തിനും മുമ്പേ ആരോഗ്യം’, അഥവാ ‘ഒന്നാമത് ആരോഗ്യം’ എന്ന നിലപാടിലുറച്ചാണ് പുതുക്കിയ ബജറ്റ്. രണ്ടാംതരംഗ പശ്ചാത്തലത്തിൽ 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജാണ് പ്രധാനം. സൗജന്യ വാക്സിനായി 1,000 കോടി രൂപയും അനുബന്ധ ഉപകരണങ്ങൾക്കായി 500 കോടി രൂപയും നീക്കിവച്ചത്, കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാനുള്ള കേരളത്തിന്റെ തയ്യാറെടുപ്പാണ്. കോവിഡിനെ കീഴടക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുന്നതോടെ, അത് സാമ്പത്തിക മുന്നേറ്റത്തിനുള്ള അവസരമായിമാറുമെന്നാണ് ധനമന്ത്രിയുടെ പ്രതീക്ഷ.

ബജറ്റിന്റെ ആമുഖത്തില്‍ അനിവാര്യമായും പറയേണ്ട രാഷ്ട്രീയത്തെ ധനമന്ത്രി മറച്ചുവച്ചില്ലെന്നത് ശ്രദ്ധേയമാണ്. അത് കേരളത്തിലെ ജനാധിപത്യ പ്രക്രിയയുടെ പുരോഗതിയെ പരാമര്‍ശിച്ചുകൊണ്ടുതന്നെ പറഞ്ഞു. സാമൂഹ്യ ജീവിതത്തില്‍ എല്ലാ മേഖലകളിലും ജനാധിപത്യവല്‍ക്കരണം പുരോഗമിക്കുകയാണ്. പൗരന്മാരുടെ ജീവിത പുരോഗതിയെ തടസപ്പെടുത്തിയിരുന്ന എണ്ണമറ്റ അസ്വാതന്ത്ര്യങ്ങളെ തട്ടിമാറ്റിക്കൊണ്ടാണ് ആധുനിക കേരളത്തിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. മാര്‍ഗതടസം സൃഷ്ടിക്കുന്നവര്‍ ഇന്നും സജീവമാണെന്ന് ബാലഗോപാല്‍ തുറന്നുപറഞ്ഞു. പക്ഷെ ആ തടസങ്ങളെയാകെ എടുത്തുമാറ്റി മുന്നേറാനുള്ള കരുത്താണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്. അതുകൊണ്ടുതന്നെ കേരളത്തില്‍ ജനാധിപത്യവല്‍ക്കരണത്തിന്റെ കാര്യത്തില്‍ അഭിമാനകരമായ വളര്‍ച്ചയുണ്ടാകുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കേരളജനത നല്‍കിയ തുടര്‍ഭരണം. ഇത് കേവലമൊരു മുന്നണിയുടെ വിജയം മാത്രമല്ല, കേരള ജനതയുടെ വിജയം കൂടിയാണെന്ന് ധനമന്ത്രി പറഞ്ഞു.

കേരളത്തിലെ ജനാധിപത്യഭരണത്തിന്റെ തുടക്കം ബാലാരിഷ്ടതകളുടേതായിരുന്നു. പല കാരണങ്ങള്‍ക്കൊണ്ടും സര്‍ക്കാരുകള്‍ക്ക് കാലാവധി പൂര്‍ത്തിയാക്കാനായിരുന്നില്ല. രാഷ്ട്രീയത്തിലും ഭരണത്തിലും തുടര്‍ച്ചയായി ഉണ്ടായ അനിശ്ചിതത്വം ജനാധിപത്യ ഭരണത്തെക്കുറിച്ച് ആശങ്കകളുയര്‍ത്തി. പിന്നീട് ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തിയാക്കി ഭരണം നിര്‍വഹിച്ചു. നിയമസഭാംഗങ്ങളെ കൂട്ടത്തോടെ വിലപറഞ്ഞ് വാങ്ങുകയും അവരെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുകയും ചെയ്യുന്ന സംസ്കാരം കേരളത്തിലേക്ക് കടന്നുവരാന്‍ നാം അനുവദിച്ചില്ലെന്ന് ധനമന്ത്രി ആത്മാഭിമാനത്തോടെ പറഞ്ഞു. രാഷ്ട്രീയ കുതിരക്കച്ചവടം എന്ന നാണക്കേടില്‍ നിന്ന് കേരളത്തെ രക്ഷിക്കുന്നതിന് ഇടതുപക്ഷം വഹിച്ച പങ്ക് കൂടുതല്‍ അംഗീകരിക്കപ്പെടേണ്ടതാണ്. കാലവധി പൂര്‍ത്തിയാക്കല്‍ എന്നതിലപ്പുറം ഭരണത്തുടര്‍ച്ചയിലേക്ക് വളരാന്‍‍ കേരളത്തിനായി.

പ്രതിപക്ഷത്തിന് പ്രവര്‍‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടോ, മാധ്യമങ്ങളെ അധികാരം ഉപയോഗിച്ച് നിശബ്ദമാക്കിയോ അല്ല ഭരണത്തുടര്‍ച്ച ഉണ്ടായിരിക്കുന്നത്. ഇത്രമാത്രം ദയയില്ലാത്ത ആക്രമണത്തിന് വിധേയമായ ഒരു സര്‍ക്കാര്‍ അടുത്ത കാലത്ത് കേരളത്തിലുണ്ടായിട്ടില്ലെന്നതാണ് വസ്തുത. കേന്ദ്ര അന്വേഷണ ഏജന്‍‍സികളുടെ കടന്നാക്രമണം കൂടിയായപ്പോള്‍ എല്ലാവരും ചേര്‍ന്നുള്ള കലാശക്കൊട്ടായി അതുമാറി. ഏതാണ്ട് ഒരു വര്‍ഷം നീണ്ട ആക്രമണമാണ് ഒന്നാം പിണറായി സര്‍ക്കാരിന് നേരിടേണ്ടിവന്നത്. പ്രതിപക്ഷ ആരോപണങ്ങള്‍ ജനങ്ങളിലേക്ക് എത്താത്തതല്ല അവരുടെ പരാജയകാരണം. എത്തിയ വാര്‍ത്തകള്‍ ഓരോ വ്യക്തിയും ഓരോ കുടുംബവും സസൂഷ്മം ചര്‍ച്ചചെയ്തു. ഉചിതമായ തീരുമാനം എടുക്കുകയും ചെയ്തു. പ്രാദേശിക തെരഞ്ഞെടുപ്പ് ജനവിധിയുടെ ആദ്യഗഡുവായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അന്തിമവിധിയും. ബാലഗോപാലിന്റെ നിരീക്ഷണം ട്രഷറി ബെഞ്ച് കയ്യടിച്ച് അംഗീകരിച്ചു.

ഒരാളെയും ഒഴിവാക്കാത്ത എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്ന ഭരണം ഉറപ്പാക്കാനാണ് കേരള മാതൃകയില്‍ ശ്രമിക്കുന്നതെന്ന് ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സമീപകാലത്തുണ്ടായ ദുരന്തങ്ങളെ നാം നേരിട്ട രീതികളിലൂടെ ഇത് കൂടുതല്‍ വ്യക്തമായി. കേരളം ഒറ്റക്കെട്ടായി. ആ ഒത്തൊരുമയ്ക്ക് ഫലപ്രദമായ നേതൃത്വം കൊടുക്കാനായി എന്നതാണ് കഴി‍ഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടം. അതിന്റെ അംഗീകാരമായിരുന്നു, തുടര്‍ഭരണത്തിനുള്ള ജനവിധി. നൂറ്റാണ്ടുകളിലൂടെ ആര്‍ജിച്ച അതിജീവന മാതൃകകള്‍ മഹാമാരിയുടെ ഈ ദുരന്തകാലത്തെ മറികടക്കാനും നമ്മെ സഹായിക്കുമെന്ന പ്രത്യാശയും നിയമസഭയിലെ തന്റെ കന്നിബജറ്റ് പ്രസംഗത്തില്‍ കെ എന്‍ ബാലഗോപാല്‍ പങ്കുവച്ചു.

Eng­lish sum­ma­ry; pinarayi gov­ern­ment first bud­get meet­ing in 2021–22

you may also like this video;