ശബരിമല വികസനപദ്ധതി; ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

Web Desk
Posted on October 17, 2017, 12:32 pm

പത്തനംതിട്ട : ശബരിമല വികസനപദ്ധതികളുടെ ഭാഗമായുള്ള രണ്ടു പദ്ധതികളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിക്കുന്ന പുണ്യദര്‍ശനം കോംപ്ലെക്‌സ്, ദേവസ്വം ബോര്‍ഡ് നിര്‍മിക്കുന്ന ജലസംഭരണി എന്നിവയുടെ തറക്കല്ലിടലാണ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്.
സന്നിധാനത്ത് നടന്ന ശിലാസ്ഥാപന ചടങ്ങില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സംബന്ധിച്ചു. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, ജി സുധാകരന്‍, കെ രാജു, മാത്യു ടി തോമസ്, രാജു എബ്രഹാം എംഎല്‍എ, ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് ശബരിമലയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ആരംഭിച്ചു. ശബരിമല തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സന്നിധാനത്ത് അവലോകന യോഗം നടക്കുന്നത്. യോഗത്തില്‍ റവന്യൂ, ജലവിഭവം, ദേവസ്വം, വനം, പൊതുമരാമത്ത് മന്ത്രിമാര്‍ സംബന്ധിക്കുന്നുണ്ട്. മാലിന്യ സംസ്‌കരണ പ്ലാന്റ്, ഇടത്താവളങ്ങള്‍ നന്നാക്കല്‍, കുടിവെള്ളം, അരവണ തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. പൊലീസ്, വനം വകുപ്പ്, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്.
ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പമ്പയില്‍ സ്‌നാനഘട്ടത്തിന്റെ നവീകരണപ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. ഇതിനുശേഷം വൈകീട്ട് അഞ്ചുമണിയോടെ മുഖ്യമന്ത്രി തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിക്കും.