Web Desk

തിരുവനന്തപുരം

March 24, 2020, 10:05 pm

ലോക്ക് ഡൗൺ ഗൗരവത്തിൽ ഉൾക്കൊള്ളണം: മുഖ്യമന്ത്രി

Janayugom Online

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ആദ്യ ദിനത്തിൽ നിയന്ത്രണങ്ങൾക്ക് വിരുദ്ധമായ കാഴ്ചയാണുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരമൊരു നിയന്ത്രണം നാട്ടിൽ ആദ്യമാണെന്നും അതിന്റേതായ ഗൗരവം ഉൾക്കൊണ്ടുള്ള ഇടപെടലുകൾ ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അനാവശ്യ യാത്രകളും പുറത്തിറങ്ങലുകളും ഒഴിവാക്കണമെന്ന് വ്യക്തമാക്കിയിട്ടും വ്യത്യസ്തമായ കാര്യങ്ങളാണ് സംഭവിച്ചത്. അത്യാവശ്യമല്ലാത്ത മറ്റൊരു കാര്യത്തിനും സ്വകാര്യവാഹനങ്ങൾ അനുവദിക്കില്ല. എല്ലാ യാത്രാ വാഹനങ്ങളും സർവീസ് ഉപേക്ഷിക്കണമെന്നും ഓട്ടോ, ടാക്സികൾ മുതലായവ അടിയന്തരമായ സഹായങ്ങൾക്കും മറ്റുമായി മാത്രമേ ഓടിക്കാവൂ എന്നും മുഖ്യമന്ത്രി അറിയിച്ചു. അ‍ഞ്ചിലധികം പേർ പൊതുസ്ഥലങ്ങളിൽ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. നാട്ടിൻപുറത്തെ കവലകളിലും ക്ലബുകളിലും ആൾക്കൂട്ടം അനുവദിക്കില്ല.

അവശ്യ വസ്തുക്കളായ സൂപ്പർ മാർക്കറ്റുകൾ, ഭക്ഷ്യ, പാൽ, പലവ്യ‍ഞ്ജനങ്ങൾ, മത്സ്യം, ഇറച്ചി, ബേക്കറി തുടങ്ങിയവയ്ക്ക് രാവിലെ ഏഴ് മുതൽ വൈകിട്ട് അ‍ഞ്ച് വരെ പ്രവർത്തിക്കാം. കടകള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ തുറക്കാവൂ. വിനോദത്തിനും ആര്‍ഭാടത്തിനുമുള്ള ഒരു കടയും തുറക്കില്ല. കടകളിലെത്തുന്നവർ കൃത്യമായ സുരക്ഷാക്രമീകരണത്തോടെ സാധനങ്ങള്‍ വാങ്ങി അപ്പോള്‍ തന്നെ തിരിച്ചുപോകണം, തങ്ങിനില്‍ക്കാന്‍ പാടില്ല. കടകളില്‍ കൈകഴുകാനുള്ള സൗകര്യം ഒരുക്കണം. ഒപ്പം നിശ്ചിത അകലവും പാലിക്കണം. കാസർകോട് നേരത്തെ തീരുമാനിച്ച സമയം തന്നെ തുടരും. ഇത് എല്ലാവർക്കും ബാധകമാണ്. പച്ചക്കറികൾ കൊണ്ടുവരുന്നത് അതി രാവിലെയാണ് അവ റീട്ടെയിൽ കടകളിലേക്ക് കൊണ്ടുപോകുന്നതിന് സൗകര്യമൊരുക്കും. ചില ഭാഗങ്ങളിൽ പൂഴ്ത്തി വയ്പും വിലക്കയറ്റവും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സാഹചര്യം മുതലെടുക്കാൻ ആരും ശ്രമിക്കരുതെന്നും ഇത്തരം പ്രവണതകൾക്കെതിരെ പരിശോധന ശക്തിപ്പെടുത്തി ഒരു ദാക്ഷണ്യവും കൂടാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊറിയർ സർവീസ് നിലയ്ക്കുന്നുവെന്ന ആശങ്ക പ്രത്യേകം പരിശോധിക്കും. റസ്റ്റോറന്റുകളെ ഭക്ഷണത്തിന് ആശ്രയിക്കുന്നവർക്ക് റസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം എത്തിക്കാനുള്ള സൗകര്യമൊരുക്കും.

കൂടുതലാളുകളില്ലാതെ തൊഴിലുറപ്പ് ജോലിക്കാരുടെ സമയം ക്രമീകരിക്കും. കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഒരു ഡോക്ടറിനെ ഏർപ്പെടുത്തും. അവർക്ക് ആശുപത്രികൾക്ക് അടുത്ത് താമസ സൗകര്യമോ വാഹന സൗകര്യമോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കടകൾക്ക് രണ്ട് മാസം വാടക സാവകാശം നൽകും. വീടില്ലാതെ തെരുവോരത്ത് കഴിയുന്നവര്‍ക്ക് താമസവും ഭക്ഷണവും ഉറപ്പാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. അവരുടെ ആരോഗ്യ പരിരക്ഷയും ഉറപ്പാക്കും. സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, നിംസ്, ഐസര്‍ തിരുവനന്തപുരം എന്നിവിടങ്ങളിലെ പരിശോധനാ സംവിധാനം സര്‍ക്കാരിന് ഉപയോഗിക്കാം. കോവിഡ് ചികിത്സക്ക് പ്രത്യേകം ആശുപത്രികൾ സജ്ജീകരിക്കുമ്പോൾ അത്തരം ആശുപത്രികളിലുള്ളവരെ മറ്റ് പ്രത്യേക ആശുപത്രികളിലേക്ക് മാറ്റും.

ആശുപത്രികളിൽ കഴിയുന്നവർക്ക് ബൈസ്റ്റാന്റേഴ്സ് ഇല്ലെങ്കിൽ സന്നദ്ധ പ്രവർത്തകരെ ബൈസ്റ്റാന്റേഴ്സായി നിയോഗിക്കും. സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിരിക്കുന്ന സന്ദർഭത്തിൽ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പലരും നാട്ടിലേക്ക് വരാനുണ്ട്. ഇക്കാര്യത്തില്‍ എന്തു ചെയ്യാനാകുമെന്ന് പരിശോധിക്കും. അന്യസംസ്ഥാനത്തു നിന്നും വരുന്നവര്‍ക്കും അവരെ നാട്ടിലേക്ക് എത്തിക്കാന്‍ പോയവര്‍ക്കും പതിനാലു ദിവസത്തെ ഹോം ക്വാറന്റൈനില്‍ നിര്‍ബന്ധമാണ്. നാട്ടിലെത്തിയാല്‍ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും വേണം. മഹാമാരിയെ മറികടക്കാൻ പരിശ്രമിക്കുന്നവരുടെ കൂടെ നിന്ന് ആപത്തിൽ നിന്ന് രക്ഷിക്കുന്ന മെഡിക്കൽ സംഘത്തെ ഓർത്തു പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: pinarayi vijayan about lock down

You may also like this video