Friday
06 Dec 2019

ആശ്വാസമായി മുഖ്യമന്ത്രിയും റവന്യു മന്ത്രിയും ദുരിതബാധിതര്‍ക്കരികെ

By: Web Desk | Tuesday 13 August 2019 9:31 PM IST


മേപ്പാടി ദുരിതാശ്വാസക്യാമ്പിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരന്തബാധിതരുമായി സംസാരിക്കുന്നു

കല്‍പ്പറ്റ: ദുരിതബാധിതര്‍ക്കും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കും ആകാവുന്ന എല്ലാ ആശ്വാസവും നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റവന്യുമന്ത്രി ഇ ചന്ദ്രശേഖരനൊപ്പം നിലമ്പൂര്‍ കവളപ്പാറയിലും മേപ്പാടി പുത്തുമലയിലും ദുരന്തബാധിത മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഈ വര്‍ഷത്തെ കാലവര്‍ഷക്കെടുതിയില്‍ വലിയ ദുരന്തങ്ങളുണ്ടായത് വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിലും മലപ്പുറം ജില്ലയിലെ കവളപ്പാറ ഭൂദാനത്തുമാണ്. സംസ്ഥാനത്താകെ 86 മരണങ്ങളാണ് തിങ്കളാഴ്ച വൈകിട്ട് റിപ്പോര്‍ട്ട് ചെയ്തത്. 1243 ദുരിതാശ്വാസ ക്യാമ്പുകളില്‍ 2,24,506 പേര്‍ ഇപ്പോള്‍ കഴിയുന്നുണ്ട്. മഹാപ്രളയത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ ഉണ്ടായ ഈ കെടുതി നമ്മെ ഗുരുതരമായി ബാധിക്കുന്നതാണ്. ഇതില്‍ നിന്ന് കരകയറാന്‍ ഒത്തൊരുമിച്ചുള്ള ഇടപെടലാണ് ആവശ്യം. കേരളത്തിന് ഈ ഘട്ടത്തില്‍ ലഭിക്കുന്ന എന്ത് സഹായവും അധികമാകില്ല. കഴിഞ്ഞ വര്‍ഷം പ്രളയം സൃഷ്ടിച്ച തകര്‍ച്ചയില്‍ നിന്ന് കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ 31,000 കോടി രൂപയെങ്കിലും വേണമെന്നാണ് യുഎന്‍ ഏജന്‍സികള്‍ കണക്കാക്കിയത്.

ഈ ഘട്ടത്തില്‍ സഹായഹസ്തം നീട്ടുന്നവര്‍ ഒട്ടേറെയാണ്. സവിശേഷമായ ചില അനുഭവങ്ങള്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിന് ഒന്നും കൊടുക്കേണ്ടതില്ല എന്ന ദുഷ്പ്രചാരണം നടത്തുന്നവരെ നിരാശപ്പെടുത്തുന്ന അനുഭവമാണത്. ഇക്കാര്യത്തില്‍ നമ്മുടെ നാട്ടിലെ മാധ്യമങ്ങള്‍ നടത്തുന്ന ഇടപെടല്‍ പ്രശംസനീയമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ചു നടത്തിയ വ്യാജപ്രചാരണങ്ങളെ തുറന്നുകാട്ടാന്‍ മാധ്യമങ്ങള്‍ ഏറെക്കുറെ ഒറ്റക്കെട്ടായി രംഗത്തുവന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സഹായ ശേഖരണം മുടക്കാനുള്ള ശ്രമങ്ങളെയും മാധ്യമങ്ങള്‍ ശക്തമായി എതിര്‍ത്തു. വാര്‍ത്തകളിലൂടെ മാത്രമല്ല, മാധ്യമപ്രവര്‍ത്തകര്‍ വ്യക്തിപരമായി വളണ്ടിയര്‍മാരായി രംഗത്തിറങ്ങിയും നടത്തിയ ഇടപെടല്‍ നാടിനെ സ്‌നേഹിക്കുന്ന എല്ലാവരെയും ആവേശഭരിതമാക്കുന്നതാണ്.
ഒരുതരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ക്കും തകര്‍ക്കാനാവാത്തതാണ് അതിജീവനത്തിനുള്ള നിശ്ചയദാര്‍ഢ്യം എന്ന് ആത്മവിശ്വാസത്തോടെ പറയാനാകുന്ന അവസ്ഥയാണിത്.

ദുരിതമഴയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ഇപ്പോഴും നമ്മുടെ മുന്നിലുണ്ട്. അതീവ ജാഗ്രതയോടെ നാം നില്‍ക്കുകയാണ്. കൈകോര്‍ത്തു നാം അതിജീവിക്കും ഈ പ്രതിസന്ധിയെ. എല്ലാ കാര്യങ്ങളും നമുക്ക് ഒന്നിച്ചുനിന്ന് നേരിടാം. എല്ലാ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഒന്നിച്ചുനിന്ന് അഭിമുഖീകരിക്കാം. എല്ലാ കാര്യത്തിലും സര്‍ക്കാര്‍ കൂടെയുണ്ടാവും. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നാടിനൊപ്പം നിന്ന് നേതൃത്വം കൊടുക്കും. രക്ഷാപ്രവര്‍ത്തനത്തിലാണ് ആദ്യം സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനുശേഷം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍, കൃഷി നാശമുണ്ടാവര്‍, വീടുകള്‍ക്ക് കേടുപാട് സംഭവിച്ചവര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുണ്ട്. കുറച്ചുപേരെയെങ്കിലും ഇനിയും കണ്ടെത്തേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരിതബാധിതര്‍ക്കായി ഒരുക്കിയ ക്യാമ്പുകളുടെ നടത്തിപ്പില്‍ ജാഗ്രത പുലര്‍ത്തണമെന്ന് തുടര്‍ന്ന് വയനാട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യാഗസ്ഥരുടെയും യോഗത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

വയനാട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യാഗസ്ഥരുടെയും യോഗത്തില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിയുടെ മന്ത്രിമാരും

വയനാട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യാഗസ്ഥരുടെയും യോഗത്തില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിയുടെ മന്ത്രിമാരും

ക്യാമ്പുകളില്‍ വിവിധ വിഭാഗത്തില്‍പ്പെട്ട ആളുകളാണ് താമസിക്കുന്നത്. ഇവരുടെ മാനസികാവസ്ഥയ്ക്ക് കരുത്ത് പകരുന്ന സമീപനം ക്യാമ്പ് പരിപാലിക്കുന്നവരില്‍ നിന്നും ഉണ്ടാവണം. ക്യാമ്പുകളില്‍ താമസിക്കുന്നവരെ കാണാനെത്തുന്നവര്‍ക്കായി കേന്ദ്രത്തില്‍ പ്രത്യേകം സ്ഥലമൊരുക്കണം. ക്യാമ്പുകളില്‍ ശുചിത്വമുറപ്പാക്കണം. ഇക്കാര്യങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവമായ ഇടപെടലുണ്ടാകണം. ക്യാമ്പുകളില്‍ നിന്നും തിരിച്ച് പോകുമ്പോഴേക്കും ദുരിത ബാധിതരുടെ വീടുകള്‍ താമസയോഗ്യമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങണം. കിണറുകള്‍ ശുചീകരിച്ച് ശുദ്ധമായ കുടിവെളളം ഉറപ്പ് വരുത്തണം. ആവശ്യമെങ്കില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെളളമെത്തിക്കണം. റോഡുകളിലെ തടസ്സങ്ങള്‍ നീക്കുന്നതിനുളള നടപടികളും വേഗത്തിലാക്കണം. അതിജീവനത്തിനുളള എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കും. വീടുകളും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്കുളള ധനസഹായ വിതരണത്തിന് ആവശ്യമായ ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്. വീട് നഷ്ടപ്പെട്ട് ക്യാമ്പില്‍ നിന്ന് തിരിച്ചുപോകാന്‍ സാധിക്കാത്തവര്‍ക്ക് പ്രത്യേകം സൗകര്യമൊരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വയനാടിന്റെ ചുമതലയുള്ള മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍, മറ്റുജനപ്രതിനിധികള്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ്‌മേത്ത, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ തുടങ്ങിയവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Related News