അഴിമതിക്കാര്‍ക്ക് വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും: മുഖ്യമന്ത്രി

Web Desk
Posted on October 20, 2019, 10:48 pm

കണ്ണൂർ: അഴിമതിയെന്ന ശീലത്തില്‍ നിന്ന് മാറാന്‍ പറ്റാത്തവര്‍ക്ക് വീട്ടില്‍ കിടന്ന് ഉറങ്ങാന്‍ പറ്റാതെ വരുമെന്ന് മുഖ്യമന്ത്രി. അത്തരക്കാര്‍ക്കു സര്‍ക്കാര്‍ ഭദ്രമായി കെട്ടിയ കെട്ടിടത്തില്‍ പോയി കിടക്കേണ്ട അവസ്ഥയാണ് ഉണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. മട്ടന്നൂരില്‍ റവന്യു ടവറിന്റെയും സ്പെഷ്യാലിറ്റി ആശുപത്രിയുടെയും ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ തലത്തില്‍ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതി ഇപ്പോള്‍ കേരളത്തിനുണ്ട്. അതിനര്‍ത്ഥം എല്ലായിടത്തും അഴിമതി ഇല്ലാതായി എന്നല്ല. ചിലയിടങ്ങളിലുണ്ട്. ഉയര്‍ന്ന തലങ്ങളില്‍ അഴിമതി തീര്‍ത്തും ഇല്ലാതായിട്ടുണ്ട്. ഭരണ നേതൃതലത്തില്‍ അഴിമതിയുടെ ലാഞ്ചനേയില്ല എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. നമ്മള്‍ നാടിന്റെയും നാട്ടുകാരുടെയും ചെലവില്‍ കഴിയുന്നവരാണ്. അവരുടെ സേവകരാണ്. ആ ഓര്‍മ്മ എപ്പോഴും വേണം. യഥാര്‍ത്ഥ യജമാനനെ ഭൃത്യരായി കാണരുത്. എന്നാല്‍ കുറേക്കാലമായി കട്ട പിടിച്ചു കിടക്കുന്ന ചില ദുശീലങ്ങളുണ്ടായിരുന്നു. അവയെല്ലാം നല്ലതുപോലെ മാറിയിട്ടുണ്ട്. എന്നാല്‍ മാറാതെ നില്‍ക്കുന്ന ചിലര്‍ ഇപ്പോഴുമുണ്ട് എന്നത് വസ്തുതയാണ്. അവരെയും പൊതുധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിന് നല്ല തോതില്‍ ഗുണം ലഭിക്കുന്നുണ്ട്.
സംസ്ഥാനത്തെ മിക്കവാറും ജീവനക്കാര്‍ നല്ല നിലയില്‍ പെരുമാറുന്നവരും ഓഫീസില്‍ വരുന്നവരെ സഹായിക്കാന്‍ സന്നദ്ധതയുള്ളവരുമാണ്. കുറച്ചു പേരാണ് ഇതില്‍നിന്നും മാറി നില്‍ക്കുന്നത്. ന്യായമായ ശമ്പളം എല്ലാ ജീവനക്കാര്‍ക്കും ലഭിക്കുന്നുണ്ട്. മഹാ ഭൂരിപക്ഷംപേരും അതില്‍ സംതൃപ്തരാണ്. ചിലര്‍ മാത്രമാണ് കെട്ട മാര്‍ഗം സ്വീകരിക്കുന്നത്. പിടിക്കപ്പെട്ടാല്‍ അതുവരെ ഉള്ളതെല്ലാം ഇല്ലാതാകും. അഴിമതി നടത്തുന്നവര്‍ നാട്ടില്‍ നിന്നും വീട്ടുകാരില്‍ നിന്നും ഒറ്റപ്പെടുകയും അവഹേളനത്തിന് പാത്രമാവുകയും ചെയ്യുന്ന സ്ഥിതിയിലാകും എത്തുക. ഭൂരിപക്ഷം ജീവനക്കാരും അഴിമതി നടത്താത്തവരാണ്. എന്നാല്‍ തങ്ങളുടെ ഓഫീസില്‍ തെറ്റായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവരെ തിരുത്താന്‍കൂടി ഇവര്‍ തയ്യാറാകണം. അഴിമതിക്ക് വ്യത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന വിദഗ്ധന്മാര്‍ ഉണ്ട്. ഇത്തരക്കാര്‍ അത് ഉപേക്ഷിക്കാന്‍ തയ്യാറാകണം. ഓഫീസുകള്‍ നല്ല നിലയില്‍ ആകുമ്പോള്‍ അവിടെനിന്ന് ലഭിക്കുന്ന സേവനങ്ങളും മെച്ചപ്പെട്ടത് ആകണം.
ഓഫീസുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഓഫീസുകളില്‍ നേരിട്ട് ആളുകള്‍ വരുകയും പ്രയാസങ്ങള്‍ പറയുകയും ചെയ്യുന്നതാണ് നിലവിലെ രീതി. ചില ദുശീലങ്ങള്‍ ഇതിന്റെ ഭാഗമായാണ് ഉണ്ടാകുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടാനുള്ള ആളുകളുടെ ധൃതി കാണുമ്പോള്‍ അത് ചൂഷണം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നു. ഇതാണ് അഴിമതി വ്യാപിപ്പിച്ചത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അപേക്ഷകന് ഓഫീസില്‍ വരാതെ തന്നെ ആവശ്യം സാധിക്കുന്ന നിലയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.