അമൃതാനന്ദമയി അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു

Web Desk
Posted on January 26, 2019, 7:09 pm

തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച പരിപാടിയില്‍ അമൃതാനന്ദമയി പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമൃതാനന്ദമയിയുടെ ആരാധകര്‍ക്കും വിശ്വാസികള്‍ക്കും പോലും ഇഷ്ടമില്ലാത്ത കാര്യമാണ് അവര്‍ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ ‘നാം മുന്നോട്ടി‘ലായിരുന്നു വിമര്‍ശനം.

അവരെ തെറ്റായ വഴിയിലേക്ക് തള്ളിവിടാനുള്ള ശ്രമം സംഘപരിവാര്‍ നടത്തി. അതില്‍ കുടുങ്ങാതെ മാറി നില്‍ക്കാനുള്ള ആര്‍ജവം അവര്‍ മുമ്പ് കാണിച്ചിരുന്നു. ഇപ്പോഴത്തെ സംഭവം പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘എന്തിന്റെ പേരിലായാലും, മാതാ അമൃതാനന്ദമയി ശബരിമല കര്‍മസമിതി യോഗത്തിന്റെ വേദി പങ്കിടാന്‍ പാടില്ലായിരുന്നു. അമൃതാനന്ദമയിയെ ആരാധിക്കുന്ന, വിശ്വസിക്കുന്ന ധാരാളം ആളുകള്‍ കേരളത്തിനകത്തും പുറത്തും ഉണ്ട്. യഥാര്‍ഥത്തില്‍ അവര്‍ പോലും ഇഷ്ടപ്പെടുന്ന കാര്യമായിരുന്നില്ല അത്. അവരെ തെറ്റായ വഴിയിലേക്ക് തള്ളിവിടാന്‍ സാധിക്കുമോ എന്ന് നോക്കുന്ന സംഘം തുടക്കം മുതലേ അവരെ ചുറ്റിപറ്റി നില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. സംഘപരിവാറുകാരുടെ ഭാഗമായുള്ള സംഘമായിരുന്നു അത്. പക്ഷെ ആ സംഘത്തില്‍ കുടുങ്ങാതെ നില്‍ക്കാനുള്ള ആര്‍ജ്ജവം അമൃതാനന്ദമയി മുമ്പ് കാണിച്ചിരുന്നു.പക്ഷെ പങ്കെടുത്തത് ആ നേരത്തെയുള്ള സമീപനത്തിന് മങ്ങലേല്‍പിച്ചു.എന്തിന്റെ പേരിലായാലും ആ വേദി അവര്‍ പങ്കിടാന്‍ പാടില്ലായിരുന്നു’.

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ല എന്ന നിലപാട് അമൃതാനന്ദമയി അടുത്തകാലം വരെ എടുത്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.