വരുന്നൂ കേരളത്തിലെ നഴ്‌സുമാര്‍ക്ക് അവസരങ്ങളുടെ പ്രളയം

Web Desk
Posted on July 31, 2019, 2:23 pm

നെതര്‍ലന്‍ഡ് സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗും മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തിലെ നഴ്‌സുമാര്‍ക്ക് അവസരങ്ങളുടെ പ്രളയം. നെതര്‍ലന്‍ഡ്‌സില്‍ 40000 വരെ നഴ്‌സുമാരുടെ ക്ഷാമം ഉളളതായി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗ് മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. കേരളത്തില്‍ നിന്ന് നഴ്‌സുമാരുടെ സേവനം മുഖ്യമന്ത്രി വാഗ്ദാനം ചെയ്യുകയായിരുന്നു. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

നെതര്‍ലന്‍ഡ്‌സിന് ആവശ്യമായ നഴ്‌സുമാരുടെ സേവനം ലഭ്യമാക്കാന്‍ കേരളത്തിന് കഴിയുമെന്ന് നെതര്‍ലന്‍ഡ്‌സിന്റെ ഇന്ത്യന്‍ സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗിനെ അറിയിച്ചു. നെതര്‍ലന്‍ഡ്‌സില്‍ വലിയ തോതില്‍ നഴ്‌സുമാര്‍ക്ക് ക്ഷാമം നേരിടുന്നുവെന്നും 30000–40000 പേരുടെ ആവശ്യം ഇപ്പോള്‍ ഉണ്ടെന്നും സ്ഥാനപതി അറിയിച്ചതിനെ തുടര്‍ന്നാണ് കേരളത്തിലെ നഴ്‌സുമാരുടെ സേവനം ഉറപ്പു നല്‍കിയത്.

ന്യൂഡല്‍ഹി കേരള ഹൗസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് നെതര്‍ലന്‍ഡ്‌സ് സ്ഥാനപതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കേരളത്തിലെ നഴ്‌സുമാരുടെ അര്‍പ്പണ ബോധവും തൊഴില്‍ നൈപുണ്യവും മതിപ്പുളവാക്കുന്നതാണെന്ന് സ്ഥാനപതി പറഞ്ഞു. ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കേരളത്തിന്റെ പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുറമുഖ വികസനവും സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഇതിന്റെ ഭാഗമായി നെതര്‍ലന്‍ഡ്‌സ് രാജാവും രാജ്ഞിയും ഒക്ടോബര്‍ 17, 18 തീയതികളില്‍ കൊച്ചിയിലെത്തുമെന്ന് സ്ഥാനപതി അറിയിച്ചു. ഡച്ച് കമ്പനി ഭാരവാഹികള്‍, പ്രൊഫഷണലുകള്‍, സാങ്കേതിക വിദഗ്ദ്ധര്‍ എന്നിവര്‍ അടങ്ങുന്ന 1520 അംഗ പ്രതിനിധി സംഘവും കൂടെയുണ്ടാകും. 40 ഓളം പേരുടെ സാമ്ബത്തിക ഡെലിഗേഷനും ദൗത്യത്തിന്റെ ഭാഗമാകും. കൊച്ചിയില്‍ ജില്ലാ കളക്ടറും ഡെല്‍ഹിയില്‍ റസിഡന്റ് കമ്മീഷണറും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. കേരള സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പും നെതര്‍ലാന്‍ഡ്‌സ് ദേശീയ ആര്‍ക്കൈവ്‌സും സഹകരിച്ച് കൊച്ചിയിലെ ഡച്ച് ഹെറിറ്റേജുകളും കേരളത്തിലെ 20 ഓളം മ്യൂസിയങ്ങളും വികസിപ്പിക്കും.കേരളത്തിന്റെ പ്രകൃതി ഭംഗി ആകര്‍ഷകമാണെന്ന് പറഞ്ഞ സ്ഥാനപതി കാര്‍ഷിക രംഗത്തും പുഷ്പകൃഷിയിലും നെതര്‍ലന്‍ഡ്‌സിനുള്ള വൈദഗ്ദ്ധ്യം കേരളത്തിന് പ്രയോജനപ്പെടുത്താനാകുമെന്നും അഭിപ്രായപ്പെട്ടു. കേരളത്തെ പച്ചക്കറി പുഷ്പ മേഖലയിലെ മികവുറ്റ കേന്ദ്രമാക്കി മാറ്റാനും നെതര്‍ലന്‍ഡ്‌സ് സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തില്‍ നിക്ഷേപം നടത്താന്‍ ഡച്ച് കമ്പനികള്‍ക്ക് താല്പര്യമുണ്ടെന്ന വിവരവും അദ്ദേഹം അറിയിച്ചു. ഇന്ത്യയുമായുള്ള ഡച്ച് ബന്ധത്തിന്റെ തുടക്കം കേരളത്തില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ഹോറിത്തൂസ് മലബാറിക്കൂസിന്റെ ഇംഗ്ലീഷ് എഡിഷന്‍ കേരള സര്‍വകലാശാല പുറത്തിറക്കിയിട്ടുണ്ടെന്നും ഇതിന്റെ പ്രത്യേക ഗിഫ്റ്റ് എഡിഷന്‍ തയ്യാറാക്കി വരുകയാണെന്നും സ്ഥാനപതിയെ അറിയിച്ചു. പുസ്തകത്തിന്റെ കോപ്പി നെതര്‍ലാന്‍ഡ്‌സ് ഭരണാധികാരിക്ക് എത്തിച്ചു കൊടുത്തിട്ടുണ്ടെന്നും പറഞ്ഞു. കേരളവുമായി നെതര്‍ലന്‍സിനുള്ള ദീര്‍ഘകാല ബന്ധത്തിന്റെ പ്രതീകമാണ് ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന് സ്ഥാനപതി പ്രതികരിച്ചു.