വയനാട് പരിസ്ഥിതി ലോല മേഖലയെ സംബന്ധിച്ച കേന്ദ്ര വിജ്ഞാപനത്തിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമായി 118.59 ചതുരശ്ര കിലോമീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയാക്കുന്നതിനുള്ള (ഇക്കോ സെൻസിറ്റീവ് ) കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം ഈ മേഖലയിൽ ജീവിക്കുന്ന ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. ജനങ്ങളുടെ ന്യായമായ ആശങ്ക കണക്കിലെടുത്ത് വിജ്ഞാപനം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു.
സംസ്ഥാന സർക്കാർ 2020 ജനുവരിയിൽ സമർപ്പിച്ച ഭേദഗതി ചെയ്ത ശുപാർശ പ്രകാരം 88.2 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യേണ്ടത്. എന്നാൽ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം 118.59 ചതുരശ്ര കിലോമീറ്ററാണ് ഉൾപ്പെടുത്തിയത്. പരിസ്ഥിതി ലോല മേഖലകൾ വിജ്ഞാപനം ചെയ്യുമ്പോൾ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. അതു കണക്കിലെടുത്ത് തോൽപ്പെട്ടി, കാട്ടിക്കുളം, പനവല്ലി, കുറുക്കൻമൂല, ചാലിഗഡ, കാപ്പിസ്റ്റോർ, ചീയാമ്പം, മൂടക്കൊല്ലി, ചീരാൽ എന്നീ പ്രദേശങ്ങൾ ഒഴിവാക്കണം. ജീവിക്കാൻ പ്രയാസപ്പെടുന്നവരാണ് ഈ മേഖലകളിൽ അധിവസിക്കുന്നതെന്നത് കൂടി കണക്കിലെടുത്ത് കരട് വിജ്ഞാപനത്തിൽ ആവശ്യമായ മാറ്റം വരുത്താൻ വനം- പരിസ്ഥിതി മന്ത്രാലയത്തോട് നിർദ്ദേശിക്കണമെന്നും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പരിസ്ഥിതി സംവേദക മേഖല വിജ്ഞാപനം ഭേദഗതി ചെയ്യുമെന്നും അക്കാര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും വനം മന്ത്രി കെ രാജുവും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ENGLISH SUMMARY: pinarayi vijayan letter to narendra modi about wayanad eco sensitive zone
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.