സുരേന്ദ്രന്റെ മാനസിക നില തെറ്റി; ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ; മുഖ്യമന്ത്രി

Web Desk

തിരുവനന്തപുരം

Posted on September 15, 2020, 8:13 pm

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മാനസിക നില തെറ്റി പലതും വിളിച്ചുപറയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിസ്ഥാനമില്ലാതെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ ഗൗരവതരമായ ആരോപണമാകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്ന മുഖ്യമന്ത്രിയോട് തന്റെ മകളെ ചോദ്യം ചെയ്താൽ ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന സുരേന്ദ്രന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം.

‘അയാൾക്ക് ഒരു ദിവസം രാത്രി എന്തൊക്കയോ തോന്നുന്നു, അതൊക്കെ വിളിച്ചുപറയുന്നു, പ്രത്യേക മാനസകാവസ്ഥയാണത്. അതിന് ഞാനല്ല മറുപടി പറയേണ്ടത്. സുരേന്ദ്രനോട് ഇനിയും പറയാനുണ്ട്, അത് പത്രസമ്മേളനത്തിലൂടെ പറയാനില്ല. സുരേന്ദ്രനല്ല പിണറായി വിജയൻ. അതോർക്കണം’ മുഖ്യമന്ത്രി പറഞ്ഞു.

ഒരു സംസ്ഥാനപാർട്ടിയുടെ അധ്യക്ഷൻ ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ വിളിച്ചുപറയുകയാണ്. എന്താണ് ആ മാനസികാവസ്ഥ? അത്രമാത്രം മാനസികാവസ്ഥ തെറ്റിപ്പോയ ഒരാളെ ബിജെപിയുടെ അധ്യക്ഷനായി ഇരുത്തണോ എന്ന് പാർട്ടി ആലോചിക്കണമെന്നും മുഖ്യമന്ത്രി വിമർശിച്ചു

മാനസിക നില തെറ്റി സുരേന്ദ്രൻ അടിസ്ഥാനമില്ലാത്ത എന്തും വിളിച്ചുപറയുന്ന അവസ്ഥയായിരിക്കുന്നു. അതാണോ പൊതുരാഷ്ട്രീയത്തിൽ വേണ്ടത്? സാധാരണ നിലയിൽ സ്വീകരിക്കേണ്ട ചില മര്യാദകളില്ലേ അതാണോ ഈ കാണിക്കുന്നത്. എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നതെന്ന് സുരേന്ദ്രൻ വ്യക്തമാക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

പലരീതിയിൽ കഥകൾ പ്രചരിപ്പിക്കുകയാണ്. അതിൽ കുടുംബാംഗങ്ങളെപ്പോലും വലിച്ചിഴയ്ക്കുന്നു. എന്നാൽ ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഞങ്ങൾ അതിനെ അതിന്റേതായ രീതിയിൽ തന്നെ നേരിടും. ഇതൊക്കെ പൊതുസമൂഹവും കാണുന്നുണ്ട്. ഉദ്ദേശമെന്താണെന്ന് ജനങ്ങളും തിരിച്ചറിയുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ ചെലവാകില്ല .അഴിമതി തീണ്ടാത്ത എൽഡിഎഫ് സർക്കാരിന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish sum­ma­ry: Pinarayi vijayan on K Sure­dran

You may also like this video: