September 28, 2022 Wednesday

Related news

September 27, 2022
September 26, 2022
September 23, 2022
September 10, 2022
September 9, 2022
September 5, 2022
September 5, 2022
September 4, 2022
September 4, 2022
September 3, 2022

കേരളത്തിന്റേത് സമാനതകളില്ലാത്ത വികസനമുന്നേറ്റം

പിണറായി വിജയൻ
മുഖ്യമന്ത്രി
September 15, 2020 3:32 pm

പിണറായി വിജയൻ

നാം ഒരു പുതിയ കേരളം നിർമ്മിക്കുകയാണ്. ദശാബ്ദങ്ങളായി പറഞ്ഞുകേൾക്കുകയും കടലാസുകളിൽ ഉറങ്ങുകയും ചെയ്തിരുന്ന വികസനപദ്ധതികളാണ് ഇപ്പോൾ കേരളജനതയുടെ മുന്നിൽ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നത്. അടുത്ത പത്തോ പതിനഞ്ചോ വർഷം കൊണ്ടുപോലും യാഥാർത്ഥ്യമാകാൻ സാധ്യത കുറവായിരുന്ന അത്ര വികസനപദ്ധതികളാണ് കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലുമായി പുരോഗമിക്കുന്നത്. വികസനപ്രക്രിയയിലെ പരമ്പരാഗത രീതികൾക്കപ്പുറം രാജ്യത്തിന് തന്നെ പുതിയ വികസനമാതൃക കാഴ്ചവയ്ക്കുകയാണ് കേരളം. 57,000 കോടി രൂപ മുതൽമുടക്ക് വരുന്ന 730 പദ്ധതികളാണ് കിഫ്ബിയിലൂടെ സർക്കാർ നടപ്പാക്കുന്നത്. സംസ്ഥാനചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത വികസനമുന്നേറ്റമാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഈ പദ്ധതികൾക്ക് വേണ്ട പണം കണ്ടെത്താൻ നടത്തിയ പ്രവർത്തനങ്ങളും രാജ്യത്തിനാകമാനം മാതൃകയാണ്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് അതിന്റെ മസാലബോണ്ട് വില്പനയിലൂടെ അന്താരാഷ്ട്ര ധനകാര്യ വിപണിയിലേക്ക് കാലൂന്നിയ ആദ്യത്തെ സംസ്ഥാന സർക്കാർ ഏജൻസിയായി മാറി. ചരിത്രപ്രധാനമായ ചുവടുവെയ്‌പെന്ന നിലയിൽ വ്യാപകമായ അഭിനന്ദനങ്ങളാണ് ഇതിനു ലഭിച്ചത്. വികസനത്തിന്റെ മുൻഗണനകളെ അഭിമുഖീകരിക്കുന്നതിൽ സർക്കാരിന്റെ ഇച്ഛാശക്തിയാണ് ഇതിലൂടെ പ്രതിഫലിച്ചത്. കിഫ്ബിയുടെ പ്രവർത്തനത്തിലും സംവിധാനത്തിലും നിക്ഷേപകർക്കുള്ള വിശ്വാസമാണ് സംസ്ഥാനതല ഏജൻസിയായിട്ടു പോലും മികച്ച നിരക്കിൽ പണം ലഭ്യമാക്കാൻ സാധിച്ചത്. മറ്റു പല ധനകാര്യസ്ഥാപനങ്ങളും നമ്മുടെ സുതാര്യവും കാര്യക്ഷമവുമായ പ്രവർത്തനമികവിൽ ആകൃഷ്ടരായി പണം തരാൻ മുന്നോട്ട് വരുന്നുണ്ട് എന്നത് ശുഭസൂചനയാണ് .

വമ്പൻ പദ്ധതികൾക്കൊപ്പം വിദ്യാഭ്യാസം,ആരോഗ്യം തുടങ്ങിയ മേഖലകളും വികസിക്കേണ്ടതുണ്ട്. അത്തരത്തിലും കൃത്യമായ ദിശാബോധത്തോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. അതിനു തെളിവാണ് സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒരുങ്ങുന്ന 45,000 ഹൈടെക് ക്ലാസ് മുറികളും പതിനായിരത്തോളം സ്‌കൂളുകളിൽ തയ്യാറാകുന്ന ഹൈടെക് ലാബുകളും. 141 സ്‌കൂളുകളാണ് മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നത്. ഇതിനും പുറമെ 405 സ്‌കൂളുകൾ 50 ലക്ഷം മുതൽ ഒരു കോടി രൂപവരെ മുടക്കി നവീകരണത്തിന്റെ വിവിധഘട്ടങ്ങളിലാണ്. ആരോഗ്യമേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. 50 ഡയാലിസിസ് യൂണിറ്റുകൾ, 10 കാത്‌ലാബുകൾ, 23ഓളം ആശുപത്രികളുടെ നിർമ്മാണവും നവീകരണവും കിഫ്ബി ധനലഭ്യത ഉറപ്പുവരുത്തി പൂർത്തീകരിക്കുകയാണ്. ഭരണ‑പ്രതിപക്ഷ ഭേദമില്ലാതെ കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും വികസനപ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന് വേണ്ടി കിഫ്ബി ധനലഭ്യത ഉറപ്പുവരുത്തുന്നുണ്ട്. പദ്ധതികൾക്ക് ഫണ്ട് അനുവദിച്ച് കയ്യും കെട്ടി നോക്കിനിൽക്കുകയല്ല സർക്കാർ ചെയ്യുന്നത്. പദ്ധതികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള കർശന നടപടികളും ഒപ്പം ഉണ്ടാകുന്നുണ്ട്. ഗുണനിലവാരമില്ലാത്ത പ്രവർത്തികൾ കണ്ടെത്തിയാലുടൻ അവ നിർത്തിവയ്പ്പിച്ച് , പരിഹാരമാർഗങ്ങൾ നിർദ്ദേശിച്ച് അവയെ പ്രവൃത്തിപഥത്തിലേക്ക് തിരികെയെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകുന്നതല്ല .

മഹാപ്രളയത്തിന്റെയും മഹാമാരിയുടെയും ദുരിതങ്ങൾ അനുഭവിച്ചവരാണ് നമ്മൾ. എന്നാൽ എല്ലാ പ്രതിസന്ധികളെയും മറികടന്ന് കേരളം വികസനത്തിന്റെ ശരിയായ ദിശയിൽ തന്നെ മുന്നേറുന്നു എന്നത് വളരെയധികം സന്തോഷവും അഭിമാനവും ഉളവാക്കുന്നതാണ്. അത് ഈ വേളയിൽ ഞാൻ നിങ്ങളോടും പങ്കുവയ്ക്കുന്നു.

Eng­lish sum­ma­ry: Pinarayi vIjayan on Ker­ala’s devel­op­ment progress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.