താൽക്കാലിക ലാഭത്തിനായി മതനിരപേക്ഷ നിലപാട് വെടിഞ്ഞ് വർഗീയ ശക്തികളുമായുള്ള കൂട്ടുകെട്ട് യു ഡി എഫ് തുടരുകയാണെങ്കിൽ കേരളം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് യുഡിഎഫിനെ വലിച്ചെറിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ഗവർണറുടെ നന്ദി പ്രമേയ ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ മുഖ്യമന്ത്രി മുസ്ലിം ലീഗിനെതിരെയും കോൺഗ്രസിന്റെ വര്‍ഗ്ഗീയ പ്രീണനനത്തെയും രൂക്ഷമായി വിമര്‍ശിച്ചു.
മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ആരും മുസ്ലിംലീഗിന് കൊടുത്തിട്ടില്ല. മുസ്ലിംലീഗിനെതിരെ എന്തെങ്കിലും പറഞ്ഞാൽ അത് മുസ്ലിങ്ങൾക്കെതിരാണെന്ന് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ അതെല്ലാം ജനങ്ങൾ തിരിച്ചറിഞ്ഞു. മതനിരപേക്ഷമായി ചിന്തിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന മുസ്ലിം സമുദായങ്ങൾ മാറ്റി നിർത്തിയിട്ടുള്ള ജമാഅത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയുമായുള്ള കൂട്ടുകെട്ട് മുസ്ലിം ലീഗിന്റെ അജണ്ടയായിരുന്നു.
എന്നാൽ ഈ ബന്ധത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് വേറിട്ട നിലപാടിയാരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് വെൽഫെയർ പാർട്ടിയെക്കുറിച്ചറിയാമായിരുന്നു. ഇതിനൊപ്പം കേന്ദ്രനിലപാടും ചേര്‍ന്നപ്പോള്‍ അദ്ദേഹം ആ സഖ്യത്തെ എതിർത്തു. എന്നാൽ കോൺഗ്രസിന്റെ ബഹുഭൂരിപക്ഷം നേതാക്കളും ആ സഖ്യത്തിനെ പിന്തുണച്ചു. എന്നാൽ തെരഞ്ഞെടുപ്പിൽ കനത്ത പരാജയമുണ്ടായപ്പോൾ അദ്ദേഹത്തിനെ മാറ്റണമെന്ന ആവശ്യവുമുണ്ടായി. ഒരു പാർട്ടിയുടെ നേതാവിനെ മാറ്റണമെന്ന് ആവശ്യപ്പെടേണ്ടത് ഘടകകക്ഷിയല്ല. അക്കാര്യമാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും പിണറായി പറഞ്ഞു.
സംവരണേതര വിഭാഗങ്ങൾക്ക് പത്ത് ശതമാനം സംവരണം കൊണ്ടുവന്നപ്പോൾ അതിനെ മുസ്ലീം ലീഗ് എതിർത്തു. കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിനെതിരായിട്ടും മുസ്ലിംലീഗിന് മുന്നിൽ അവർ കീഴടങ്ങി. “ഞാൻ ശരിയായ പരിപ്പേ വേവിക്കാറുള്ളൂ. അതും മതനിരപേക്ഷതയുടെ അടുക്കളയിൽ” ചെന്നിത്തലയുടെ ഇടപെടലിന് മുഖ്യന്ത്രിയുടെ മറുപടി കര്ക്കശ്യമുള്ളതായിരുന്നു.
മതനിരപേക്ഷതയ്ക്ക് എന്തെങ്കിലും കോട്ടമുണ്ടായാൽ താന്‍ പ്രതികരിക്കുക തന്നെ ചെയ്യും. അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിച്ച് പ്രതിപക്ഷം പരിഹാസ്യരാവുകയാണ്. ഗൗരവമായി പ്രശ്നങ്ങളെ സമീപിക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല. പുകമറകൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. കുംഭകോണങ്ങളുടെ കുംഭമേളയുമായാണ് കഴിഞ്ഞ സർക്കാർ ഒഴിഞ്ഞത്. പ്രതിപക്ഷം ഉന്നയിക്കുന്ന പ്രശ്നങ്ങൾ ഭാവന സൃഷ്ടി മാത്രമാണ്.
പ്രകടനപത്രികയിലെ കാര്യങ്ങൾ നടപ്പാക്കാൻ അങ്ങേ അറ്റത്തെ ശുഷ്കാന്തി ഇടതുപക്ഷ സർക്കാർ കാണിച്ചിട്ടുണ്ട്. സ്വന്തം തകർച്ചക്ക് ഉത്തരവാദി ആരെന്ന് കണ്ടെത്താനെങ്കിലും പ്രതിപക്ഷം ശ്രമിക്കണം. കേന്ദ്രത്തിൽ ബ ജെ പി സർക്കാറിനെ കൊണ്ടുവന്നത് ആരെന്ന് കോൺഗ്രസ് ആത്മപരിശോധന നടത്തിയാൽ മതി. ബി ജെ പിക്കെതിരെയും അവരുടെ വർഗീയ അജണ്ടക്കെതിരെയും എന്നും ഇടതുമുന്നണി നിലകൊള്ളും. അത് മുമ്പും തെളിഞ്ഞതാണ്. ഇടതുപ്രസ്ഥാനങ്ങൾക്കെതിരെ വർഗീയ ശക്തികളുമായി സഖ്യമുണ്ടാക്കുന്ന ചരിത്രം കോൺഗ്രസിന് ഏറെക്കാലം മുമ്പേയുള്ളതാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഹൈകോടതി പരാമർശിച്ചത് മുൻ സർക്കാരിന്റെ കാലത്താണ്. അതും ഭൂമി തട്ടിപ്പു കേസിൽ. സ്വർണ കള്ളക്കടത്തിൽ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. അന്വേഷണം വഴിതെറ്റിയപ്പോൾ അതിനെ എതിർക്കുകയും ചെയ്തു. ഭാസ്ക്കര പട്ടേലരും തൊമ്മിമാരുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രയോഗം കോൺഗ്രസിനെ ഓർത്താണ്.
കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് ഒരു തെരഞ്ഞെടുപ്പ് ആലോചിക്കാൻ അവർക്ക് കഴിയുമോ. പട്ടേലരേയും തൊമ്മിമാരേയും അവിടെ വച്ച് ആനന്ദം കൊണ്ടാൽ മതി. ജനങ്ങളുടെ അടിത്തറ വികസിക്കുന്ന മുന്നണിയായി ഇടതുമുന്നണി മാറി കഴിഞ്ഞു. തദ്ദേശ തെരെഞ്ഞെടുപ്പിൽ 99 മണ്ഡലങ്ങളിൽ ഇടതുജനാധിപത്യ മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചു. സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് യുഡിഎഫ് കാണണം. പുതിയ കാർഷിക നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇവയെ മറികടക്കാൻ നിയമഭേദഗതി കൊണ്ടുവരുന്നത് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.
English summary: Pinarayi vijayan on UDF
You may also like this video: