December 3, 2023 Sunday

Related news

December 3, 2023
November 30, 2023
November 29, 2023
November 27, 2023
November 27, 2023
November 27, 2023
November 26, 2023
November 26, 2023
November 26, 2023
November 25, 2023

2025 നവംബറിന് മുമ്പ് കേരളത്തെ അതിദാരിദ്ര്യമുക്തമാക്കും; മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
September 27, 2023 7:25 pm

സർക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  സമയബന്ധിതമായ പദ്ധതി നിര്‍വ്വഹണവും പ്രശ്ന പരിഹാരവും ഉറപ്പാക്കാനും സര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ നാലുമേഖലകളില്‍ അവലോകന യോഗങ്ങള്‍ ചേരുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സെപ്തംബര്‍ 26, 29 ഒക്ടോബര്‍ 3, 5 തിയതികളില്‍ തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ചേരാനാണ് നിശ്ചയിച്ചിരിക്കുന്നത്. മന്ത്രിസഭ ആകെ നേരിട്ട് പങ്കെടുക്കുന്ന ഈ യോഗങ്ങളില്‍ ആദ്യ യോഗമാണ് ഇന്നലെ നടന്നത്. ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കും.

അതി ദാരിദ്ര്യ നിര്‍മ്മാര്‍ജനം, ലൈഫ്, ആര്‍ദ്രം, വിദ്യാകിരണം, ഹരിത കേരള മിഷന്‍ എന്നീ മിഷനുകള്‍, ദേശീയ പാത, മലയോര ഹൈവേ, തീരദേശ പാത എന്നിവയടക്കം പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികള്‍, കോവളം-ബേക്കല്‍ ഉള്‍നാടന്‍ ജലഗതാഗതം, മാലിന്യമുക്തകേരളം എന്നിവയാണ് ഈ യോഗങ്ങളില്‍ പൊതുവായി അവലോകനം ചെയ്ത് വേണ്ട തീരുമാനങ്ങളില്‍ എത്തുന്നത്.

ജില്ലയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍മാര്‍ കണ്ടെത്തുന്ന പ്രധാന പ്രശ്നങ്ങളാണ് മറ്റൊരു പരിഗണനാവിഷയം. വികസനവുമായി ബന്ധപ്പെട്ട് ജില്ലകളില്‍ തടസ്സപ്പെട്ട് കിടക്കുന്നവയോ പുരോഗതിയില്ലാത്തതോ ആയ വിവിധ പദ്ധതികളും ചര്‍ച്ചചെയ്യുന്നുണ്ട്. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പരിഹരിക്കപ്പെടേണ്ട വിഷയങ്ങളുണ്ട്. സംസ്ഥാന തലത്തില്‍ വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാതെ തടസ്സപ്പെട്ടുകിടക്കുന്ന പദ്ധതികളുണ്ടാകും. ഇവയൊക്കെ പരിഹരിക്കാനുള്ള ഇടപെടലുകള്‍ മേഖലാ അവലോകന യോഗത്തിന്‍റെ ഭാഗമായി ഗാരവമായി ചർച്ച ചെയ്യുന്നുണ്ട്. സമയബന്ധിതമായി തീര്‍പ്പാക്കാനുള്ള ഇടപെടലാണ് നടക്കുന്നത്. ഭരണാനുമതി കിട്ടാനുള്ള പദ്ധതികള്‍ ഉണ്ടെങ്കിൽ ഭരണാനുമതി ലഭ്യമാക്കാൻ നടപടിയെടുക്കുന്നുണ്ട്.

മേഖലാ അവലോകന യോഗങ്ങളിലേക്കായി 14 ജില്ലകളില്‍ കണ്ടെത്തിയ, 265 വിഷയങ്ങളില്‍ 241 എണ്ണം ജില്ലാതലത്തില്‍ തന്നെ പരിഹാരം കണ്ടു. സംസ്ഥാനതലത്തില്‍ പരിഗണിക്കേണ്ടതായി 703 വിഷയങ്ങളാണ് വന്നത്.

തിരുവനന്തപുരത്ത് നടന്ന മേഖലാ അവലോകന യോഗത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിഷയങ്ങളാണ് പരിഗണിച്ചത്. ജൂലൈ മധ്യത്തോടു കൂടി ആരംഭിച്ച പ്രക്രിയയാണ് ഇത്. പരിമിതമായ സമയത്തിനുള്ളില്‍ പ്രശ്ന പരിഹാരത്തില്‍ കാര്യമായ മുന്നേറ്റമാണ് ഉണ്ടാക്കാനായത്. ഈ ഉദ്യമത്തില്‍ പഠിച്ച പാഠങ്ങള്‍ ഭാവിയില്‍ സമാനമായ പ്രക്രിയകള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ പ്രചോദനമാണ്. വകുപ്പ് സെക്രട്ടറിമാരുടെ പ്രത്യേക ശ്രദ്ധ, പ്രശ്ന പരിഹാരം വേഗത്തിലാക്കാന്‍ നല്ല തോതിൽ സഹായിച്ചിട്ടുണ്ട്.

ഉറവിട മാലിന്യ വേര്‍തിരിവിലും വീടുതോറുമുള്ള അജൈവ മാലിന്യ ശേഖരണത്തിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മികച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതായി യോഗം വിലയിരുത്തി. തീരദേശ മാലിന്യ സംസ്കരണ പദ്ധതികള്‍ക്കു കൂടുതല്‍ ശ്രദ്ധ നല്‍കും. മുട്ടത്തറയിലെ സ്വീവിജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമേ ആറ്റിങ്ങല്‍, വര്‍ക്കല, നെയ്യാറ്റിന്‍കര, പാറശാല, ചിറയിന്‍കീഴ്, അഴൂര്‍, കള്ളിക്കാട് എന്നിവിടങ്ങളില്‍ പുതിയ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. കൊല്ലം കുരീപ്പുഴ കേന്ദ്രീകരിച്ച് 12 എംഎല്‍ഡിയുടെ പ്ലാന്‍റ് നിര്‍മാണം പുരോഗമിക്കുന്നുണ്ട്. മയ്യനാട് ഒരു എസ്ടിപിക്കും കരുനാഗപ്പള്ളിയില്‍ എഫ്എസ്ടിപിക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ മാലിന്യമുക്തം നവകേരളം പദ്ധതിക്കായി മികച്ച ക്യാംപെയിന്‍ നടക്കുന്നുണ്ട്. പറക്കോട്, പന്തളം, ഇലന്തൂര്‍ ബ്ലോക്കുകളുടെ നേതൃത്വത്തില്‍ പ്രത്യേക ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്.

മാലിന്യം വലിച്ചെറിയാതിരിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സഹകരിക്കാൻ പൊതുപരിപാടികളിൽ പ്രതിജ്ഞ എടുക്കുന്ന കാര്യം ഇന്ന് മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

2025 നവംബര്‍ ഒന്നിനു മുന്‍പു കേരളത്തെ അതിദാരിദ്ര്യത്തില്‍നിന്നു മുക്തമാക്കി സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കാനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. 2023, 2024 വര്‍ഷങ്ങളില്‍ ലക്ഷ്യമിട്ടിരിക്കുന്ന എണ്ണം കൈവരിക്കുന്നതോടെ അതിദരിദ്രരായ 93 ശതമാനം പേരെയും അതിദാരിദ്ര്യത്തില്‍നിന്നു മുക്തമാക്കാന്‍ കഴിയും. തിരുവനന്തപുരത്ത് 7278ഉം കൊല്ലത്ത് 4461ഉം പത്തനംതിട്ടയില്‍ 2579ഉം കുടുംബങ്ങളെയാണ് അതിദരിദ്ര കുടുംബങ്ങളായി കണ്ടെത്തിയിട്ടുള്ളത്.

സംസ്ഥാനത്ത് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നടക്കുന്ന സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഇനിയും പൂര്‍ത്തിയാകാനുള്ളവ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിക്ക് ആവശ്യമായ ഭൂമി കണ്ടെത്തുന്നതിനുള്ള څമനസ്സോടിത്തിരി മണ്ണ്چ ക്യാംപെയിന്‍ തദ്ദേശ സ്വയംഭരണാടിസ്ഥാനത്തില്‍ വിപുലമാക്കും.

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് സിഡബ്ല്യുപിആര്‍എസിന്‍റെ പഠന റിപ്പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കുന്നതിനും തുറമുഖത്തെ ഡ്രഡ്ജിങ് വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കും. പുലിമുട്ടിന്‍റെ തെക്കുഭാഗത്ത് അടിഞ്ഞുകൂടുന്ന മണ്ണ് വടക്കു ഭാഗത്തേക്ക് സാന്‍ഡ് ബൈപാസിങ് വഴി നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കണമെന്നും അവലോകന യോഗം തീരുമാനിച്ചു.

കോവളം ബേക്കല്‍ ജലപാതയുടെ ജില്ലയിലെ നിര്‍മാണ പുരോഗതി യോഗം വിലയിരുത്തി. തടസ്സങ്ങള്‍ അടിയന്തരമായി പരിഹരിച്ച് പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാക്കും. മലയോര ഹൈവേ പദ്ധതി അഞ്ചു റീച്ചുകളായി തിരുവനന്തപുരം ജില്ലയില്‍ നിര്‍മാണം പുരോഗിക്കുന്നു. തീരദേശ ഹൈവേയുടെ 74.2 കിലോമീറ്ററാണു ജില്ലയില്‍ വരുന്നത്. ഇതില്‍ ഒന്നാം പാലം മുതല്‍ പള്ളിത്തുറ വരെയുള്ള 21.53 കിലോമീറ്ററില്‍ ഫോര്‍വണ്‍ 4(1) നോട്ടിഫിക്കേഷന്‍ പ്രസിദ്ധപ്പെടുത്തി. ബാക്കിയുള്ള 51.98 കിലോമീറ്ററില്‍ കല്ലിടല്‍ / ജിയോടാഗിങ് പൂര്‍ത്തിയായി.

ആര്‍ദ്രം മിഷനിലുള്‍പ്പെടുത്തി പത്തനംതിട്ട ജില്ലയിലെ 24 സ്ഥാപനങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി. 11 സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളില്‍ ഒരെണ്ണം ബ്ലോക്ക് ലെവല്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയര്‍ത്തി. ഒ.പി പരിവര്‍ത്തനത്തിനായി തിരഞ്ഞെടുത്ത അഞ്ച് മേജര്‍ ആശുപത്രികളില്‍ രണ്ടെണ്ണം പൂര്‍ത്തിയായി.

പത്തനംതിട്ട ജില്ലയില്‍ പൊതു വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ ഭാഗമായി അഞ്ച് കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പ്രഖ്യാപിച്ച അഞ്ച് കെട്ടിടങ്ങളുടേയും നിര്‍മാണം പൂര്‍ത്തിയായി. മൂന്ന് കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിടങ്ങളില്‍ ആറെണ്ണവും ഒരു കോടി രൂപ ഫണ്ട് ഉപയോഗിച്ച് ഒരു കെട്ടിടവും പൂര്‍ത്തിയാക്കി. നിര്‍മാണം പൂര്‍ത്തിയാകാനുള്ളവ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ അവലോകന യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

കൊല്ലം ജില്ലയില്‍ ഒരു കോടി ചെലവഴിച്ച സ്കൂള്‍ കെട്ടിട പദ്ധതിയില്‍ കുണ്ടറ കെജിവി യുപിസ്കൂളിന് സ്ഥലം ലഭ്യമല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്ഥലം ലഭ്യമാക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് അവലോകന യോഗം നിര്‍ദ്ദേശിച്ചു. ഇത്തരം അവലോകനവും അതിന്‍റെ ഭാഗമായുള്ള നടപടികളും ഒരു തുടര്‍ പ്രക്രിയയായി മാറ്റും.

നവകേരള സദസ്

നവകേരള നിര്‍മ്മിതിയുടെ ഭാഗമായി ഇതിനകം സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും സമൂഹത്തിന്‍റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തും. നവകേരള സദസ് എന്ന പേരിലായിരിക്കും പര്യടനം. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസ്സും നടത്തും.

2023 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് പരിപാടി. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് പരിപാടിക്ക് തുടക്കം കുറിക്കും. ഓരോ മണ്ഡലത്തിലും എം.എല്‍.എമാര്‍ നേതൃത്വം വഹിക്കും. സെപ്റ്റംബറില്‍ സംഘാടകസമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കും.

പരിപാടി വിജയിപ്പിക്കുന്നതിന് ജനപ്രതിനിധികളും സഹകാരികളും തൊഴിലാളികളും കൃഷിക്കാരും കര്‍ഷക തൊഴിലാളികളും മഹിളകളും വിദ്യാര്‍ത്ഥികളും മുതിര്‍ന്ന പൗരന്മാരും അടങ്ങുന്ന മണ്ഡലം ബഹുജന സദസ്സു കള്‍ ആസൂത്രണം ചെയ്യും. അനുബന്ധമായി വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കും.

നവകേരള സദസ്സില്‍ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികള്‍, വെറ്ററന്‍സ്, വിവിധ മേഖലകളിലെ പ്രമുഖര്‍, മഹിളാ, യുവജന, വിദ്യാര്‍ത്ഥി വിഭാഗത്തില്‍നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവര്‍, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, പട്ടിക ജാതിപട്ടികവര്‍ഗ വിഭാഗത്തിലെ പ്രതിഭകള്‍, കലാകാരന്മാര്‍, സെലിബ്രിറ്റികള്‍, വിവിധ അവാര്‍ഡ് നേടിയവര്‍, തെയ്യം കലാകാരന്മാർ, വിവിധ സാമുദായിക സംഘടനകളിലെ നേതാക്കള്‍, മുതിര്‍ന്ന പൗരന്മാരുടെ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, കലാസാംസ്കാരിക സംഘടനകള്‍ ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പരിപാടി വിജയിപ്പിക്കാനാവശ്യമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പരിപാടിയുടെ സംസ്ഥാനതല കോഓര്‍ഡിനേറ്ററായി പാര്‍ല മെന്‍ററികാര്യ മന്ത്രി പ്രവര്‍ത്തിക്കും. ജില്ലകളില്‍ പരിപാടി വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള ചുമതല അതത് ജില്ലകളിലെ മന്ത്രിമാര്‍ക്കായിരിക്കും. ജില്ലകളില്‍ പരിപാടിയുടെ സംഘാടന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നേതൃത്വം നല്‍കും. മണ്ഡലങ്ങളിലെ പരിപാടികളുടെ കണ്‍വീനറായി ഒരു ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിക്കും.

കേരളീയം

കേരളത്തെ, അതിന്‍റെ സമസ്ത നേട്ടങ്ങളോടെയും ലോകത്തിനു മുമ്പില് അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘കേരളീയം-23’ന്‍റെ ഒരുക്കങ്ങള്‍ ഊര്‍ജ്ജിതമായി മുന്നോട്ടുപോവുകയാണ്.

41 വേദികളിലായാണ് കേരളീയം അരങ്ങേറുക. ആദ്യഘട്ടത്തില്‍ ആസൂത്രണം ചെയ്ത ആറ് എകിസിബിഷനുകള്‍ കൂടാതെ താത്പര്യപത്രം ക്ഷണിച്ചതിന്‍റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത 13 എക്സിബിഷനുകൾ കൂടി ഉള്‍പ്പെടുത്തി 19 എകസിബിഷനുകളാണ് ഉണ്ടാവുക. കേരളത്തിന്‍റെ തനതു കലകളുടെയും ആധുനിക കലാരൂപങ്ങളുടെയും പ്രദര്‍ശന വേദിയാണ് കേരളീയം. ഏഴ് ദിവസങ്ങളിലായി 31 വേദികളിലാണ് കേരളത്തിന്‍റെ തനത് കലകള്‍ അരങ്ങേറുന്നത്. കേരളത്തിന്‍റെ നൂതന സംരംഭങ്ങളും വ്യത്യസ്തമായ ആശയങ്ങളും പരിചയപ്പെടുത്താന് 10 വേദികളിലായാണ് ട്രേഡ് ഫെയര്‍ സംഘടിപ്പിക്കുന്നത്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള ട്രേഡ് ഫെയർ, ട്രൈബല്‍ മേഖലയില്‍ നിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന ട്രൈബല് ട്രേഡ് ഫെയർ, വനിതാസംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വനിതാ ട്രേഡ് ഫെയര്‍, പരമ്പരാഗത, സഹകരണ മേഖലകൾക്കായുള്ള പ്രത്യേക ട്രേഡ് ഫെയറുകള്‍ എന്നിവ ഈ ഉത്സവത്തിന്‍റെ ഭാഗമായിരിക്കും. കൂടാതെ വ്യത്യസ്ത കേരളീയ രുചികളും തനത് രുചികളും പരിചയപ്പെടുത്താൻ ഭക്ഷ്യമേളകളും ആസൂത്രണം ചെയ്തിട്ടുണ്ട്. എട്ട് വേദികളിലായി ഫ്ളവര്‍ ഷോ നടക്കും. കൂടാതെ വിവിധ വേദികളിലായി ഫിലിം ഫെസ്റ്റിവല്‍ ഉണ്ടാകും. നിയമസഭാ മന്ദിരത്തില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച പുസ്തകോത്സവം ഇത്തവണ നിയമസഭയുടെ ആഭിമുഖ്യത്തില്‍ ‘കേരളീയ’ത്തിന്‍റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്.

കേരളത്തിന്‍റെ സാമൂഹ്യസാമ്പത്തിക മേഖലകളിലെ സുപ്രധാന വിഷയങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്ന സെമിനാറുകളും കേരളീയത്തിന്‍റെ ഭാഗമായി നടക്കും. ഇന്ത്യക്ക് അകത്തും പുറത്തും നിന്നുള്ള വിദഗ്ധര്‍ ഈ സെമിനാറുകളുടെ ഭാഗമാകും. മണിശങ്കര്‍ അയ്യര്‍, ലോകാരോഗ്യ സംഘടനയുടെ മുന്‍ ചീഫ് സയന്‍റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍, പ്രൊഫസര്‍ റോബിന്‍ ജെഫ്രി, കെ.എം ചന്ദ്രശേഖര്‍, ഡോ. എം. ആര്‍ രാജഗോപാല്‍, ഡോ. ഗോപാല്‍ ഗുരു, ബെസ്വാദാ വില്‍സണ്‍, യൂണിസെഫിന്‍റെ ഇന്ത്യ പ്രതിനിധി സിന്തിയ മക്ക്അഫെറി, ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നുള്ള സാമ്പത്തിക ശാസ്ത്രജ്ഞ ബാര്‍ബറ ഹാരിസ് വൈറ്റ്, ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനില്‍ നിന്നും സുക്തി ദാസ് ഗുപ്ത, ജസ്റ്റിസ് കെ. ചന്ദ്രു തുടങ്ങി നിരവധി പ്രമുഖര്‍ കേരളീയത്തിനോട് അനുബന്ധിച്ചു നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാനുള്ള ക്ഷണം ഇതിനകം സ്വീകരിച്ചു. ഇനിയും അനവധി പ്രഗത്ഭര്‍ ഈ പരിപാടികളുടെ ഭാഗമാകും.

എല്ലാ സബ് കമ്മിറ്റികളുടെയും യോജിച്ചുള്ള പ്രവര്‍ത്തനത്തിലാണ് കേരളീയം എന്ന പരിപാടിയുടെ വിജയം. 19 ടീമുകള്‍ രൂപീകരിക്കുകയും പ്രാഥമികമായ ആസൂത്രണം പൂര്‍ത്തിയാക്കുകയും ചെയ്തു. എല്ലാ സബ് കമ്മിറ്റികളുടെയും പ്രവര്‍ത്തന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം അവതരിപ്പിച്ചു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം തന്നെ ഓരോ തലസ്ഥാന നഗരവാസിയും സംഘാടകനായി മാറേണ്ടതുണ്ട്. ജനങ്ങളെ ഈ മഹോത്സവത്തിലേക്ക് ആകർഷിക്കുന്നതിനുള്ള നടപടികള്‍ ഓരോ നഗരവാസിയും സ്വീകരിക്കേണ്ടതുണ്ട്. തിരുവനന്തപുരത്തിന്‍റെ പുകള്‍പെറ്റ ആതിഥ്യമര്യാദ ലോകം അറിയണം. തിരുവനന്തപുരത്ത് താമസിക്കുന്നവര്‍ ദൂരെയുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ഈ ദിവസങ്ങളില്‍ ക്ഷണിച്ചുവരുത്തുക, ആളുകള്‍ക്ക് ഇങ്ങോട്ടെത്താനും താമസിക്കുവാനുമുള്ള സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ കൂടി സ്വാഭാവികമായി നടക്കുമ്പോഴേ കേരളീയം യഥാര്‍ഥത്തില്‍ കേരളത്തിന്‍റെ ഉത്സവമായി മാറുകയുള്ളൂ.

‘കേരളീയത’ എന്നത് ഓരോ മലയാളിയുടെയും വികാരമാവണം, അതിലൂടെ കേരളീയരാകെ ഒരുമിക്കണം എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. കേരളീയവുമായി ബന്ധപ്പെട്ട പരിപാടികള്‍ നടക്കുന്നത് തിരുവനന്തപുരത്താണെങ്കിലും കേരളമാകെ ഈ പരിപാടി ജനകീയമാക്കാന്‍ സാധിക്കണം.

മണിപ്പൂര്‍

മണിപ്പുരില്‍ നിന്ന് സ്തോഭജനകമായ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണല്ലൊ. മണിപ്പൂരിലെ കലാപബാധിത ജനതയോടുള്ള ഐക്യദാര്‍ഢ്യമായി ആ സംസ്ഥാനത്തുനിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ തുടര്‍പഠനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. കണ്ണൂര്‍ സര്‍വ്വകലാശാലയിലാണ് ഇതിനു സൗകര്യമൊരുക്കിയത്. നിയമ പഠനമടക്കമുള്ള ബിരുദ കോഴ്സുകളിലും, ബിരുദാനന്തര കോഴ്സുകളിലും ഡോക്ടറല്‍ ഗവേഷണത്തിലും ഉള്‍പ്പെടെ 46 മണിപ്പൂരി വിദ്യാര്‍ത്ഥികള്‍ക്കാണ് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പഠന വിഭാഗങ്ങളിലും അഫിലിയേറ്റഡ് കോളേജുകളിലും സര്‍വ്വകലാശാലയുടെ വിവിധ ക്യാമ്പസുകളിലുമായി പ്രവേശനം നല്‍കിയത്.

പാലയാട്, മാങ്ങാട്ടുപറമ്പ്, പയ്യന്നൂര്‍, മഞ്ചേശ്വരം ക്യാമ്പസുകളിലും തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജിലുമാണ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചത്.
വിവിധ യുജി, പിജി പ്രോഗ്രാമുകളില്‍ അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ, മാനന്തവാടി മേരി മാത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, പിലാത്തറ സെന്‍റ് ജോസഫ് കോളേജ്, കാസര്‍ഗോഡ് മുന്നാട് പീപ്പിള്‍സ് കോളേജ്, തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ്, തളിപ്പറമ്പ് കില ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് പോളിസി എന്നിവിടങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി.

കലാപനാളുകളില്‍ സര്‍ട്ടിഫിക്കറ്റുകളടക്കം നഷ്ടപ്പെട്ടവര്‍ക്കാണ് കേരളത്തിന്‍റെ മതനിരപേക്ഷ മണ്ണ് പഠനാശ്രയം ഒരുക്കിയത്. അവിടുത്തെ വിവിധ സര്‍വ്വകലാശാലകളുമായി ചര്‍ച്ച നടത്തി. സര്‍ട്ടിഫിക്കറ്റുകള്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് സമര്‍പ്പിക്കാനാണ് ഈ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യം നല്‍കിയിരിക്കുന്നത്.

പുരസ്കാരങ്ങള്‍

ലോക വിനോദ സഞ്ചാര ദിനമാണ് ഇന്ന്. കേരളത്തിലെ ടൂറിസം മേഖലക്ക് ഇന്ന് അഭിമാനകരമായ ദിനമാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ മികച്ച ടൂറിസം വില്ലേജ് വിഭാഗത്തില്‍ കേരളത്തിലെ കാന്തല്ലൂര്‍ ഗോള്‍ഡ് അവാര്‍ഡ് നേടിയിരിക്കുകയാണ്. ടൂറിസം വളര്‍ച്ചക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കിയതിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. സ്ട്രീറ്റ് പദ്ധതിയിലൂടെ ഉത്തരവാദിത്ത ടൂറിസം മിഷനും പഞ്ചായത്തും ചേര്‍ന്ന് വ്യത്യസ്തമായ പദ്ധതികള്‍ ആണ് നടപ്പാക്കിയത്. ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് തന്നെ അവിടെ രൂപപ്പെടുത്തി. ടൂറിസം പദ്ധതികള്‍ക്കായി പഞ്ചായത്ത് പ്രത്യേക പദ്ധതി വിഹിതം തന്നെ മാറ്റിവച്ചു. സ്ത്രീ സൗഹാര്‍ദ വിനോദ സഞ്ചാര പദ്ധതികള്‍ നടപ്പാക്കിയതും കാന്തല്ലൂര്‍ ടൂറിസം പദ്ധതിയെ ശ്രദ്ധേയമാക്കി. ടൂറിസം മേഖലയില്‍ ജനപങ്കാളിത്തത്തോടെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന കേരള മാതൃകക്ക് ലഭിച്ച അംഗീകാരം കൂടിയാണ് ഇത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു.

സംസ്ഥാനത്തിന് ഈ കാലയളവില്‍ ലഭിച്ച ചില അംഗീകാരങ്ങളും സൂചിപ്പിക്കേണ്ടതുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള 2023ലെ ആരോഗ്യമന്ഥന്‍ പുരസ്കാരം കേരളത്തിനാണ് ലഭിച്ചത്. അതോടൊപ്പം കാഴ്ച പരിമിതര്‍ക്കായി സജ്ജമാക്കിയ സേവനത്തിന് പ്രത്യേക പുരസ്കാരവും നമ്മുടെ സംസ്ഥാനത്തിന് ലഭിച്ചു. സംസ്ഥാനത്തിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയര്‍ന്ന സ്കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം എന്ന വിഭാഗത്തില്‍ തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് പുരസ്കാരം ലഭിക്കുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ 3200 കോടിയിലധികം രൂപയുടെ സൗജന്യ ചികിത്സ നല്‍കാനായി.

എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ എന്ന സര്‍ക്കാര്‍ നയം വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു കൊണ്ടുപോവുകയാണ്. സാമ്പത്തിക പ്രയാസം നേരിടുന്ന രോഗികളുടെ ചികിത്സ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്കാരം.

Eng­lish Sum­ma­ry: chief min­is­ter pinarayi vijayan press meet
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.