Web Desk

തിരുവനന്തപുരം:

October 01, 2020, 9:04 pm

വര്‍ഗീയ ആധിപത്യത്തിനെതിരെ പൊരുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു: പിണറായി വിജയൻ

Janayugom Online

ജനാധിപത്യത്തെയും മതനിരപേക്ഷതയെയും സംരക്ഷിക്കാൻ വര്‍ഗീയ ആധിപത്യത്തിനെതിരെ പൊരുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാബറി മസ്ജിദ് ധ്വംസനം കേവലം ഒരു പള്ളി പൊളിക്കലല്ല. ഗാന്ധി വധം പോലെ രാജ്യത്തെ അഗാധമായി മുറിവേൽപ്പിച്ച താരതമ്യമില്ലാത്ത കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു.

കടുത്ത നിയമലംഘനം എന്ന് രാജ്യത്തെ പരമോന്നത കോടതി തന്നെ വിശേഷിപ്പിച്ച സംഭവമാണ് ബാബറി മസ്ജിദ് ധ്വംസനം. ഇന്ത്യന്‍ മതേതരത്വത്തിന് ഏറ്റവും വലിയ പോറലേല്പിച്ച ഈ കടുത്ത നിയമ ലംഘന നടപടിയുടെ ഉത്തരവാദിത്വം സംഘ പരിവാർ ശക്തികൾക്കാണ്. അതിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് കാരണമായതിന്റെയും, ഒത്താശ ചെയ്തുകൊടുത്തതിന്റെയും, അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചതിന്റെയും ഉത്തരവാദിത്തം കോണ്‍ഗ്രസിനും ചങ്ങാതിമാര്‍ക്കുമുണ്ട്. പൂട്ടിക്കിടന്ന ബാബറി മസ്ജിദ് സംഘപരിവാറിനായി തുറന്നു കൊടുത്തതും, ശിലാന്യാസത്തിലൂടെ ക്ഷേത്രത്തിന് തറക്കല്ലിടാന്‍ അനുവാദം കൊടുത്തതും, കര്‍സേവയിലൂടെ അതൊരു മണ്ഡപമാക്കാന്‍ അനുവാദം കൊടുത്തതും കോണ്‍ഗ്രസാണ്. ഇതിന്റെയൊക്കെ സ്വാഭാവികപരിണിതിയെന്ന നിലയില്‍ സംഘപരിവാര്‍ ബാബ്റി മസ്ജിദ് തകര്‍ത്തു തരിപ്പണമാക്കിയപ്പോള്‍ കര്‍മരാഹിത്യത്തിലൂടെ മൗനം ആചരിച്ച് അത് അനുവദിച്ചു കൊടുത്തതും കോണ്‍ഗ്രസ് തന്നെയാണ്.
തങ്ങളെ തടയാന്‍ കോടതി ആരാണ് എന്ന് ചോദിച്ച കുറ്റവാളികൾ ശിക്ഷിക്കപ്പെടാതിരിക്കുന്നത് ദൗർഭാഗ്യകരമാണ്. ഇന്ത്യൻ മതനിരപേക്ഷതയെ കൊലപ്പെടുത്താൻ ശ്രമിച്ചത്തിനുള്ള ശിക്ഷ അവർ അർഹിക്കുന്നുണ്ട്. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ നിയമപരമായ തുടർ നടപടികൾക്ക് അന്വേഷണ ഏജൻസിയായ സിബിഐക്കും കേന്ദ്ര സർക്കാരിനും ഉത്തരവാദിത്തമുണ്ട്. അത് അവർ നിറവേറ്റണം. അതിൽ നിന്ന് ഒഴിഞ്ഞു മാറി ജനാധിപത്യത്തെയും മത നിരപേക്ഷതയെയറ്റും കൂടുതൽ മുറിവേൽപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാബറി മസ്ജിദ് പൊളിച്ച ഘട്ടത്തിൽ നാല് മന്ത്രിസ്ഥാനങ്ങളുമായി കോൺഗ്രസിനൊപ്പം ലീഗുമുണ്ടായിരുന്നു. അന്നത്തെ കേന്ദ്രസർക്കാർ നിസംഗത പാലിച്ച് പള്ളി പൊളിക്കലിന് കൂട്ടു നിന്നപ്പോൾ അതിനെതിരെ അതി ശക്തമായ അമർഷം രാജ്യത്ത് ഉയർന്നു. ലീഗിന്റെ അണികൾ പോലും അന്ന് പ്രതിഷേധം ഉയർത്തിയപ്പോൾ തങ്ങൾക്ക് വലുത് ഈ നാല് മന്ത്രി സ്ഥാനമാണെന്ന നിലയാണ് ലീഗ് സ്വീകരിച്ചത്. എല്ലാ ഘട്ടത്തിലും അവർ അതിനേ പ്രാമുഖ്യം കൊടുത്തിട്ടുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാബറി മസ്ജിദ് പൊളിച്ച കാലം മുതൽ കോൺഗ്രസിനൊപ്പം തന്നെ മുസ്‌ലിം ലീഗ് നിലകൊള്ളുന്നത് സാമുദായിക വഞ്ചനയല്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ENGLISH SUMMARY: pinarayi vijayan respond about the babari masjid case

YOU MAY ALSO LIKE THIS VIDEO