Web Desk

തിരുവനന്തപുരം

January 12, 2021, 12:28 pm

നിയമനങ്ങൾ സുതാര്യം;പി. എസ്. സി വഴി ഒന്നര ലക്ഷത്തിലേറെ നിയമനം നൽകി: മുഖ്യമന്ത്രി

Janayugom Online

നിയമനങ്ങൾ അഴിമതി ഇല്ലാതെ സുതാര്യമായ രീതിയിൽ നടത്തണം എന്ന ഉറച്ച നിലപാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരമാവധി നിയമനങ്ങൾ ഭരണഘടനാ സ്ഥാപനമായ പി. എസ്. സിക്ക് റിപ്പോർട്ട് ചെയ്യാനും അതുവഴി നിയമനം നടത്താനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്.ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കനുസരിച്ച് 1,51,513 പേർക്ക് പി. എസ്. സി വഴി നിയമനം/ അഡൈ്വസ് മെമ്മോ നൽകിയിട്ടുണ്ട്.
ആരോഗ്യ‑സാമൂഹ്യനീതി മേഖലയിൽ നാളിതുവരെ 5985 തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തിയിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയുടെ ശാക്തീകരണത്തിന്റെ ഭാഗമായി പുതുതായി 1990 തസ്തികകളിൽ പബ്ലിക് സർവ്വീസ് കമ്മീഷൻ വഴി നിയമനം നടത്തിയിട്ടുണ്ട്. പോലീസ് ഡിപ്പാർട്ട്മെന്റിൽ 4933 തസ്തികകൾ പുതുതായി സൃഷ്ടിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. ഈ രംഗത്ത് ഹയർസെക്കണ്ടറി തലത്തിൽ മാത്രം 3540 തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ 721 പുതിയ തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ സർക്കാർ 27,000 സ്ഥിരം തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. താത്ക്കാലിക തസ്തികകൾ കൂടി ഉൾപ്പെടുത്തിയാൽ ഇത് 44,000 വരും.

സർക്കാർ സ്ഥാപനങ്ങളിൽ സ്പെഷ്യൽ റൂളുകൾ തയ്യാറാക്കാനും നിയമനങ്ങൾ പി. എസ്. സിക്ക് വിടാനുമുള്ള പ്രക്രിയ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ, ഐ. എം. ജി, ഹൗസിംഗ് കമ്മീഷണറേറ്റ്, കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ, യുവജനക്ഷേമ ബോർഡ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, വഖഫ് ബോർഡ്, റീജിയണൽ ക്യാൻസർ സെന്ററിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം, പൊല്യൂഷൻ കൺട്രോൾ ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ സ്പെഷ്യൽ റൂൾ രൂപീകരിക്കാനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്. കമ്പനി, ബോർഡ്, കോർപ്പറേഷൻ തുടങ്ങിയ 52 സ്ഥാപനങ്ങളിൽ നിയമനം ഇതിനകം പി. എസ്. സിക്ക് വിടുകയും ചെയ്തിട്ടുണ്ട്. നിയമന ചട്ടം രൂപീകരിക്കാനും പി. എസ്. സിക്ക് വിടാനുമുള്ള നടപടിക്രമങ്ങൾ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത സ്ഥാപനങ്ങളുടെ കാര്യത്തിൽ അത് സമയബന്ധിതമായി നടപ്പാക്കാനുള്ള നടപടികളും സ്വീകരിക്കും. ഇതിന്റെ ഭാഗമായി സെക്രട്ടറിമാരുടെ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. നിയമന‑പ്രൊമോഷൻ കാര്യത്തിൽ എല്ലാ സ്ഥാപനങ്ങൾക്കും സ്പെഷ്യൽ റൂൾ ഉണ്ടാകണമെന്നതാണ് സർക്കാരിന്റെ നയം.
അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് യോഗ്യതയ്ക്കനുസരിച്ചുള്ള നിയമനം സുതാര്യമായ പ്രക്രിയയിലൂടെ ഉറപ്പാക്കുന്ന നയമാണ് സർക്കാരിനുള്ളത്. ഇതിനോടൊപ്പം തന്നെ സർക്കാർതൊഴിൽ അന്വേഷിക്കുന്നവർക്ക് മത്സരപരീക്ഷകളിൽ പങ്കെടുക്കുന്നതിന് ആവശ്യമായ പരിശീലനം നൽകാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. കെ. എ. എസ്. പരീക്ഷാ ഉദ്യോഗാർത്ഥികൾക്ക് സംസ്ഥാന യുവജനക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പരിശീലനം നൽകിയിരുന്നു.

ഇതുമാത്രമല്ല, സ്വയം തൊഴിൽ കണ്ടെത്താനുള്ള പരിശീലനങ്ങളും നൽകിവരുന്നുണ്ട്. ഇതിന്റെ ഭാഗമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരായ ഉദ്യോഗാർത്ഥികൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയംതൊഴിൽ പദ്ധതിയാണിത്.എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരായ ഉദ്യോഗാർത്ഥികൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് വായ്പ അനുവദിക്കുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന സംയുക്ത സ്വയംതൊഴിൽ പദ്ധതിയാണ് മൾട്ടി പർപ്പസ് സർവ്വീസ് സെന്റേഴ്സ്/ജോബ് ക്ലബ്ബ്.എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരായ വിധവകൾ, വിവാഹമോചനം നേടിയ സ്ത്രീകൾ, ഭർത്താവ് ഉപേക്ഷിക്കുകയോ/ഭർത്താവിനെ കാണാതാവുകയോ ചെയ്തവർ, 30 വയസ്സ് കഴിഞ്ഞ അവിവാഹിതർ, ശയ്യാവലംബരും നിത്യരോഗികളുമായ ഭർത്താക്കന്മാരുള്ള വനിതകൾ എന്നീ അശരണരായ വനിതകൾക്ക് മാത്രമായിട്ട് എംപ്ലോയ്മെന്റ് വകുപ്പ് നടത്തുന്ന പദ്ധതിയാണ് ശരണ്യ.

ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ കേരള സർക്കാർ എംപ്ലോയ്മെന്റ് വകുപ്പ് മുഖേന കൈവല്യ എന്ന പേരിൽ ഒരു സമഗ്ര തൊഴിൽ പുനരധിവാസ പദ്ധതി 2016 മുതൽ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നു.
സർക്കാർ മേഖലകളിൽ മാത്രമല്ല തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്.2020 സെപ്റ്റംബർ 1 — ഡിസംബർ 9 കാലയളവിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച ആദ്യഘട്ട 100 ദിന പരിപാടിയുടെ ഭാഗമായി 50, 000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം നേടി എന്നു മാത്രമല്ല, 1,16,440 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. സർക്കാർ മേഖലയിൽ മാത്രമല്ല, ഉൽപ്പാദന‑സേവന മേഖലകളിൽ സംരംഭകത്വത്തിന് അനുകൂലമായ നിക്ഷേപ കാലാവസ്ഥ സൃഷ്ടിച്ച് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സുഭിക്ഷ കേരളം, ചെറുകിട സംരംഭങ്ങൾ സുഗമമാക്കൽ നിയമം എന്നീ പരിപാടികളിലൂടെ അനവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
ഐ. ടി മേഖലയിൽ 52.44 ലക്ഷം സ്ക്വയർ ഫീറ്റിൽ തൊഴിലിടം സൃഷ്ടിക്കാൻ ഇതിനകം സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം, 35.5 ലക്ഷം സ്ക്വയർ ഫീറ്റ് തൊഴിലിടത്തിന്റെ പ്രവൃത്തി നടന്നുവരുന്നു. ഇതെല്ലാം ഈ മേഖലയിലെ എടുത്തുപറയേണ്ട നേട്ടങ്ങളാണ്.
ഈ സർക്കാരിന്റെ കലയളവിൽ പിൻവാതിൽ, അനധികൃത നിയമനങ്ങൾ നടക്കുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ന്യൂഡൽഹി കേരള ഹൗസിന്റെ കാര്യത്തിൽ കാണാൻ കഴിയുന്നതെന്താണ്? കഴിഞ്ഞ യു. ഡി. എഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി 2015 നവംബർ 30 ന് നിയമസഭയിൽ നൽകിയ മറുപടിയിൽ ന്യൂഡൽഹി കേരള ഹൗസിൽ മൂന്നുവർഷം സർവ്വീസ് പൂർത്തിയാക്കിയ 40 പേരെ സ്ഥിരപ്പെടുത്തിയതായി അറിയിച്ചിട്ടുണ്ട്. ഇപ്പോഴാകട്ടെ, മെരിറ്റ്-സംവരണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എഴുത്തുപരീക്ഷയിലൂടെയും ഇന്റർവ്യൂവിലൂടെയും ഈ മേഖലയിൽ പരിചയമുള്ള സ്ഥാപനമായ എൽ. ബി. എസിനെ ഏൽപ്പിച്ചാണ് ഈ പ്രക്രിയ സുതാര്യമായി നടത്തുന്നത്. ഇതാണോ പിൻവാതിൽ നിയമനം, അതോ യു. ഡി. എഫ് നടത്തിയതാണോ പിൻവാതിൽ നിയമനം?
പരമാവധി ഒരു വർഷക്കാലത്തേക്കുള്ള കരാർ/ കൺസൾട്ടൻസി നിയമനങ്ങൾ ചില സാഹചര്യങ്ങളിൽ അനിവാര്യമാണ്. ചില പ്രത്യേക മേഖലകളിൽ വിശിഷ്യാ പശ്ചാത്തല സൗകര്യ പ്രോജക്ടുകളിലും നൂതന സാങ്കേതികവിദ്യ വിനിയോഗം ചെയ്യപ്പെടുന്ന മേഖലയിലും പ്രത്യേക പരിജ്ഞാനവും പ്രാവീണ്യവുമുള്ള ആളുകൾ ആവശ്യമായി വരുമ്പോൾ കൺസൾട്ടൻസി സ്ഥാപനങ്ങൾ വഴി പ്രക്രിയ സുതാര്യത ഉറപ്പുവരുത്തിക്കൊണ്ട് ഹ്രസ്വകാല നിയമനങ്ങൾ നടക്കാറുണ്ട്. അവ സർക്കാർ നിയമനങ്ങളല്ല. പി. എസ്. സിക്ക് നോട്ടിഫൈ ചെയ്യേണ്ട തസ്തികകളുമല്ല.

അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ താൽപ്പര്യങ്ങൾക്കനുസരിച്ചുള്ള തൊഴിൽ ലഭ്യമാക്കാൻ സർക്കാർ സർവ്വീസിലെ ഒഴിവുകളിൽ പി. എസ്. സി വഴിയുള്ള നിയമനം ഉറപ്പാക്കുന്നതിനു പുറമെ, കേരളത്തിൽ പശ്ചാത്തല മേഖലയിൽ വൻതോതിൽ നിക്ഷേപങ്ങൾ നടത്തി അതിലൂടെ കൈവരിക്കാൻ കഴിയുന്ന ഉയർന്ന സാമ്പത്തിക വളർച്ചയും കൂടുതൽ തൊഴിലവസരങ്ങളും എന്ന ലക്ഷ്യത്തോടെയാണ് ഈ സർക്കാർ മുന്നോട്ടുപോകുന്നത്.

ENGLISH SUMMARY: pinarayi vijayan says about the psc appointments

YOU MAY ALSO LIKE THIS VIDEO