September 26, 2022 Monday

Related news

September 25, 2022
September 23, 2022
September 18, 2022
September 16, 2022
September 16, 2022
September 6, 2022
August 29, 2022
August 23, 2022
August 22, 2022
August 18, 2022

അശരണരായ ജനങ്ങളുടെ ഉന്നമനവും സംരക്ഷണവും ലക്ഷ്യം; മുഖ്യമന്ത്രി

Janayugom Webdesk
September 24, 2020 5:45 pm

അശരണരായ ജനങ്ങളുടെ ഉന്നമനവും സംരക്ഷണവും ലക്ഷ്യമിടുന്ന സർക്കാരിന്റെ പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളുടെ ഭാഗമാണ് ലൈഫ് ഭവന സമുച്ചയങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 29 ലൈഫ് സമുച്ചയങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 181 കോടി 22 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന സമുച്ചയങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഈ സമുച്ചയങ്ങൾ പൂർത്തിയാകുന്നതോടെ 1285 കുടുംബങ്ങൾക്ക് സ്വന്തം വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫിലടെ 2,26518 കുടുംബങ്ങൾ ഇതിനകം സ്വന്തം വീട്ടിലേയ്ക്ക് താമസം മാറ്റി. ഒന്നര ലക്ഷത്തോളം പേർക്ക് ഭവന നിർമ്മാണം പുരോഗമിച്ചു വരുന്നു. ആരോപണങ്ങളിൽ ഭയന്ന് സർക്കാർ ജനോപകാര പദ്ധതികൾ ഉപേക്ഷിക്കില്ല. ലൈഫിന്റെ മൂന്ന് ഘട്ടങ്ങളിലും അപേക്ഷ നല്കാൻ സാധിക്കാതെയോ ഉൾപ്പെടാതെയോ പോയവരെ ഉൾപ്പെടുത്താനാണ് സർക്കാർ വീണ്ടും അപേക്ഷ നൽകാൻ അവസരം ഒരുക്കിയത്. സുതാര്യമായ രീതിയിൽ ഗുണഭോക്തൃ പട്ടിക തയ്യാറാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കും. ഭവന നിർമ്മാണമേഖലയിൽ സ്വതന്ത്ര ഇന്ത്യയിൽ ഒരു സംസ്ഥാനത്തു നടന്ന ബൃഹദ് പദ്ധതിയാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾ, തുക, പൂർത്തീകരണ നടപടികൾ ഇവയെല്ലാം ലൈഫിന്റെ വെബ്സൈറ്റിൽ യഥാസമയം അപ് ലോഡ് ചെയ്തു കൊണ്ട് ലൈഫ് മിഷൻ സുതാര്യമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി ഓൺലൈൻ മുഖേന പരിപാടിയിൽ പങ്കെടുത്തു. ലൈഫ് മിഷൻ പദ്ധതി ലോകത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ആശംസകളർപ്പിച്ചു. ഇടുക്കി ജില്ലയിൽ കട്ടപ്പന, കാഞ്ചിയാർ, വാത്തിക്കുടി എന്നിവിടങ്ങളിലാണ് ഭവനസമുച്ചയങ്ങൾ നിർമ്മിക്കുന്നത്. നഗരസഭാ കോൺഫറൻസ് ഹാളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിന് റോഷി അഗസ്റ്റിൻ എംഎൽഎ ഓൺലൈനായി ആശംസകളർപ്പിച്ചു. കട്ടപ്പന നഗരസഭയിലെ ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി നിർവ്വഹിച്ചു. വെള്ളയാംകുടിയിൽ നഗരസഭയുടെ കൈവശമുള്ള 50 സെന്റ് സ്ഥലത്ത് 44 കുടുംബങ്ങൾക്ക് താമസിക്കാവുന്ന ഭവന സമുച്ചയമാണ് നിർമിക്കുന്നത്.

അർഹരായ മുഴുവൻ ഗുണഭോക്താക്കൾക്കും വെള്ളയാംകുടിയിലെ സമുച്ചയത്തിൽ താമസം ഒരുക്കാൻ സാധിക്കാത്തതിനാൽ പുളിയൻമലയിൽ നഗരസഭയുടെ കൈവശമുള്ള ഒരേക്കർ കൂടി ഭവനസമുച്ചയ നിർമ്മാണത്തിന് വിട്ടുകൊടുക്കാൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. സ്ഥലം സ്വന്തമായുള്ള 1019 കുടുംബങ്ങൾക്ക് നഗരസഭയിൽ നിന്നും ഇതിനകം വീട് നല്കിയിട്ടുണ്ട്. ഇതിനായി 20. 5 കോടി രൂപ നഗരസഭ ചെലവഴിച്ചു. അത്രയും തുക കേന്ദ്രസംസ്ഥാന സർക്കാരുകളും നല്കിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും വിനോദത്തിനും വിജ്ഞാനത്തിനും മാനസിക ഉല്ലാസത്തിനും ഉള്ള കേന്ദ്രങ്ങൾ, തൊഴിൽ പരിശീലന കേന്ദ്രം തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് ഭവന സമുച്ചയം. പ്രകൃതി വിഭവങ്ങൾ പരമാവധി കുറച്ച് പ്രീഫാബ് ടെക്നോളജിയാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. കട്ടപ്പന നഗരസഭയിൽ നടന്ന ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ ടെസി ജോർജ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ലീലാമ്മ ഗോപിനാഥ്, ബെന്നി കല്ലൂപ്പുരയിടം, എമിലി ചാക്കോ, കൗൺസിലർ സണ്ണി ചെറിയാൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി ആർ സജി, മനോജ് എം തോമസ് തുടങ്ങിയവർ സംസാരിച്ചു.

നഗരസഭാ കൗൺസിലർമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ മുരിക്കാശേരി ബസ് സ്റ്റാൻഡ് ബിൽഡിംഗിൽ സംഘടിപ്പിച്ച പ്രാദേശിക യോഗത്തിൽ വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ രാജു ശിലാഫലകം അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിതാ സജീവ്, കെ പി സുരേന്ദ്രൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഉൻമേഷ് കെ ജോസ്, ഷാജി തോമസ്, ഷൈനി തോമസ്, വിവിധ രാഷ്ട്രീയ പ്രതിനിധികളായ കെ എ അലി, എം കെ പ്രിയൻ, തോമസ് പുളിമൂട്ടിൽ, മുരിക്കാശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് ഇ എൻ ചന്ദ്രൻ, തോപ്രാംകുടി സഹകരണ ബാങ്ക് പ്രസിഡന്റ് ഷൈൻ തോമസ്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ് ഷാജി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Eng­lish sum­ma­ry; pinarayi vijayan statement

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.