28 March 2024, Thursday

Related news

March 14, 2024
March 9, 2024
February 15, 2024
February 7, 2024
February 4, 2024
January 24, 2024
January 17, 2024
January 16, 2024
January 14, 2024
December 29, 2023

മോൻസൻ മാവുങ്കലിന്റെ അടുത്ത് തങ്ങിയവരെ ജനങ്ങൾക്കറിയാം: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
October 5, 2021 10:37 pm

മോൻസൻ മാവുങ്കലിന്റെ അടുത്ത് ആരെല്ലാമാണ് ദിവസങ്ങളോളം തങ്ങിയതെന്നു നിയമസഭയ്ക്കു മാത്രമല്ല, കേരളത്തിലെ ജനങ്ങൾക്കും അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. തട്ടിപ്പ് കേസിലെ പ്രതി 25 ലക്ഷം കൈപ്പറ്റുമ്പോൾ വളരെ പ്രധാനപ്പെട്ട മറ്റൊരാളുടെ സാന്നിധ്യത്തിലായിരുന്നു. ആ പ്രധാനപ്പെട്ട ആളിന്റെ പേരടക്കമാണ് പണം നൽകിയ വ്യക്തി തട്ടിപ്പിന് ഇരയായിയെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയത്. ആ പ്രധാനപ്പെട്ടയാൾ വ്യാജനിർമ്മിതി കാണാൻ പോയതല്ല, അത് കൃത്യമായി തട്ടിപ്പിന് കൂട്ടു നൽക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കെപിസിസി പ്രസിഡന്റ് കെ സുധാകരനായിരുന്നു പണം കൈപ്പറ്റുമ്പോൾ മോൻസന് ഒപ്പമുണ്ടായിരുന്ന പ്രധാനവ്യക്തിയെന്ന് പരാതിക്കാരൻ നേരത്തെ മാധ്യമങ്ങളോട് പരസ്യമായും പൊലീസിനു നൽകിയ പരാതിയിലും പറഞ്ഞിരുന്നു. ഇക്കാര്യമാണ് കെ സുധാകരന്റെ പേരെടുത്തു പരാമർശിക്കാതെ പി ടി തോമസ് അവതരണാനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയ്ക്കിടെ മുഖ്യമന്ത്രി പറഞ്ഞു.തട്ടിപ്പുകാരന്റെ വീട്ടിൽ ആരൊക്കെ എന്തിനൊക്കെ പോയിയെന്നതൊക്കെ വിശദമായി കൃത്യതയോടുള്ള അന്വേഷണമാണ് പൊലീസ് നടത്തിവരുന്നത്. അതിന് ആരും അനാവശ്യ ധൃതികാണിക്കേണ്ടതില്ല. അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കാനായി ക്രൈംബ്രാഞ്ച് ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പേരെടുത്തുപറഞ്ഞ് പി ടി തോമസ് നടത്തിയ പരാമർശത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ‘നിങ്ങളെ എന്തെങ്കിലും പ്രശ്നം നിയമസഭയുടെ ചെലവിൽ പരിഹരിക്കാൻ നോക്കണ്ട. ഉപ്പുതിന്നവർ വെള്ളം കുടിക്കും. അന്വേഷണകാര്യത്തിൽ എന്തേലും കുറവുണ്ടെങ്കിൽ പ്രതിപക്ഷം ശ്രദ്ധയിൽപ്പെടുത്തിയാൽ അതിന് ഉതകുന്ന നടപടി സ്വീകരിക്കാം’ എന്നും മുഖ്യമന്ത്രി സഭയ്ക്ക് ഉറപ്പ് നൽകി. ഒരാൾ വ്യാജ പുരാവസ്തുക്കളുണ്ടാക്കി കുറേ ആളുകളെ പറ്റിച്ചു. മറ്റു കുറച്ചുപേർ കാണാനായി പോയി. ഒരാൾ ബോധപൂർവം നടത്തിയ തട്ടിപ്പിനു സഹായം ചെയ്തു കൊടുത്തവരും ഉണ്ടാകും. മുഖ്യമന്ത്രി പറഞ്ഞു.കേസുമായി ബന്ധപ്പെട്ടു സഭയെ അറിയിക്കേണ്ട വിഷയങ്ങൾ മാത്രം വിശദീകരിച്ച മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ എം ബി രാജേഷ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.
കെപിസിസി പ്രസിഡന്റ് കെ സുധാകരന് എതിരായ പരാതിയിൽ നടപടി സ്വീകരിച്ചാൽ രാഷ്ട്രീയമായി നേരിടുമെന്ന് വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
eng­lish summary;pinarayi vijayan state­ment about Mon­son fraud case
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.