Web Desk

തിരുവനന്തപുരം

May 19, 2021, 7:58 pm

‘മുഖ്യമന്ത്രിക്ക് മാത്രം എന്താണ് ഇളവ്’? പിണറായിയുടെ മറുപടി ഇങ്ങനെ

Janayugom Online

പുതിയ മന്ത്രിസഭയിൽ നിന്ന് കെ കെ ശൈലജയെ ഉള്‍പ്പെടെ ഒഴിവാക്കി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുമ്പോള്‍ എന്തുകൊണ്ട് മുഖ്യമന്ത്രി മാറുന്നില്ലെന്ന ചോദ്യത്തിന് മറുപടി നല്‍കി പിണറായി വിജയന്‍. പാർട്ടിയിൽ ഏതെങ്കിലും ഒരാളല്ല തീരുമാനമെടുക്കുന്നത്. എല്ലാം കൂട്ടായ ആലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രിക്ക് മാത്രം എന്താണ് ഇളവെന്ന ചോദ്യം പ്രസക്തമാണ്. എന്നാൽ പാർട്ടിയാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭയിലേക്ക് പുതിയ ആളുകൾ വരണമെന്ന സമീപനമാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പുതിയ കാഴ്ചപ്പാടിന്റെ ഭാഗമാണ് സിപിഐ(എം) നിലപാടെന്നും മന്ത്രിസഭയിൽ നിന്നും കെകെ ശൈലജയെ ഒഴിവാക്കിയതെന്നു ഇതു സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി.

പ്രവർത്തന മികവിനെ മുൻനിർ‍ത്തി തന്നെയാണ് ശൈലജ വേണമെന്ന ആവശ്യവുമായി സിനിമാ സാംസ്കാരിക രംഗത്തെ പ്രമുഖർ അഭിപ്രായം പ്രകടിപ്പിച്ചത്. പൊതുവായ സർക്കാർ പ്രവർത്തനത്തോട് അവരെല്ലാം കൂടെയുണ്ടായിരുന്നു. അഭിപ്രായം പ്രകടിപ്പിച്ചവരുടെ ഉദ്ദേശ ശുദ്ധിയെ മാനിക്കുന്നതായും നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് ഒരു കുറവുമുണ്ടാകില്ല. കൂട്ടായ പ്രവർത്തനത്തിലൂടെ തന്നെ ഇനിയും മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിമാരുടെ വകുപ്പുകളെ സംബന്ധിച്ച് ഗവർണറെ കാണുന്നതിന് മുൻപ് പുറത്ത് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം ചോദ്യങ്ങള്‍ക്ക് മറുപടി നൽകി.

മികച്ച പ്രവർത്തനം നടത്തിയ ഒരുപാട് പേരുണ്ട്. അവർക്കാര്‍ക്കും പ്രത്യേക ഇളവ് വേണ്ടന്നാണ് തീരുമാനിച്ചത്. സ്ഥാനാർത്ഥികളെ പ്രഖ്യാപനത്തിൽ തന്നെ പുതിയ ആളുകളുടെ പ്രാതിനിധ്യം ഉറപ്പാക്കിയതിൽ ദുരുദ്ദേശമല്ല സദുദ്ദേശമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ഇക്കാര്യത്തിലും അത് തന്നെയാണുണ്ടായത്. ഇക്കാര്യത്തിൽ പിബി എതിർപ്പറിയിച്ചുവെന്ന് പറയുന്നതിൽ യാതൊരു വസ്തുതയുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Eng­lish sum­ma­ry: Pinarayi Vijayans on his pres­ence in  new LDF cabinet

You may also like this video: