Janayugom Online
CM in Madhu's home, attappadi

മധുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു, ഭക്ഷണവും ഭൂമിയും ഉറപ്പാക്കും.

Web Desk
Posted on March 02, 2018, 12:26 pm

അട്ടപ്പാടിയിൽ ആൾക്കൂട്ടം അടിച്ചുകൊന്ന ആദിമ ഗോത്രവർഗ്ഗത്തിൽ പെട്ട മധുവിന്റെ കുടുംബത്തെ സമാശ്വസിപ്പിക്കാൻ എത്തിയ   മുഖ്യമന്ത്രി പിണറായി വിജയന്‍, ആദിവാസികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചു.

മധുവിന്റെ വീട് സന്ദര്‍ശിച്ചശേഷം ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ യോഗത്തിന്റെ ഭാഗമായി വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പദ്ധതികള്‍ പ്രഖ്യാപിച്ചത്.

അവരുടെ ഭക്ഷണ സൗകര്യങ്ങൾ വർധിപ്പിക്കാൻ ഉതകുംവിധം കൃഷി ഭൂമി നൽകും. ഊരുകളിൽ റാഗി , ചോളം കൃഷി പ്രോത്സാഹിപ്പിക്കും. ഇത് കൃഷി ചെയ്യുന്നത്  അവിടത്തെ ഭക്ഷ്യ ദാരിദ്ര്യം കുറക്കാൻ ഉപകരിക്കും. ആദിവാസി ഊരിൽ താമസിക്കാതെ കാട്ടിൽ തന്നെ താമസിക്കുന്ന ആദിവാസികളുണ്ട്, അവർക്ക് റേഷൻ ലഭിക്കാൻ ഇപ്പോഴത്തെ നിയമത്തിൽ കഴിയുന്നില്ല. അത് പരിഹരിക്കും.

ആദിവാസികള്‍ക്കു നഷ്ടമായ കൃഷിഭൂമി തിരികെ നല്‍കും. അവയുടെ പട്ടയം ഉടനെ നല്‍കും. അപേക്ഷകളില്‍ പരിശോധന നടത്തി മെയ് മാസത്തിനുളളില്‍ പട്ടയം നല്‍കും. കൂട്ടമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സമൂഹമാണ് ആദിവാസികള്‍. അതിനാല്‍ താമസത്തിനുള്ള സ്ഥലവും കൃഷിഭൂമിയും വേറെതന്നെ നല്‍കും.

MADHU

MADHU

ആരോഗ്യമേഖലയിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തും, പ്രത്യേകിച്ച് മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് ഒരു കേന്ദ്രം ഒരാഴ്ചക്കകം ഏർപ്പെടുത്തി അവരെ അവിടെ താമസിപ്പിക്കും. ഓരോ ആദിവാസി കുടുംബത്തിനും ഓരോ വ്യക്തിക്കും പ്രത്യേക ശ്രദ്ധ നൽകാൻ ട്രൈബൽ പ്രവർത്തകർ, ആശാ വര്ക്കര്മാര് എന്നിവരെ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കും.

അവർക്കിടയിലുള്ള മദ്യപാനം വ്യക്തി കേന്ദ്ര പ്രവർത്തനങ്ങളിലൂടെ മാറ്റും, ലഹരി വിരുദ്ധ കേന്ദ്രങ്ങൾ തുടങ്ങും. മദ്യപാനം ആദിവാസികള്‍ക്കിടയില്‍ വലിയൊരു വിഷയമാണ്. വലിയതോതിലുള്ള ബോധവത്കരണം നടത്തേണ്ടിവരും. മുക്തിയുടെ ആഭിമുഖ്യത്തില്‍ ഇതിനുള്ള നടപടികള്‍ തുടങ്ങും.

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴിലുള്ള പദ്ധതികളുടെ ഏകോപനത്തിനും അവയുടെ നിര്‍വഹണ ചുമതലക്കുമായി ഐടിഡിപി പ്രോജക്ട്  ഓഫീസറെ നിയമിക്കും . പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്ന്  ഉറപ്പാക്കേണ്ട ചുമതല ഈ ഉദ്യോഗസ്ഥനാകും. അട്ടപ്പാടിക്കുപുറമെ കേരളത്തിലെ എല്ലാ ആദിവാസി മേഖലയിലും പദ്ധതി നിര്‍വഹണ ചുമതല ഈ ഉദ്യോഗസ്ഥനാകും.

നിലവില്‍ പ്രവര്‍ത്തനം നിലച്ച കമ്മ്യൂണിറ്റി കിച്ചനെ വിപുലപ്പെടുത്തും. ആദിവാസികള്‍ ഉപയോഗിക്കുന്ന റാഗി , ചോളം തുടങ്ങിയ ധാന്യങ്ങള്‍ വിതരണം ചെയ്യും.  ഇതിന്റെ മേല്‍നോട്ടം സപ്ലൈക്കോയ്ക്കാണ്.  ഇതിനായി 10 കോടി വകയിരുത്തി.

ഇവിടത്തെ റേഷന്‍ വിതരണെത്തെക്കുറിച്ചുള്ള പരാതി പരിഹരിക്കും. 28 കിലോ അരിയും 7 കിലോ ഗോതമ്പും വിതരണം ചെയ്യും. ഇത്  പ്രാവര്‍ത്തികമായാല്‍ കമ്മ്യൂണിറ്റി കിച്ചനെ ആശ്രിക്കുന്നത് പിന്നീട് വേണ്ടിവരികയില്ല.

കൃഷിഭൂമി നല്‍കുന്നതോടെ തൊഴില്‍ പ്രശ്നം പരിഹരിക്കാം. കൂടാതെ തൊഴിലുറപ്പ്, കുടുംബശ്രീ ലേബര്‍ ബാങ്ക് എന്നിവയിലൂടെ 200 തൊഴില്‍ദിനം ഉറപ്പാക്കും. ആദിവാസി മേഖലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ആദിവാസികള്‍ക്ക്  ജോലി നല്‍കാനും നടപടിയെടുക്കും.

നേരത്തെ മധുവിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രിയോട് സമൂഹമാധ്യമങ്ങളില്‍ മധുവിനെക്കുറിച്ചു മോശമായതു പ്രചരിപ്പിക്കുന്നവെന്നു കുടുംബം പരാതിപ്പെട്ടു.  പലരും പലതും പറഞ്ഞുപരത്താന്‍ ശ്രമിക്കുമെന്നും അതു കാര്യമാക്കേണ്ടെന്നും മധുവിന്റെ അമ്മ മല്ലിയോട് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വേണ്ട നടപടികളെല്ലാം ചെയ്യുമെന്ന ഉറപ്പും മുഖ്യമന്ത്രി നല്‍കി.

 സമൂഹമാധ്യമങ്ങളിലെ ഇടപെടല്‍ സംബന്ധിച്ച് നടപടിയെടുക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി, മുഖ്യമന്ത്രി പറഞ്ഞു. രാവിലെ 10.20നാണ് മുഖ്യമന്ത്രി മധുവിന്റെ വീട്ടിലെത്തിയത്. മന്ത്രി കെ.കെ. ശൈലജ, എം.ബി. രാജേഷ് എംപി, എം. ഷംസുദ്ദീന്‍ എംഎല്‍എ, പി.കെ. ശശി എംഎല്‍എ തുടങ്ങിയവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.