കോവിഡ് കാലത്ത് സംസ്ഥാനത്തെ കർഷകർ നേരിടുന്ന പ്രതിസന്ധിയിൽ അവർക്ക് വീണ്ടും സഹായ ഹസ്തമേകുകയാണ് കൃഷിവകുപ്പ്. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് കൃഷി വ്യാപകമാക്കുന്നതിനും കർഷകരുടെ ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതിനും നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചിരുന്നു. ഇപ്പോൾ ലോക്ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കർഷകരെ സഹായിക്കുന്നതിനായി കൃഷി വകുപ്പ് ചില ജില്ലകളിൽ ആരംഭിച്ച പൈനാപ്പിൾ ചലഞ്ച്,ശീതകാല പച്ചക്കറി വിപണനം എന്നീ പദ്ധതികൾ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുവാനൊരുങ്ങുകയാണ്. കയറ്റുമതി മന്ദീഭവിച്ചതിനെ തുടർന്ന് ദുരിതത്തിലായ പൈനാപ്പിൾ കർഷകരെ സഹായിക്കുന്നതിനായി എറണാകുളം, പത്തനംതിട്ട, കോട്ടയം കോട്ടയം ജില്ലകളിലാണ് ആദ്യമായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ പൈനാപ്പിൾ ചലഞ്ച് ആരംഭിച്ചത്. കൃഷി വകുപ്പ് നേരിട്ട് നടത്തുന്ന കർഷകവിപണികളിലൂടെയും ഹോർട്ടികോർപ്പ്, വിഎഫ്പിസികെ ഔട്ട്ലെറ്റുകൾ എന്നിവയിലൂടെയും ആണ് ഇവ വിറ്റഴിച്ചത്. എന്നാൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുവാനാണ് തീരുമാനം.
എ,ബി,സി എന്നീ മൂന്ന് ഗ്രേഡുകൾ തിരിച്ചാണ് കർഷകരിൽ നിന്നും ഹോർട്ടികോർപ്പ് പൈനാപ്പിൾ സംഭരിക്കുന്നത്. 15,7,4 രൂപ ക്രമത്തിൽ സംഭരിക്കുന്ന പൈനാപ്പിൾ യഥാക്രമം 20, 10, 8 രൂപ നിരക്കിൽ ആയിരിക്കും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക. നേരത്തെ ഇവ യഥാക്രമം 12,6,3 രൂപ നിരക്കിലായിരുന്നു സംഭരിച്ചിരുന്നത്. കർഷകരുടെ ആവശ്യപ്രകാരം ഇപ്പോൾ സംവരണ വിലയും വർദ്ധിപ്പിച്ചതായി മന്ത്രി അറിയിച്ചു. പഴുത്ത പൈനാപ്പിൾ ഒരു കിലോയ്ക്ക് മുകളിൽ ഭാരമുള്ളതോ പച്ചക്ക് 800 ഗ്രാമിനു മുകളിൽ ഉള്ളവയോ ആണ് എ ഗ്രേഡ് കാറ്റഗറിയിൽപ്പെടുക.പഴുത്തത് 800 ഗ്രാമിന് മുകളിലും പച്ചയ്ക്ക് 800 ഗ്രാമിൽ താഴെയും വരുന്നവയാണ് ബി ഗ്രേഡ് കാറ്റഗറി. 500 നും 800 നും ഇടയിൽ തൂക്കം വരുന്നവയാണ് സി ഗ്രേഡുകൾ.
കൂടാതെ വട്ടവട,കാന്തല്ലൂർ, ദേവികുളം ഭാഗത്തുനിന്നും ശീതകാല പച്ചക്കറികളും ഹോർട്ടികോർപ്പ് സംഭരിച്ച് എല്ലാ ജില്ലകളിലും കൃഷി വകുപ്പ് കർഷക വിപണികൾ, ഹോർട്ടികോർപ്പ് ഔട്ട്ലെറ്റുകൾ എന്നിവ മുഖേന വിതരണം നടത്തുവാനും കൃഷിവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കാബേജ്, കോളിഫ്ളവർ, കാരറ്റ്, ബീറ്റ്റൂട്ട് എന്നീ പച്ചക്കറികളും പാഷൻ ഫ്രൂട്ടും പല സ്ഥലങ്ങളിലും വിളവെടുപ്പ് നടന്നുവരികയാണ്. ഇവയ്ക്കെല്ലാം വിപണി കണ്ടെത്താൻ കർഷകർ ബുദ്ധിമുട്ടരുതെന്നതിനാലാണ് ഇത്തരമൊരു തീരുമാനം. ഏപ്രിൽ ആദ്യവാരം ആരംഭിച്ച കർഷക വിപണികളിലേക്കായി തിരുവനന്തപുരം ഉൾപ്പെടെ ഏതാനും ചില ജില്ലകളിൽ ഇടുക്കിയിൽ നിന്നും ശീതകാല പച്ചക്കറികൾ നേരിട്ട് എത്തിച്ച് വിതരണം നടത്തിയിരുന്നു. തമിഴ്നാട് അതിർത്തികൾ അടഞ്ഞു കിടക്കുന്നതിനാൽ പ്രാദേശിക വിപണികളിൽ പച്ചക്കറികൾ ലഭ്യമാക്കുന്നതിനായി ഇടുക്കിയിൽ നിന്നും മുഴുവൻ പച്ചക്കറികളും സംഭരിച്ച് വിവിധ ജില്ലകളിലേക്ക് എത്തിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും കൃഷിമന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചു.
English Summary:pineapple farming in kerala
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.