വയനാട് ബ്യൂറഓ

കല്‍പറ്റ

July 28, 2021, 6:16 pm

പശുക്കൾക്ക് പുല്ലിന് പകരം പൈനാപ്പിള്‍ ഓല: പാലിന് കൊഴുപ്പ് കൂടിയതായും കർഷകർ

Janayugom Online

ജില്ലയിലെ ക്ഷീര കർഷകർ പശുക്കൾക്ക് തീറ്റയായി പുല്ലിന് പുറമേ പൈനാപ്പിള്‍ പോളയും നല്കുന്നു. പരീക്ഷണ അടിസ്ഥാനത്തിലാണ് കർഷകർ കൈതചക്കയുടെ ഇല പശുക്കൾക്ക് നല്കാൻ തുടങ്ങിയത്. ഇത് നല്കാൻ തുടങ്ങിയതോടെ പാലിന്‍റെ കൊഴുപ്പ് വർധിച്ചതായും വില കൂടുതൽ ലഭിക്കുന്നുണ്ടന്നുമാണ് കർഷകർ പറയുന്നത്. ജില്ലക്ക് പുറത്ത് നിന്നാണ് ഇവ എത്തിക്കുന്നത്. ക്ഷീരമേഖലയിൽ പശുവിന് സമീകൃത പോഷകാഹാരമായി നൽകുവാനാണ് ഇപ്പോൾ ഇല ഉപയോഗിക്കുന്നത്.

ശരാശരി ഒരു പശുവിന് 30 കിലോ പുല്ലാണ് ഒരു ദിവസം വേണ്ടിവരുന്നത്. കിലോയ്ക്ക് 3.50 തോതിൽ 30 കിലോ പുല്ലിന് 105 രൂപ മുടക്കിയാണ് കർഷകർ പശുവിന് തീറ്റയൊരുക്കുന്നത്. വാഹനത്തിന്‍റെ വാടകയ്ക്ക് പുറമേയാണിത്. ഒരു മാസം ഒരു പശുവിന് മാത്രം 3150 രൂപ പുല്ലിന് മാത്രം നൽകണം. ഒന്നിൽ കൂടുതൽ പശുക്കളുള്ള കർഷകർക്ക് പശുക്കളുടെ എണ്ണത്തിനനുസരിച്ച് ചെലവും കൂടും. ഈ സാഹചര്യത്തിലാണ് വാഹനവാടക മാത്രം നൽകി ചുരമിറങ്ങിയാൽ സൗജന്യമായി ലഭിക്കുന്ന കൈതച്ചക്കയുടെ ഇല പശുക്കൾക്ക് നൽകി കർഷകർ പരീക്ഷണമാരംഭിച്ചത്.

കട്ടിംഗ് മെഷീനുപയോഗിച്ച് ചെറുതാക്കിയതിന് ശേഷമാണ് പശുക്കൾക്ക് നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട് അനുഭവസ്ഥർ പങ്കുവയ്ക്കുന്ന കുറിപ്പുകൾ പരീക്ഷിച്ചു നോക്കുകയാണെന്ന് പശു ഫാം നടത്തുന്ന അതിരാറ്റുകുന്ന് പുന്ന ത്താനത്ത് അഭിലാഷ് പറഞ്ഞു. കൈതചക്കയുടെ ഇല കൊടുത്ത് 10, 15 ദിവസത്തിനുള്ളിൽ പാലിന്‍റെ ഫാറ്റിലും, റീഡിംഗിലും കാര്യമായ വർധന ഉണ്ടെന്ന് ഇദ്ദേഹം പറഞ്ഞു.
പൈനാപ്പിള്‍ ഓല പശുക്കൾക്ക് നല്കാൻ മെഷിൻ ഉപയോഗിച്ച് ചെറിയ കഷണങ്ങളാക്കുന്നു.

ENGLISH SUMMARY:Pineapple leaves instead of grass for cows: Farm­ers also say that milk is high in fat
You may also like this video