Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
സ്വന്തം ലേഖകന്‍

കൊല്ലം

June 15, 2021, 10:19 pm

കടല്‍ക്കൊലക്കേസ് ആശ്വാസതീരത്തേക്ക്

Janayugom Online

കടല്‍ക്കൊലക്കേസില്‍ സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാരത്തുകയായ പത്തുകോടി രൂപ ഇറ്റലി നല്‍കിയ സാഹചര്യത്തില്‍ 2012 മുതല്‍ ആരംഭിച്ച നിയമപോരാട്ടങ്ങള്‍ക്ക് അവസാനമായി. രാഷ്ട്രീയ‑നിയമവൃത്തങ്ങളില്‍ ഏറെ കോളിളക്കമുണ്ടാക്കിയ കേസിനാണ് പരിസമാപ്തിയായിട്ടുള്ളത്. ഇന്ത്യ‑ഇറ്റലി ബന്ധം ഉലയാനും കേസ് കാരണമായിരുന്നു.

2012 ഡിസംബര്‍ 15 വൈകിട്ട് 4.30ഓടെ നീണ്ടകര തുറമുഖത്തുനിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ ആലപ്പുഴ തോട്ടപ്പള്ളി കടലില്‍ വച്ചാണ് ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് കൊല്ലം മൂതാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍ (ജലസ്റ്റിന്‍-50), കളിയിക്കാവിള ഇരയിമ്മന്‍തുറ അജേഷ് പിങ്കി(21) എന്നിവര്‍ മരിച്ചത്. ഇറ്റാലിയന്‍ ഓയില്‍ ടാങ്കറായ ‘എന്‍‌റിക്ക ലെക്‌‌സി’ യിലെ സുരക്ഷാ ഭടന്മാരും നാവികസേനാംഗങ്ങളുമായ മാസിമിലിയാനോ ലത്തോര്‍, സാല്‍വത്തോറെ ജിറോണ്‍ എന്നിവരായിരുന്നു പ്രതികള്‍.

നഷ്ടപരിഹാരത്തുക ഇറ്റലി നല്‍കിയ സാഹചര്യത്തില്‍ നടപടികള്‍ അവസാനിച്ചതായി സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. നഷ്ടപരിഹാരത്തുക കേരള ഹൈക്കോടതിക്ക് കൈമാറാനും നിര്‍ദ്ദേശം നല്‍കി. ഇതില്‍ നാലുകോടി രൂപ വീതം കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കും രണ്ട്കോടി രൂപ ബോട്ട് ഉടമയ്ക്കും നല്‍കണമെന്നാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.

സുപ്രീം കോടതിയില്‍ ഇത് സംബന്ധിച്ച അഞ്ച് കേസുകളാണ് ഉണ്ടായിരുന്നത്. ഇവയെല്ലാം അവസാനിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അപേക്ഷിച്ചെങ്കിലും നഷ്ടപരിഹാരത്തുക ലഭിച്ച ശേഷം തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിന് ഇറ്റലി കൈമാറിയ തുക കോടതിയില്‍ അടച്ചിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചതിന് പിന്നാലെയാണ് നടപടികള്‍ അവസാനിപ്പിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടത്.

വാലന്റൈന്റെ ഭാര്യ ഡോറമ്മയും മക്കളായ ഡെറിക്, ജീന്‍ എന്നിവര്‍ തങ്കശ്ശേരിയിലാണ് താമസിക്കുന്നത്. ഡോറമ്മയ്ക്ക് ഫിഷറീസ് വകുപ്പില്‍ ജോലി നല്‍കിയിരുന്നു. ഡെറിക് ബിടെക് പാസായി. ജീന്‍ ബീകോമിന് പഠിച്ചുകൊണ്ടിരിക്കുകയാണ്. സുപ്രീം കോടതി വിധിയില്‍ സംതൃപ്തയാണോയെന്ന ചോദ്യത്തിന് ”പോയ ആള്‍ പോയി, ഇനി കാശ് കിട്ടിയിട്ടെന്തിനാ”എന്നായിരുന്നു ഡോറമ്മയുടെ പ്രതികരണം. തുടര്‍നടപടികള്‍ അഭിഭാഷകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ഡോറമ്മ പറഞ്ഞു.

Sum­ma­ry: Pira­cy case to shore relief

You may like this video also