Web Desk

കൊച്ചി

June 22, 2020, 8:38 pm

പിഴല‑മൂലമ്പള്ളി പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

Janayugom Online

നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമായി പിഴല ‑മൂലമ്പള്ളി പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ ഓഗ്മെന്റഡ് റിയാലിറ്റി സംവിധാനത്തിലൂടെയാണ് ഉദ്ഘാടനചടങ്ങ് സംഘടിപ്പിച്ചത്. മന്ത്രി എ സി മൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, എസ്. ശര്‍മ എംഎല്‍എ, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബു എന്നിവര്‍ പങ്കെടുത്തു. കണ്ടെയ്‌നര്‍ റോഡില്‍ നിന്ന് പിഴല‑മൂലമ്പിള്ളി ദ്വപിലേയ്ക്ക് പാലമെന്നത് നാട്ടുകാരുടെ ചിരകാല അഭിലാഷമാണ് ഇന്നലെ പൂവണിഞ്ഞത്. ചങ്ങാടത്തെ ആശ്രയിച്ചാണ് വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ പഠനാവശ്യങ്ങള്‍ക്കും മറ്റുമായി ദ്വീപില്‍ നിന്നും തിരിച്ചും യാത്ര ചെയ്തിരുന്നത്.

ഈ ദുരവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്നും പാലം നിര്‍മിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും വിദ്യാര്‍ഥികളും വര്‍ഷങ്ങളായി സമരമുഖത്തുണ്ട്. ഒടുവില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് പാലം നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. മൂലമ്പിള്ളി-ചാത്തനാട് റോഡ് പദ്ധതിയുടെ ഭാഗമായി ആദ്യപാദ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലം നിര്‍മിക്കുന്നത്. ആകെ 607 മീറ്റര്‍ നീളമുള്ള പാലത്തിന് 81. 75 കോടി രൂപയാണ് നിര്‍മാണ ചെലവ്. പിഴല‑മൂലമ്പള്ളി പാലത്തിലൂടെ ആദ്യമായി ഓടിയെത്തിയ കെഎസ്ആര്‍ടിസി ബസിന് നാട്ടുകാര്‍ ഹൃദ്യമായ വരവേല്‍പ്പാണ് നല്‍കിയത്.

ദ്വീപ്‌നിവാസികള്‍ക്കായി പ്രതിദിന സര്‍വീസുണ്ടായിരിക്കും. രാവിലെ 6.30,7.30,8.55നും നഗരത്തിലേയ്ക്കും വൈകിട്ട് 4.30,5.30നും തിരിച്ചും ബസ് സര്‍വീസ് നടത്തും. മുഖ്യമന്ത്രിയുടെയും ജില്ലാ കളക്ടറുടെയും എസ്. ശര്‍മ എംഎല്‍എയുടെയും ഫെയ്‌സ്ബുക്ക് പേജുകളില്‍ ഉദ്ഘാടന ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരുന്നു.

കാക്കനാട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സജ്ജീകരിച്ച വീഡിയോ കോണ്‍ഫറന്‍സ് സദസ്സിലാണ് ഉദ്ഘാടന പരിപാടികള്‍ സംപ്രേക്ഷണം ചെയ്തത്. ല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, മുന്‍ എംപി എംഎം ലോറന്‍സ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംആര്‍ ആന്റണി, ജില്ലാ പഞ്ചായത്തംഗം സോനാ ജയരാജ്, ബ്ലോക്ക് പഞ്ചായത്തംഗം ഇ കെ പുഷ്‌ക്കരന്‍, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജന്‍, കടമക്കുടി ഗ്രാമപഞ്ചായത്തംഗം സെറിന്‍ സേവ്യര്‍, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉണ്ണിക്കൃഷ്ണന്‍, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Eng­lish sum­ma­ry: Pizha­la-Moolam­bal­li Bridge