സ്വന്തം ലേഖകൻ

December 14, 2019, 7:09 pm

ജോസ് കെ മാണിയുമായി ഇനി സന്ധിസംഭാഷണമില്ല; പി ജെ ജോസഫ്

Janayugom Online

തൊടുപുഴ: ജോസ് കെ മാണിയുമായി ഇനി സന്ധിസംഭാഷണമില്ലെന്ന് പി ജെ ജോസഫ്. ജോസ് കെ മാണി തോൽക്കാനായി ജയിച്ചവനെന്നും ജോസ് തെറ്റുകൾ ആവർത്തിച്ചു കൊണ്ടിരിക്കുകയാണെന്നും ജോസഫ് പറഞ്ഞു. തൊടുപുഴയിൽ ചേർന്ന സംസ്ഥാന കമ്മിറ്റിക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജോസഫ്. കേരള കോൺഗ്രസ് എം ചെയർമാനെ തെരഞ്ഞെടുക്കാനുള്ള വരണാധികാരിയെ കമ്മിറ്റിയിൽ കേരള കോൺഗ്രസ് എം ജോസഫ് വിഭാഗം തിരഞ്ഞെടുത്തു.

ഹൈക്കോടതി അഭിഭാഷകനായ സോജൻ ജയിംസിനെയാണ് വരണാധികാരിയായി തിരഞ്ഞെടുത്തത്. സംസ്ഥാന കമ്മിറ്റി ഇതിന് അംഗീകാരവും നൽകി. വരണാധികാരിയുമായി ആലോചിച്ച് ചെയർമാനെ തെരഞ്ഞെടുക്കാനുള്ള കമ്മിറ്റി ചേരുന്നതിനുള്ള തീയതി തീരുമാനിക്കുമെന്നും പി ജെ ജോസഫ് അറിയിച്ചു. 2018 ലെ ലിസ്റ്റിലുള്ളവരെയാണ് യോഗത്തിലേയ്ക്ക് ക്ഷണിച്ചതെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കി. ജോസ് കെ മാണി പക്ഷത്തേക്ക് ചേർന്ന് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് 29 പേരെ വർക്കിങ് ചെയർമാന്റെ അധികാരം ഉപയോഗിച്ച് പി ജെ ജോസഫ് സസ്പെൻഡ് ചെയ്തിരുന്നു.

ഇവർക്ക് ക്ഷണം ഉണ്ടായിരുന്നില്ല. സംസ്ഥാന കമ്മിറ്റിയംഗങ്ങളിൽ ഭൂരിഭാഗവും പങ്കെടുത്തതായി പി ജെ ജോസഫ് അവകാശപ്പെട്ടു. ജനറൽ സെക്രട്ടറി ജോയി അബ്രാഹാമിന്റെ അധ്യക്ഷതയിൽ തൊടുപുഴ മാടപ്പറമ്പിൽ റിസോർട്ടിലായിരുന്നു യോഗം. മുതിർന്ന നേതാവ് സി എഫ് തോമസ് അനാരോഗ്യം മൂലം പങ്കെടുത്തില്ല. കോട്ടയത്ത് ഇന്ന് ജോസ് വിഭാഗം ചേർന്ന സംസ്ഥാനകമ്മിറ്റിക്ക് നിയമസാധുത ഇല്ലെന്നും പാർട്ടിയിലെ വെറും സെക്രട്ടറി മാത്രമായ സ്റ്റീഫൻ ജോർജാണ് കോട്ടയത്ത് ജോസ് കെ മാണി വിഭാഗത്തിന്റെ യോഗം വിളിച്ചതെന്നും ജോസഫ് ആരോപിച്ചു. അനധികൃതമായ യോഗമായതിനാൽ ഭൂരിഭാഗവും ബഹിഷ്കരിച്ചു.

you may also like this video;

പങ്കെടുത്തവരെല്ലാം സംസ്ഥാന കമ്മിറ്റി അംഗങ്ങളുമല്ല. മുൻപും ജോസ് വിഭാഗം കള്ളയൊപ്പിട്ട് വ്യാജരേഖ ചമച്ച് സംസ്ഥാന കമ്മിറ്റി ചേർന്നിട്ടുണ്ട്. കോടതിക്കും ഇത് ബോധ്യപ്പെട്ടിട്ടുണ്ട്. യോഗത്തിൽ പങ്കെടുത്തവരുടെ ചിത്രം പുറത്തു വിടാനും ജോസഫ് വെല്ലുവിളിച്ചു. പറഞ്ഞ എന്തെങ്കിലും കാര്യം ഇതുവരെ സാധിക്കാൻ ജോസ് കെ മാണിക്ക് കഴിഞ്ഞിട്ടില്ല. നിയമത്തെക്കുറിച്ച് ഒരു അറിവുമില്ലെന്നും ജോസഫ് പറഞ്ഞു. പാർട്ടി പിളർന്നിട്ടില്ല. തെറ്റ് തിരുത്തുന്നവർക്ക് മടങ്ങി വരാം. പുറത്തു പോയി അച്ചടക്ക ലംഘനം തുടരുന്നവർക്ക് എതിരെ നടപടിയുണ്ടാവും.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലടക്കം സ്ഥാനാർഥിയെ നിർത്താൻ ജോസ് കെ മാണിക്കും അവകാശമുണ്ട്. അവർ നിർത്തട്ടെ. ജോസ് വിഭാഗത്തിനൊപ്പം ചേർന്ന് പാർട്ടി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന തോമസ് ചാഴികാടൻ എംപിക്കും എംഎൽഎ മാരായ റോഷി അഗസ്റ്റിൻ, എൻ ജയരാജ് എന്നിവർക്ക് എതിരായ നടപടിയെക്കുറിച്ച് സംസ്ഥാന കമ്മിറ്റി കൂട്ടായി ആലോചിക്കും. ചങ്ങനാശേരി നഗരസഭയിൽ കോൺഗ്രസ് പിന്തുണയോടെ ജോസ് വിഭാഗത്തിലെ ചെയർമാനെ പുറത്താക്കാൻ അവിശ്വാസം കൊണ്ടുവരുമെന്നും ജോസഫ് പറഞ്ഞു.