13 April 2024, Saturday

പി കെ ബാലന്‍ അന്തരിച്ചു

Janayugom Webdesk
July 20, 2022 6:00 pm

സിപിഐ ആസ്ഥാനമായ അജോയ്‌ഭവനില്‍ അരനൂറ്റാണ്ടിലേറെക്കാലമായി അപൂര്‍വവും മഹത്തരവുമായ പുസ്‌തകങ്ങളും രേഖകളുമടങ്ങിയ ഗ്രന്ഥാലയത്തിന്റെ ചുമതലക്കാരനായി പ്രവര്‍ത്തിച്ചിരുന്ന പി കെ ബാലന്‍ (83) അന്തരിച്ചു. കണ്ണൂര്‍ നാറാത്ത് സ്വദേശിയാണ്. ബാലസംഘം പ്രവര്‍ത്തകനായിരിക്കെ 1952ല്‍ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കായാണ് അദ്ദേഹം ഡല്‍ഹിയിലെത്തുന്നത്. കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം പാര്‍ട്ടി ആസ്ഥാനത്തേയ്ക്ക് മാറുകയായിരുന്നു. അരനൂറ്റാണ്ടിലേറെക്കാലമായി ലൈബ്രറി, ചരിത്രരേഖകള്‍ എന്നിവയുടെ ചുമതല നിര്‍വഹിച്ചു വരികയായിരുന്നു അദ്ദേഹം. പി സി ജോഷി, ബി ടി രണദിവേ, ഇഎംഎസ്‌, രാജേശ്വര്‍റാവു, എസ്‌ എ ഡാങ്കേ, ഇന്ദ്രജിത്‌ ഗുപ്‌ത, എന്‍ ഇ ബാലറാം, എ ബി ബര്‍ധന്‍ തുടങ്ങിയ മുന്‍നിര നേതാക്കള്‍ക്കൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ച അനുഭവ സമ്പത്തിന്റെ ഉടമകൂടിയായിരുന്നു അദ്ദേഹം. 

ഡല്‍ഹിയില്‍ ദ്വാരകാ നഗര്‍ സെക്ടര്‍ പത്തിലാണ് താമസിച്ചിരുന്നത്. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി കനകവല്ലിയാണ് ഭാര്യ. മക്കള്‍: ഹരീഷ്(സ്കോട്ലന്റ്), സിരീഷ് (ഡല്‍ഹി). മരുമകള്‍: ആരതി (എഡിന്‍ബറോ). സംസ്കാരം ഇന്ന് രാവിലെ 10.30ന് ദ്വാരകാ നഗര്‍ സെക്ടര്‍ 24ലെ ശ്മശാനത്തില്‍. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം, ഡോ. ബാല്‍ചന്ദ്രകാംഗോ, അജോയ് ഭവന്‍ സെക്രട്ടറി റോയിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അന്ത്യോപചാരമര്‍പ്പിച്ചു. പി കെ ബാലന്റെ നിര്യാണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അനുശോചിച്ചു. അരനൂറ്റാണ്ടിലേറെക്കാലം അജോയ് ഭവനിലെ ഗ്രന്ഥാലയത്തിന്റെയും ചരിത്രരേഖകളുടെയും ചുമതലക്കാരനെന്ന നിലയില്‍ എത്രയോ വിജ്ഞാന കുതുകികളുടെയും ചരിത്രാന്വേഷികളുടെയും ആശ്രയമായിരുന്നു അദ്ദേഹമെന്ന് കാനം അനുസ്മരിച്ചു. സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍റെഡ്ഡി അനുശോചിച്ചു.

Eng­lish Summary:PK Bal­an passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.